ബോളിവുഡിലെ ബഹിഷ്‌ക്കരണ കാംപയിൻ തമാശയായി മാറി: താപ്‌സി പന്നു
|ബഹിഷ്‌ക്കരണ ആഹ്വാനങ്ങൾ പ്രേക്ഷകരുടെ ബുദ്ധിയെ വിലകുറച്ചു കാണലാണെന്ന് താപ്സി
കൊൽക്കത്ത: ബോളിവുഡിലെ സിനിമാ ബഹിഷ്‌ക്കരണ കാംപയിനുകൾ തമാശയായി മാറിയെന്ന് നടി താപ്‌സി പന്നു. സോഷ്യൽ മീഡിയയിലെ പുതിയ ട്രെൻഡുകൾ തന്നെ ബാധിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. ആമിർ ഖാൻ ചിത്രം 'ലാൽ സിങ് ഛദ്ദ'യ്‌ക്കെതിരെ സംഘ്പരിവാർ അനുകൂലികളുടെ നേതൃത്വത്തിൽ നടക്കുന്ന ബഹിഷ്‌ക്കരണ കാംപയിനിനിടെയാണ് താപ്‌സിയുടെ അഭിപ്രായപ്രകടനം.
''ബഹിഷ്‌ക്കരണ ആഹ്വാനവും ട്രോളുകളും ദിവസവും നടക്കുകയാണെങ്കിൽ ഇതൊന്നും ആരെയും ബാധിക്കാതെയാകും. അത് വെറുംപണിയാകും. സിനിമാരംഗത്തെ മറ്റുള്ളവരുടെ സ്ഥിതി എന്താണെന്ന് അറിയില്ല. എന്നാൽ, എനിക്കും അനുരാഗിനും(അനുരാഗ് കശ്യപ്) അതൊരു തമാശയായി മാറിയിട്ടുണ്ട്.''-താപ്‌സി പറഞ്ഞു.
പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാൽ അവർ പടം കാണാൻ പോകും. ഇഷ്ടപ്പെട്ടില്ലെങ്കിൽ പോകുകയുമില്ല. എന്നാൽ, ബഹിഷ്‌ക്കരണ ആഹ്വാനങ്ങൾ പ്രേക്ഷകരുടെ ബുദ്ധിയെ വിലകുറച്ചു കാണലാണെന്നും താപ്‌സി പന്നു കൂട്ടിച്ചേർത്തു.
താപ്‌സിയുടെ പുതിയ ചിത്രം 'ദൊബാറ' ഇന്നാണ് തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിൽ പവൈൽ ഗുലാട്ടിയും രാഹുൽ ഭട്ടും വിവിധ വേഷങ്ങളിലെത്തുന്നു. ചിത്രത്തിനെതിരെയും സോഷ്യൽ മീഡിയയിൽ ബഹിഷ്‌ക്കരണ ആഹ്വാനം നടക്കുന്നുണ്ട്.
Summary: "Boycott calls for Hindi films has become a joke", says Taapsee Pannu