Entertainment
BhagavadGita
Entertainment

'ലൈംഗികബന്ധത്തിനിടെ ഗീത വായന'; 'ഓപൺഹെയ്മറി'നെതിരെ വിമര്‍ശനം, ബഹിഷ്‌ക്കരണാഹ്വാനം

Web Desk
|
24 July 2023 6:31 AM GMT

'ഒരു കൈയിൽ ഗീത പിടിക്കുകയും മറുകൈ കൊണ്ട് ജനനേന്ദ്രിയത്തിന്റെ സ്ഥാനം ശരിയാക്കുകയും ചെയ്യുകയാണ് നടി. ഹിന്ദുസമൂഹത്തിനുനേരെയുള്ള യുദ്ധവും ഹിന്ദുവിരുദ്ധ ശക്തികളുടെ വൻഗൂഢാലോചനയുടെ ഭാഗവുമാണിത്'

ന്യൂഡല്‍ഹി: ഹോളിവുഡ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ക്രിസ്റ്റഫൻ നോളൻ ചിത്രം 'ഓപൺഹെയ്മർ' തിയറ്ററിൽ വൻ തരംഗമാകുകയാണ്. ഇന്ത്യൻ ബോക്‌സ്ഓഫിസിലും റെക്കോർഡുകൾ ഭേദിച്ചാണ് ചിത്രം മുന്നേറുന്നത്. ആദ്യ രണ്ടു ദിവസം മാത്രം ഇന്ത്യയിൽനിന്ന് 31 കോടി രൂപയുടെ കലക്ഷനുണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ചിത്രത്തിനെതിരെ ഇന്ത്യയിൽ വലിയ തോതിൽ പ്രതിഷേധവും ബഹിഷ്‌ക്കരണ ആഹ്വാനവും ഉയരുന്നുണ്ട്.

മുഖ്യവേഷത്തിലെത്തുന്ന സിലിയൻ മർഫിയും ഫ്‌ളോറൻസ് പഗും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിൽ ഭഗവത് ഗീത വായിക്കുന്നതാണ് വിവാദങ്ങൾക്കു കാരണം. ഇന്ത്യൻ സംസ്‌കാരത്തെയും ഹിന്ദു മതത്തെയും അപകീർത്തിപ്പെടുത്തുന്നതാണ് ഇതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം. കേന്ദ്ര ഇൻഫർമേഷൻ കമ്മിഷണറും 'സേവ് കൾച്ചർ, സേവ് ഇന്ത്യ ഫൗണ്ടേഷൻ' സ്ഥാപകനുമായ ഉദയ് മഹൂർക്കർ ക്രിസ്റ്റഫർ നോളന് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തും അയച്ചിട്ടുണ്ട്.

'ഹിന്ദു മതത്തെ രൂക്ഷമായി ആക്രമിക്കുന്ന ഒരു രംഗം ചിത്രത്തിലുള്ളത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിൽ ലൈംഗികബന്ധം നടക്കുന്നതിനിടെ ഭഗവത് ഗീത വായിക്കുന്ന ഒരു രംഗമുണ്ട്. ഒരു കൈയിൽ ഗീത പിടിക്കുകയും മറുകൈ കൊണ്ട് ജനനേന്ദ്രിയത്തിന്റെ സ്ഥാനം ശരിയാക്കുകയും ചെയ്യുകയാണ് നടി. ഹിന്ദുമതത്തിൽ ഏറ്റവും ആദരിക്കപ്പെടുന്ന വേദങ്ങളിലൊന്നാണ് ഭഗവത് ഗീത. എണ്ണമറ്റ സന്യാസിമാരുടെയും ബ്രഹ്മചാരിമാരുടെയും ഇതിഹാസങ്ങളുടെയെല്ലാം പ്രചോദനം കൂടിയാണ് ഗീത. ആത്മനിയന്ത്രണത്തോടെ ജീവിക്കുകയും സ്വാർത്ഥരഹിതമായ വിശുദ്ധകർമങ്ങൾ ചെയ്യുകയും ചെയ്തവരാണ് അവരെല്ലാം'-കത്തിൽ ഉദയ് ചൂണ്ടിക്കാട്ടി.

ഒരു ശാസ്ത്രജ്ഞന്റെ ജീവിതത്തെക്കുറിച്ചുള്ള (ചിത്രത്തിൽ) ഇത്തരമൊരു അനാവശ്യ രംഗത്തിനു പിന്നിലുള്ള താൽപര്യം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദശലക്ഷക്കണക്കിനു വരുന്ന സഹിഷ്ണുക്കളായ ഹിന്ദുക്കളുടെ വിശ്വാസത്തിനെതിരെയുള്ള നേരിട്ടുള്ള ആക്രമണമാണിത്. ഹിന്ദുസമൂഹത്തിനുനേരെയുള്ള യുദ്ധം കൂടിയാണിത്. ഹിന്ദുവിരുദ്ധ ശക്തികളുടെ വൻഗൂഢാലോചനയുടെ ഭാഗമാണെന്നും ഉദയ് മഹൂർക്കർ ആരോപിച്ചു.

