'അനുരാഗ് കശ്യപിന്‍റെയും തപ്സിയുടെയും ആഗ്രഹം നിറവേറ്റാം': ദൊബാര ബഹിഷ്കരിക്കാന്‍ ആഹ്വാനം
|അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് തപ്സി പന്നു മുഖ്യ വേഷത്തിലെത്തിയ ദൊബാരയ്ക്കെതിരെയാണ് ഏറ്റവും ഒടുവിലത്തെ ക്യാമ്പെയിന്‍.
ബോളിവുഡ് സിനിമകള്‍ ബഹിഷ്കരിക്കാനുള്ള ആഹ്വാനം ഇക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ പതിവായിരിക്കുകയാണ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് തപ്സി പന്നു മുഖ്യ വേഷത്തിലെത്തിയ ദൊബാരയ്ക്കെതിരെയാണ് ഏറ്റവും ഒടുവിലത്തെ ക്യാമ്പെയിന്‍.
നേരത്തെ ദൊബാരയെ കുറിച്ച് സംസാരിക്കുന്നതിനിടെ ബഹിഷ്‌കരണ ആഹ്വാനം നടത്തി തങ്ങളുടെ സിനിമ ട്രെൻഡ് ആക്കണമെന്ന് തപ്‌സി പന്നുവും അനുരാഗ് കശ്യപും തമാശയായി പറഞ്ഞിരുന്നു. ചിത്രം പൂർണമായും ബഹിഷ്‌കരിക്കാനും നടിയുടെയും സംവിധായകന്റെയും ആഗ്രഹം നിറവേറ്റാനുമാണ് സോഷ്യല്‍ മീഡിയയിലെ ആഹ്വാനം. സംവിധായകനെയും നായികയെയും ഒരു പാഠം പഠിപ്പിക്കണമെന്നും ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ നിസ്സാരമായി കാണരുതെന്ന് അവരെ ബോധ്യപ്പെടുത്തി കൊടുക്കണമെന്നുമാണ് ആഹ്വാനം.
"ബോയ്കോട്ട് ബോളിവുഡ് എന്നത് ട്വിറ്ററിലെ ട്രെൻഡ് മാത്രമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ തെറ്റി. താഴേത്തട്ടില്‍ പിന്തുണ ഇല്ലെങ്കിൽ ട്രെൻഡുകൾക്ക് ബഹിഷ്കരണത്തെ വിജയിപ്പിക്കാൻ കഴിയില്ല. ലാല്‍ സിങ് ഛദ്ദ, ദൊബാര തുടങ്ങിയ സിനിമകള്‍ ബഹിഷ്കരിക്കാനുള്ള ആഹ്വാനത്തെ നിങ്ങള്‍ എങ്ങനെ അതിജീവിക്കും എന്നാണ് ഒരു നെറ്റിസണിന്‍റെ ചോദ്യം.
"അവർ കടുത്ത ഹിന്ദു വിദ്വേഷികളാണ്. അനുരാഗ് കശ്യപ് അടുത്ത ലെവലാണ്. കാപട്യക്കാരിയായ തപ്‌സി പന്നുവിന് ആമുഖം ആവശ്യമില്ല"- എന്നാണ് ഒരു നെറ്റിസൺ ട്വീറ്റ് ചെയ്തത്.
ത്രില്ലർ സിനിമയായ ദോബാര ടൈം ട്രാവലറാണ്. തപ്‌സി പന്നുവിനെ കൂടാതെ രാഹുൽ ഭട്ട്, ശാശ്വത ചാറ്റർജി, വിദുഷി മെഹ്‌റ, സുകാന്ത് ഗോയൽ, നാസർ, നിധി സിംഗ്, മധുരിമ റോയ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാലാജി ടെലിഫിലിംസിന് കീഴിലുള്ള പുതിയ ഡിവിഷനായ ഏക്താ കപൂറിന്റെ കൾട്ട് മൂവീസും സുനിർ ഖേതർപാലിന്റെയും ഗൗരവ് ബോസിന്റെയും ബാനറായ അഥീനയും ചേർന്നാണ് ദോബാരാ നിർമിച്ചത്.