'ഒരു പുഞ്ചിരിയോടെ എല്ലാ കാലത്തും ഓർമിക്കപ്പെടും'; സിദ്ദിഖിനെ ഓർത്ത് നടി കരീന കപൂർ
|മൂന്നു പതിറ്റാണ്ടിലധികമായി മലയാള ചലച്ചിത്ര മേഖലയിൽ സംവിധായകൻ, തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് എന്നീ നിലകളിൽ സജീവമായിരുന്നു സിദ്ദിഖ്.
അപ്രതീക്ഷതമായി സിനിമ ലോകത്ത് നിന്ന് സംവിധായകന്‍ സിദ്ദിഖ് വിട പറയുമ്പോള്‍ മലയാളത്തിന് നഷ്ടമാകുന്നത് ഒരു ഹിറ്റ് മേക്കറെ കൂടിയാണ്. ഇന്ത്യൻ സിനിമാ മേഖലയിൽ നിന്നുള്ള അനേകം പേരാണ് സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയത്. ഇപ്പോഴിതാ സിദ്ദിഖിനെ അനുസ്മരിച്ച് ബോളിവുഡ് താരം കരീന കപൂർ. നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട സിനിമയാണ് സിദ്ദിഖ് സംവിധാനം ചെയ്ത മലയാള ചിത്രം ബോഡിഗാർഡ്. ഇതിന്റെ ഹിന്ദി റിമേക്കിലാണ് കരീന നായികയായി എത്തിയത്. 'ഒരു പുഞ്ചിരിയോടെ എല്ലാ കാലത്തും ഓർമിക്കപ്പെടും' എന്ന കുറിപ്പ് പങ്കുവെച്ചു കൊണ്ടാണ് കൊണ്ടാണ് കരീന സിദ്ദിഖിനെ ഓർത്തത്. ഇൻസ്റ്റാഗ്രാമിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം.
സിദ്ദിഖ് തന്നെ തമിഴ്, ഹിന്ദി ഭാഷകളിലേക്ക് ബോഡിഗാർഡ് റീമേക്ക് ചെയ്തപ്പോൾ മലയാളത്തിലേക്കാളും വലിയ ഹിറ്റായി ഈ ചിത്രം മാറി. ഹിന്ദിയിൽ കരീന കപൂറും സൽമാൻ ഖാനുമായിരുന്നു സിനിമയിലെ നായികാ നായകൻമാർ. മലയാളത്തിൽ ദീലിപ്, നയൻതാരയും. തമിഴിൽ വിജയ്, അസിനുമായിരുന്നു. തമിഴിൽ കാവലൻ എന്ന പേരിൽ ചിത്രം എത്തിയപ്പോൾ മലയാളത്തിലും ഹിന്ദിയിലും ബോഡിഗാർഡ് എന്നു തന്നെയായിരുന്നു സിനിമ.
സിദ്ദിഖിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു. 'ഏറ്റവും സൗമ്യമായ വ്യക്തി. പ്രതിഭാധനനായ ഒരു സംവിധായകന്‍/ എഴുത്തുകാരന്‍. ഏറ്റവും മികച്ച ചില സിനിമകള്‍ അദ്ദേഹം നമുക്ക് നല്‍കി. ഒരിക്കലും നികത്താനാവാത്ത നഷ്ടമാണ്. സിദ്ദിഖ് സാറിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും പ്രാര്‍ത്ഥന' എന്നാണ് ദുൽഖർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
റാംജിറാവു സ്പീക്കിങ്ങ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല തുടങ്ങിയ സിദ്ദിഖ് - ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളൊക്കെയും വന്‍ ഹിറ്റായിരുന്നു. ഹിറ്റ്ലർ, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ച്‌ലർ, ഭാസ്ക്കർ ദ റാസ്ക്കൽ, ഫുക്രി, ബിഗ് ബ്രദർ, എങ്കള്‍ അണ്ണ (തമിഴ്), സാധു മിറാന്‍ഡ (തമിഴ്), ബോഡിഗാർഡ് തുടങ്ങിയ സിനിമകള്‍ സിദ്ദിഖ് തനിച്ച് സംവിധാനം ചെയ്തു. ആകെ 29 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ബിഗ് ബ്രദറായിരുന്നു അവസാന ചിത്രം.
കരൾ രോഗബാധയെ തുടർന്ന് ഒരു മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായി. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് മരണം സംഭവിച്ചത്. 63 വയസ്സായിരുന്നു. മൂന്നു പതിറ്റാണ്ടിലധികമായി മലയാള ചലച്ചിത്ര മേഖലയിൽ സംവിധായകൻ, തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് എന്നീ നിലകളിൽ സജീവമായിരുന്നു സിദ്ദിഖ്.