സംഗീതജ്ഞയും ഗായികയുമായ ബോംബൈ ജയശ്രീ ആശുപത്രിയിൽ
|മസ്തിഷ്‌കാഘാതത്തെ തുടർന്നാണ് ജയശ്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ലണ്ടൻ: പ്രശസ്ത കർണാടക സംഗീതജ്ഞയും ഗായികയുമായ ബോംബൈ ജയശ്രീ ആശുപത്രിയിൽ. മസ്തിഷ്‌കാഘാതത്തെ തുടർന്നാണ് ജയശ്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇംഗ്ലണ്ടിലെ ലിവർപൂളിൽ സംഗീതകച്ചേരികൾക്കായി എത്തിയതായിരുന്നു ഇവർ. ഇതിനിടെയാണ് ജയശ്രീക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
കൃത്യസമയത്ത് ചികിത്സ ലഭിച്ചെന്നും ഗായികയെ കീഹോൾ സർജറിക്ക് വിധേയയാക്കിയെന്നും നിലവിലെ ആരോഗ്യനില തൃപ്തികരമാണെന്നും കുടുംബം അറിയിച്ചതായി 'ദ ഹിന്ദു' റിപ്പോർട്ട് ചെയ്തു. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾ തള്ളിക്കളയണമെന്നും കുടുംബം പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം ലിവർപൂൾ യൂണിവേഴ്സിറ്റിയിലെ യോക്കോ ഒനോ ലെനൺ സെന്ററിലെ ടംഗ് ഓഡിറ്റോറിയത്തിൽ ബോംബെ ജയശ്രീയുടെ കച്ചേരി നടത്താൻ തീരുമാനിച്ചിരുന്നു.
ജയശ്രീക്ക് 2023ലെ മ്യൂസിക്ക് അക്കാദമിയുടെ കലാനിധി പുരസ്‌കാരം ലഭിച്ചിരുന്നു. കർണാടക സംഗീതത്തിന് പുറമെ ശാസ്ത്രീയ നൃത്തം, ഹിന്ദുസ്ഥാനി സംഗീതം എന്നിവയും അഭ്യസിച്ചിട്ടുണ്ട്. ഗായിക എന്നതിലുപരി സംഗീത സംവിധായിക, അധ്യാപിക തുടങ്ങിയ നിലകളിലും ജയശ്രീ പ്രശസ്തയാണ്. മലയാളം, തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളിലായി നിരവധി ചലച്ചിത്രഗാനങ്ങളും ആലപിച്ചിട്ടുണ്ട്.
2021-ൽ പത്മശ്രീ, സംഗീത ചൂഡാമണി [2005] , കലൈമാമണി [2007], സംഗീത കലാസാരഥി [ 2007] എന്നീ ബഹുമതികളും നൽകി രാജ്യം ജയശ്രീയെ ആദരിച്ചിരുന്നു.