"ദക്ഷിണേന്ത്യൻ സിനിമകൾ കഥപറയുന്നു, ബോളിവുഡ് താരങ്ങളെ വിൽക്കുന്നു" : അനുപം ഖേർ
|'ഇതാ ഒരു മികച്ച ചിത്രം ഉണ്ടാക്കി ഞങ്ങൾ നിങ്ങൾക്ക് ഉപകാരം ചെയ്തിരിക്കുന്നു എന്ന സമീപനം ഒരിക്കലും ഗുണം ചെയ്യില്ല'
ബോളിവുഡ് സിനിമകൾക്കെതിരെ വിമർശനവുമായി അനുപം ഖേർ. ദക്ഷിണേന്ത്യൻ സിനിമകൾ കഥ പറയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ബോളിവുഡ് സിനിമകൾ താരങ്ങളിലേക്ക് ചുരുങ്ങുകയാണെന്ന് ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അനുപം ഖേർ പറഞ്ഞു.
"ദക്ഷിണേന്ത്യൻ സിനിമകൾ ഹിന്ദി സിനിമകളേക്കാൾ ഏറെ പ്രസക്തമാണ്. കാരണമെന്തെന്നാൽ ദക്ഷിണേന്ത്യൻ സിനിമകൾ കഥ പറയാനാണ് ശ്രമിക്കുന്നത്. അവർ ഹോളിവുഡ് സിനിമകളെ അനുകരിക്കുന്നില്ല. എന്നാൽ ബോളിവുഡിന് താരങ്ങളെ വിൽക്കുന്നതിലാണ് താല്പര്യം. നമ്മൾ ഉപഭോക്താക്കൾക്ക് വേണ്ടിയാണ് സിനിമകൾ നിർമിക്കുന്നത്. ഉപഭോക്താക്കളെ വില കുറച്ച് കാണാൻ തുടങ്ങിയാൽ അത് വലിയ പരാജയമായിരിക്കും. ഇതാ ഒരു മികച്ച ചിത്രം ഉണ്ടാക്കി ഞങ്ങൾ നിങ്ങൾക്ക് ഉപകാരം ചെയ്തിരിക്കുന്നു എന്ന സമീപനം ഒരിക്കലും ഗുണം ചെയ്യില്ല. ഇത് ഞാൻ മനസ്സിലാക്കിയത് തെലുങ്ക്,തമിഴ് ചിത്രങ്ങളിലൂടെയാണ്. ഇനിയൊരു മലയാള ചിത്രം ചെയ്യാനും ഉദ്ദേശമുണ്ട്. അനുപം ഖേർ പറഞ്ഞു.
കാർത്തികേയ 2 ആണ് അനുപം ഖേറിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. അടിയന്തരാവസ്ഥ പ്രമേയമാക്കിയുള്ള കങ്കണ റണൗട്ട് ചിത്രം എമർജൻസിയിൽ അനുപം ഖേർ ജയപ്രകാശ് നാരായണനായി വേഷമിടും.