ബോക്സ് ഓഫീസ് 'പൊതപ്പിച്ചു'; രോമാഞ്ചം ഇതുവരെ നേടിയത് 64 കോടി
|കേരളത്തിലെ തിയറ്ററുകളില്‍ നിന്നും മാത്രം 39.35 കോടി രോമാഞ്ചം സ്വന്തമാക്കി
കേരളത്തിലെ തിയറ്ററുകളില്‍ തരംഗം സൃഷ്ടിച്ച രോമാഞ്ചം ഇതുവരെ നേടിയത് 64 കോടിയെന്ന് റിപ്പോര്‍ട്ടുകള്‍. റിലീസ് ചെയ്ത് 38 ദിവസം പിന്നിടുമ്പോഴാണ് ചിത്രം ഇത്രയും വലിയ തുക കലക്ട് ചെയ്തത്. കേരളത്തിലെ തിയറ്ററുകളില്‍ നിന്നും മാത്രം 39.35 കോടി രോമാഞ്ചം സ്വന്തമാക്കി. കേരളമൊഴികെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 3.8 കോടിയും ചിത്രം സ്വന്തമാക്കി. രോമാഞ്ചത്തിന്‍റെ ഓവര്‍ സീസ് കലക്ഷന്‍ 22 കോടിയാണ്.
അതേസമയം പുതിയ ചിത്രങ്ങളുടെ റിലീസ് രോമാഞ്ചത്തിന്‍റെ കലക്ഷനെ ഒട്ടും തന്നെ ബാധിച്ചിട്ടില്ല. നവാഗതനായ ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത ചിത്രം ഹൊറർ കോമഡി ത്രില്ലറാണ്. 2007ല്‍ ബെംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.
ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ് ആണ് നിര്‍മ്മാണം. അന്നം ജോണ്‍പോള്‍, സുഷിന്‍ ശ്യാം എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്‌സല്‍ പി.എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, ദീപിക ദാസ്, അസിം ജമാല്‍, ആദിത്യ ഭാസ്‌കര്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുഷിൻ ശ്യാമാണ് സംഗീതം