മതവികാരം വ്രണപ്പെടുത്തി; 'ക്യാരി ഓൺ ജട്ട 3'ക്കെതിരെ പരാതി
|ശിവസേന ഹിന്ദ് യൂത്ത് കമ്മിറ്റി പ്രസിഡന്റ് ഇഷാന്ത് ശർമ്മയും പഞ്ചാബ് ശിവസേന (തക്സാലി) ചെയർമാൻ സുനിൽ കുമാർ ബണ്ടിയും ജലന്ധർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
മുംബെെ: ക്യാരി ഓണ് ജട്ട 3 എന്ന സിനിമയുടെ സംവിധായകൻ അഭിനേതാക്കൾ എന്നിവർക്കെതിരെ പരാതി. ശിവസേന ഹിന്ദ് യൂത്ത് കമ്മിറ്റി പ്രസിഡന്റ് ഇഷാന്ത് ശർമ്മയും പഞ്ചാബ് ശിവസേന (തക്സാലി) ചെയർമാൻ സുനിൽ കുമാർ ബണ്ടിയും ജലന്ധർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ അപകീർത്തികരമായ ഉള്ളടക്കം സൃഷ്ടിച്ചുവെന്നാരോപിച്ചാണ് പരാതി.
"ശിവസേന ഹിന്ദ് എന്ന സംഘടനയ്ക്ക് വേണ്ടിയാണ് ഞങ്ങൾ പരാതി നൽകിയത്. 'ക്യാരി ഓൺ ജട്ട 3' എന്ന സിനിമയിൽ ഹോമം ചെയ്യുന്ന ഒരു ബ്രാഹ്മണനെ അപമാനിക്കുന്ന തരത്തിലുളള രംഗങ്ങൾ കാണിക്കുന്നു. ഹിന്ദു മതത്തിൽ എന്തെങ്കിലും ആചാരം ചെയ്യണമെങ്കിൽ ആദ്യം ഹോമം നടത്താറുണ്ട്. ജിപ്പി ഗ്രെവാൾ, ബിനു ധില്ലൻ, ഗുർപ്രീത് ഗുഗ്ഗി എന്നിവർ ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തെ തകർത്തു കൊണ്ട് ഹോമ കുണ്ഡത്തിൽ വെള്ളമൊഴിച്ചു." - സുനിൽ കുമാർ ബണ്ടി എഎൻഐയോട് പ്രതികരിച്ചു.
"മതവികാരം വ്രണപ്പെടുത്തിയതിന് സെക്ഷൻ 295 ചുമത്തണം. പഞ്ചാബിലെ അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാൽ സെക്ഷൻ 153 ചുമത്തണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു." അദ്ദേഹം കൂട്ടി ചേർത്തു.
ഹിന്ദു മതത്തെ ലക്ഷ്യമിട്ട് ടിആർപി കൂട്ടാനുള്ള കേവല ശ്രമമാണിതെന്നും ബണ്ടി പറഞ്ഞു. “ഇത് മറ്റൊരു ജാതിക്ക് സംഭവിച്ചിരുന്നെങ്കിൽ അവർ തിയേറ്റർ നശിപ്പിക്കുകയോ തീയിടുകയോ ചെയ്യുമായിരുന്നു. ഹിന്ദുമതം വളരെ മൃദുവായ മതമാണ്. അതുകൊണ്ടാണ് ഞങ്ങൾ ആദ്യം നിയമ വഴിയിലേക്ക് പോയത്. 24 മണിക്കൂറിനുള്ളിൽ പ്രതികരിച്ചില്ലെങ്കിൽ സംവിധായകൻ കാംഗിന്റെയും ഗുർപ്രീത് ഗുഗ്ഗിയുടെയും വീടുകൾക്ക് പുറത്ത് പ്രതിഷേധിക്കും"- സുനിൽ കുമാർ ബണ്ടി പറഞ്ഞു.
"ആളുകൾ ഈ രംഗം അയച്ചു തന്നതിനു ശേഷമാണ് ഞങ്ങൾ സിനിമ കാണുന്നത്. രംഗം ഏറെ വേദനിപ്പിച്ചത് കൊണ്ടാണ് പരാതിപ്പെട്ടത്. ഇത് അനുചിതമായ ഉള്ളടക്കമാണെന്ന് അവർ വിശ്വസിക്കുന്നുവെങ്കിൽ ആ രംഗം സ്വഭാവികമായി ഇല്ലാതാവും."- ഇഷാന്ത് ശർമ്മ പറഞ്ഞു.
സ്മീപ് കാംഗ് സംവിധാനം ചെയ്ത് ജൂൺ 29 ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിൽ നായകന് ജിപ്പി ഗ്രൂവല് ആണ്. സോനം ബജ്വയാണ് നായിക. ഗുർപ്രീത് ഗുഗ്ഗി, കവിതാ കൗശിക്, ബിനു ധില്ലൻ, നാസിർ ചിന്യോതി, ജസ്വീന്ദർ ഭല്ല, ബി.എൻ. ശർമ്മ, കരംജിത് അൻമോൾ എന്നിവർ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.