''ധ്രുവീകരിക്കപ്പെട്ടൊരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. സാധാരണക്കാരായ മുസ്‌ലിമിന്റെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള രീതിയിൽ ഖുർആനെയും ഇസ്‌ലാമിനെയും ചിത്രീകരിക്കാതിരിക്കുന്ന കാര്യത്തിൽ ബദ്ധശ്രദ്ധരാണ് ഏജൻസികളും മാധ്യമങ്ങളും രാഷ്ട്രീയവും; എന്തിനേറെ, നിങ്ങളുടെ ഹോളിവുഡ് ഇൻഡസ്ട്രി അടക്കം. ഇസ്‌ലാമിസ്റ്റ് ഭീകരവാദത്തെക്കുറിച്ച് നിങ്ങൾ ഒരു ചിത്രമെടുക്കുമ്പോൾ പോലും ഇതു കാണാം. ഈ സീമ ലംഘിക്കുന്നവരെക്കുറിച്ചു പറയുന്ന ഇപ്പോൾ ജനപ്രിയമായി മാറിയ ഒരു പദപ്രയോഗം തന്നെയുണ്ട്; ഇസ്‌ലാമോഫോബിയ.''

ഇതേ നിലപാട് എന്തുകൊണ്ട് ഹിന്ദുക്കളോടുമില്ലെന്ന് ഉദയ് ചോദിക്കുന്നു. ഇന്ത്യയിൽ താങ്കളുടെ സിനിമകൾക്ക് വലിയൊരു ആരാധകവൃന്ദമുണ്ടെന്നും പറയപ്പെട്ട രംഗം ഒഴിവാക്കി ഹിന്ദുക്കളുടെ മനസ്സുപിടിച്ചുപറ്റാനായാൽ താങ്കളുടെ വിശ്വാസ്യത കൂടിയാണ് ഉറപ്പിക്കപ്പെടുകയെന്നും അതുവഴി കൂടുതൽ സൗഹൃദങ്ങളെ താങ്കൾക്കു ലഭിക്കുമെന്നും കത്തിൽ സൂചിപ്പിച്ചു. ഈ ആവശ്യം അവഗണിക്കാനാണ് തീരുമാനമെങ്കിൽ ഇന്ത്യൻ നാഗരികതയ്ക്കുമേലുള്ള ബോധപൂർവമുള്ള കടന്നാക്രമണമായാകും അതു ഗണിക്കപ്പെടുകയെന്നു മുന്നറിയിപ്പുമുണ്ട് കത്തിൽ.

ചിത്രം ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വൻ കാംപയിനും ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. BoycottOppenheimer, RespectHinduCulture തുടങ്ങിയ ഹാഷ്ടാഗിലാണ് ചിത്രത്തിനെതിരെ കാംപയിൻ നടക്കുന്നത്. ഹിന്ദുസംസ്‌കാരത്തെ അപമാനിക്കുന്ന ചിത്രത്തിന് എങ്ങനെ കേന്ദ്ര സെൻസർ ബോർഡ് തിയറ്ററിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകിയെന്നും ഒരു വിഭാഗം ചോദിക്കുന്നു.

അണുബോംബിന്റെ നിർമാതാവായി അറിയപ്പെടുന്ന ജെ. റോബർട്ട് ഓപൺഹെയ്മറിന്റെ ജീവിതം ആസ്പദമാക്കിയാണ് നോളന്റെ ചിത്രം. ഓപൺഹെയ്മർ സംസ്‌കൃതം പഠിക്കുകയും ഭഗവത് ഗീത വായിക്കുകയും അതിൽനിന്നു സ്വാധീനം ഉൾക്കൊള്ളുകയും ചെയ്തതായി ചരിത്രരേഖകളുണ്ട്. ഇതിലേക്കുള്ള സൂചനയായാണ് ചിത്രത്തിൽ ഗീതയും വരുന്നതെന്നാണ് വിശദീകരണം.

അതേസമയം, വൻ പ്രേക്ഷകപിന്തുണയാണ് ചിത്രത്തിന് ഇന്ത്യയിൽ ലഭിക്കുന്നത്. വെറും രണ്ടു ദിവസം കൊണ്ട് ഇന്ത്യൻ ബോക്‌സ്ഓഫിസിൽനിന്ന് 30 കോടിയാണ് ചിത്രം വാരിയത്. ആദ്യം ദിവസം തന്നെ 13.50 കോടിയായിരുന്നു ചിത്രത്തിന്റെ കലക്ഷൻ. റോബർട്ട് ഡൗണി ജൂനിയർ, എമിലി ബ്ലന്റ്, മാറ്റ് ഡാമൻ, റാമി മാലിക് തുടങ്ങിയവരും ചിത്രത്തിൽ വിവിധ വേഷങ്ങളിലെത്തുന്നുണ്ട്.

Summary: Bhagavad Gita reference in ‘Oppenheimer’ sex scene sparks outrage alleging as direct assault on Hindu beliefs

Similar Posts