ബോയ്‌ക്കോട്ട് ആഹ്വാനങ്ങൾ മറികടന്ന് 'പഠാൻ'- അർധരാത്രിയിലും പ്രദർശനം
|രാജ്യത്തുടനീളം 8000 ലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന ഷാരുഖ് ഖാൻ ദ്വീപിക പദുകോൺ ചിത്രം വലിയ ആഘോഷമാക്കുകയാണ് ആരാധകർ. 'പഠാൻ' റിലീസ് ചെയ്ത് ആദ്യ ദിനം പിന്നിടുമ്പോള്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ആരാധകരുടെ ആഘോഷത്തിമിർപ്പിനിടെ ചിത്രം ഇന്നലെ അർധരാത്രി 12.30നും ഇന്ത്യയിലെ വിവിധ തിയറ്ററുകളിൽ പ്രദർശിപ്പിച്ചു. തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങുന്ന ബോളിവുഡിനെ 'പഠാൻ' കരകയറ്റുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.
രാജ്യത്തുടനീളം 8000 ലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. 100 കോടി രൂപയ്ക്ക് മുകളിലാണ് ആമസോൺ പ്രൈം പഠാന്റെ ഒ.ടി.ടി വിതരണാവകാശത്തിനായി നൽകിയത്.
പ്രേക്ഷകർക്കൊപ്പം സിനിമാ മേഖലയിലെ പ്രമുഖരും ചിത്രത്തിന് ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്. ഷാരൂഖിനൊപ്പം താൻ സ്‌ക്രീൻ പങ്കിട്ട ഒരേയൊരു ചിത്രമായ ഹേ റാമിലെ കഥാപാത്രത്തെ ഓർമ്മിച്ചുകൊണ്ടായിരുന്നു കമൽ ഹാസൻറെ ട്വീറ്റ്. വിസ്മയിപ്പിക്കുന്ന ആക്ഷനുമായെത്തിയ സ്‌റ്റൈലിഷ് എന്റർടെയ്നർ ആണ് പഠാനെന്ന് സംവിധായകൻ അറ്റ്‌ലിയും ട്വീറ്റ് ചെയ്തു
#Pathan pure stylish entertainer with awestruck actions @iamsrk sir it was treat to watch you in full on action❤️ @deepikapadukone was stunning, #johnabharam was lethal #Sid bro ur inspiring great work loved it #AdityaChopra kudos sir congratulations on the blockbuster 👌
— atlee (@Atlee_dir) January 25, 2023
പ്രഖ്യാപന സമയം മുതൽ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ഗാനത്തിൽ ദ്വീപിക പദുകോൺ ധരിച്ച ബിക്കിനിക്ക് കാവിനിറമാണെന്ന പേരിൽ സംഘപരിവാർ പ്രവർത്തകർ ബഹിഷ്‌കരണാഹ്വാനങ്ങൾ നടത്തിയെങ്കിലും അതൊന്നും പഠാനെ ബാധിച്ചില്ലെന്നാണ് ആദ്യ ദിനത്തിലെ കളക്ഷനുകൾ വ്യക്തമാക്കുന്നത്.
സിദ്ധാർഥ് ആനന്ദാണ് പഠാന്റെ സംവിധാകയകൻ. യഷ് രാജ് ഫിലിംസാണ് ചിത്രം നിർമിച്ചത്. അശുതോഷ് റാണ, ഗൗതം റോഡ്,ഡിംപിൾ കപാഡിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. സൽമാൻ ഖാനും ഋതിക് റോഷനും അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും പഠാനുണ്ട്.