അയ്യര് പ്ലാൻ മാറ്റുമോ?; സിബിഐ 5 ദ ബ്രയിൻ ടീസർ കാത്ത് ആരാധകർ
|ആശാ ശരത്താണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക.
സേതുരാമയ്യരുടെ അഞ്ചാം വരവിൽ എന്തെല്ലാമായിരിക്കും സസ്പെൻസുകൾ? ചിത്രത്തിന്റെ ടീസർ ഇന്ന് വൈകിട്ട് പുറത്തിറങ്ങുമ്പോൾ ആകാംക്ഷയിലാണ് ആരാധകർ. സിബിഐ സീരീസിലെ ഏറ്റവും പുതിയ സിനിമ സിബിഐ 5 ദ ബ്രയിനിന്റെ ടീസറാണ് ഇന്ന് പുറത്തുവിടുന്നത്.
പിറകിൽ കൈ കെട്ടി നിൽക്കുന്ന മമ്മൂട്ടിയുടെ ട്രേഡ് മാർക്ക് ചിത്രം പങ്കുവച്ചാണ് ടീസർ വാർത്ത അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. സീരീസിലെ ആദ്യ ചിത്രമിറങ്ങി മുപ്പതു വർഷത്തിന് ശേഷമാണ് സിനിമ പുറത്തുവരുന്നത്. എസ്.എൻ. സ്വാമി രചിച്ച് കെ. മധു സംവിധാനം ചെയ്ത 'ഒരു സിബിഐ ഡയറിക്കുറിപ്പ്' റിലീസ് ചെയ്തത് 1988 ലായിരുന്നു. ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിവയാണ് ആദ്യചിത്രത്തിന്റെ തുടർച്ചയായി എത്തിയത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളായിരുന്നു ഓരോ ചിത്രവും.
ആശാ ശരത്താണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക. മുകേഷ്, രൺജി പണിക്കർ, സായ് കുമാർ, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പം ഒട്ടേറെ താരങ്ങൾ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സ്വർഗചിത്രയാണ് നിർമ്മാണം. അഖിൽ ജോർജ് ആണ് ക്യാമറ. ശ്രീകർ പ്രസാദ് എഡിറ്റിംഗും ജേക്സ് ബിജോയ് മ്യൂസിക്കും നിർവഹിക്കും.