കേരളത്തില്‍ ഷൂട്ടിങിന് അനുമതിയില്ല; പൃഥ്വി-മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിയുടെ ഷൂട്ടിങ് ഹൈദരാബാദിൽ തുടങ്ങി
|കോവിഡ് നിയന്ത്രണങ്ങള്‍ കാരണം കേരളത്തില്‍ സിനിമാ ഷൂട്ടിങിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് മലയാള സിനിമകളുടെ ഷൂട്ടിങ് ഇതര സംസ്ഥാനങ്ങളില്‍ തുടങ്ങിയത്.
മോഹൻലാൽ - പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡിയുടെ ഷൂട്ടിങ് ഹൈദരാബാദിൽ തുടങ്ങി. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം കേരളത്തില്‍ സിനിമാ ഷൂട്ടിങിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് മലയാള സിനിമകളുടെ ഷൂട്ടിങ് ഇതര സംസ്ഥാനങ്ങളിലേക്ക് മാറ്റിയത്.
ഏഴ് സിനിമകളുടെ ചിത്രീകരണം തമിഴ്നാട്ടിലേക്കും തെലങ്കാനയിലേക്കും മാറ്റി. ഷൂട്ടിങ് പുനരാരംഭിക്കാനുള്ള അനുമതി നൽകണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു. സീരിയലുകൾക്ക് അനുവാദം കൊടുത്തിട്ട് ആഴ്ചകളായെന്നും സിനിമക്ക് മാത്രം അനുവാദമില്ലെന്നും ഫെഫ്ക കുറ്റപ്പെടുത്തി.
ബ്രോ ഡാഡി കേരളത്തില്‍ ചിത്രീകരിക്കേണ്ട ചിത്രമായിരുന്നു. കേരളത്തില്‍ അനുമതി ലഭിക്കാത്തതിനാലാണ് ഹൈദരാബാദിലേക്ക് പോകുന്നത്. നിശ്ചിതയാളുകളെ വച്ച് ഇന്‍ഡോറില്‍ ചിത്രീകരിക്കാനെങ്കിലും അനുമതി ലഭിച്ചിരുന്നുവെങ്കില്‍ ഈ സാഹചര്യം ഉണ്ടാകുമായിരുന്നില്ല. മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുമ്പോള്‍ കേരളത്തിലെ ടെക്‌നീഷ്യന്‍മാര്‍ക്ക് ജോലി കൊടുക്കാന്‍ സാധിക്കുകയില്ല. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ കേരളത്തിലെ ചലച്ചിത്ര വ്യവസായം കടുത്ത പ്രതിസന്ധിയിലേക്ക് പോകുമെന്നും സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് ബ്രോ ഡാഡി. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മാണം. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൌബിന്‍ ഷാഹിര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ശ്രീജിത്ത്, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. സംഗീതം ദീപക് ദേവ്. എഡിറ്റിങ് അഖിലേഷ് മോഹന്‍.
തെലങ്കാന നല്ല സ്ഥലമാണെങ്കിൽ സിനിമകൾ അവിടെ ചിത്രീകരിക്കട്ടെയെന്ന് മന്ത്രി
വ്യാപാരികളോടും സിനിമക്കാരോടും സർക്കാറിന് പ്രത്യേകിച്ച് വിരോധമില്ലെന്ന് സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട പരാതികൾ ചർച്ചകളിലൂടെ പരിഹരിക്കുമെന്നും തെലങ്കാന നല്ല സ്ഥലമാണെങ്കിൽ സിനിമകൾ അവിടെ ചിത്രീകരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ എല്ലാ മേഖലയും പ്രതിസന്ധിയിലാണ്. ആളുകളെ മരണത്തിൽ നിന്ന് രക്ഷപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യം. ടി.പി.ആർ കുറയുന്നതനുസരിച്ചാകും ഇളവുകള്‍ സംബന്ധിച്ച തീരുമാനമെന്നും മന്ത്രി പറഞ്ഞു.