Entertainment
മണിക്കൂറുകൾക്കുള്ളിൽ പാട്ടുകാരനെ മാറ്റി പുതിയ പതിപ്പിറക്കാൻ സാധിക്കുമോ?; ഡാബ്സിയെ മാറ്റിയതിൽ സംശയങ്ങളുന്നയിച്ച് നെറ്റിസൻസ്
Entertainment

'മണിക്കൂറുകൾക്കുള്ളിൽ പാട്ടുകാരനെ മാറ്റി പുതിയ പതിപ്പിറക്കാൻ സാധിക്കുമോ?; ഡാബ്സിയെ മാറ്റിയതിൽ സംശയങ്ങളുന്നയിച്ച് നെറ്റിസൻസ്

Web Desk
|
25 Nov 2024 6:55 AM GMT

24 മണിക്കൂറിനുള്ളിലാണ് ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ ​ഗാനത്തിൻ്റെ പുതിയ പതിപ്പ് പുറത്തിറക്കിയത്

എറണാകുളം: സിനിമകൾക്കും, സിനിമാ​ഗാനങ്ങൾക്കുമെല്ലാം വിമർശനങ്ങളും നെ​ഗറ്റീവ് കമൻ്റുകളും ലഭിക്കുന്നത് സാധാരണമാണ്. പുതുമുഖങ്ങൾ മുതൽ സൂപ്പർതാരങ്ങൾക്കുവരെ ഇത് ബാധകമാണ്. അവയെല്ലാം തൊട്ടടുത്ത ചിത്രത്തിൽ പരിഹരിക്കുന്ന പതിവാണ് സാധാരണയായി കാണാറുള്ളത്. എന്നാൽ വിമർശനം കണക്കിലെടുത്ത് മണിക്കൂറുകൾക്കുള്ളിൽ അതിനു പരിഹാരം കണ്ട അത്യപൂർവ കാഴ്ചക്കാണ് മോളിവുഡ് കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷ്യം വഹിച്ചത്.

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ അണിയറപ്രവർത്തകരാണ് നെ​ഗറ്റീവ് കമൻ്റുകൾക്ക് ഉടൻ പരിഹാരവുമായെത്തിയത്. ഡാബ്സി പാടിയ ചിത്രത്തിലെ ബ്ലഡ് എന്ന ​ഗാനത്തിന് നിരവധി നെ​ഗറ്റീവ് കമൻ്റുകളാണ് നേരിടേണ്ടി വന്നത്. ഇതോടെ ​ഗാനത്തിൻ്റെ മറ്റൊരു പതിപ്പാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. കെജിഎഫ് ഫെയിം സന്തോഷ് വെങ്കിയായിരുന്നു ആ ​പതിപ്പ് ആലപിച്ചത്.

സന്തോഷ് വെങ്കിയുടെ പതിപ്പിനെ പ്രശംസിച്ച് ഒട്ടേറെ പേരാണ് സമൂഹമാധ്യമങ്ങളിൽ എത്തുന്നത്. ഡാബ്സിയുടെ വോക്കലിനേക്കാൾ ​ഗംഭീരമെന്നാണ് യൂട്യൂബ് കമൻ്റുകളിൽ ഭൂരിഭാ​ഗവും. ശബ്​ദം മാറിയപ്പോൾ ​ഗാനം അടിപൊളിയായെന്നും കമൻ്റുകളുണ്ട്. ഡാബ്സിക്ക് പിന്തുണയുമായും കമൻ്റുകളുണ്ട്. രണ്ട് ​പതിപ്പും തമ്മിൽ വലിയ വ്യത്യാസങ്ങളൊന്നുമില്ലെന്ന അഭിപ്രായമുള്ളവരുമുണ്ട്.

എന്നാൽ മറ്റൊരു വിഭാ​ഗത്തിൻ്റെ സംശയം ഇതൊന്നുമല്ല. 24 മണിക്കൂറിനുള്ളിലാണ് ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ ​ഗാനത്തിൻ്റെ പുതിയ പതിപ്പ് പുറത്തിറക്കിയത്. ഇതെങ്ങനെ സാധ്യമാകുമെന്നാണ് കമൻ്റിലൂടെ പ്രേക്ഷകർ ഉന്നയിക്കുന്ന ചോദ്യം. ചുരുങ്ങിയ സമയത്തിൽ ഡാബ്സി പാടിയ പാട്ട് കന്നഡ ഇൻഡസ്ട്രിയിലെ സന്തോഷ് വെങ്കിയെക്കൊണ്ട് പാടിക്കാൻ സാധിക്കുമോ എന്നതാണ് നെറ്റിസൻസിൻ്റെ ആശങ്ക. ചിത്രത്തിൻ്റ പ്രമോഷൻ്റെ ഭാ​ഗമാണിതെന്ന തരത്തിലാണ് പലരും സംഭവത്തെ വിലയിരുത്തുന്നത്. അതേസമയം, രണ്ട് പതിപ്പുകളും യൂട്യൂബിൽ ട്രെൻഡിങ്ങിലാണ്. സന്തോഷ് വെങ്കി വേർഷൻ ഒന്നും, ഡാബ്സി വേർഷൻ രണ്ടും സ്ഥാനങ്ങളിലാണ് നിലവിൽ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിലുള്ളത്.

Similar Posts