ശ്രീദേവിയുടെ മരണത്തിൽ മോദിയുടെയും രാജ്‌നാഥ് സിങ്ങിന്റെയും പേരില്‍ 'വ്യാജക്കത്ത്'; യൂട്യൂബർക്കെതിരെ സി.ബി.ഐ കുറ്റപത്രം
|ശ്രീദേവിയുടെ മരണത്തിനു പിന്നിൽ മോദി സർക്കാരാണെന്നാണ് യൂട്യൂബർ ആരോപിച്ചിരുന്നത്
ന്യൂഡൽഹി: ചലച്ചിത്ര താരം ശ്രീദേവിയുടെ മരണത്തിൽ വ്യാജരേഖ ചമച്ചുണ്ടാക്കിയെന്ന കേസിൽ യൂട്യൂബർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സി.ബി.ഐ. ഭുവനേശ്വർ സ്വദേശിയായ ദീപ്തി ആർ. പിന്നിതിക്കെതിരെയാണു നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉൾപ്പെടെയുള്ള പ്രമുഖരുടെ പേരിൽ നിർണായക വെളിപ്പെടുത്തലെന്ന പേരിൽ രേഖകൾ ചമച്ചുണ്ടാക്കിയതെന്നാണ് കേസ്.
കഴിഞ്ഞ വർഷമാണ് ദീപ്തിക്കും അവരുടെ അഭിഭാഷകൻ ഭരത് സുരേഷ് കാമത്തിനുമെതിരെ സി.ബി.ഐ കേസെടുത്ത് അന്വേഷണമാരംഭിച്ചത്. മുംബൈ സ്വദേശിയായ അഭിഭാഷക ചാന്ദ്‌നി ഷായാണ് ഇവർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. പിന്നാലെ, സംഭവം അന്വേഷിക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസ് സി.ബി.ഐയെ ചുമതലപ്പെടുത്തുകയായിരുന്നു.
'ലാബ്രിന്ത്' എന്ന യൂട്യൂബ് ചാനൽ ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെയായിരുന്നു ശ്രീദേവിയുടെ മരണത്തിൽ ദീപ്തി പുതിയ വെളിപ്പെടുത്തലെന്ന പേരിൽ നിരവധി ആരോപണങ്ങളും കണ്ടെത്തലുകളും അവതരിപ്പിച്ചത്. മരണത്തിൽ രണ്ടു സർക്കാരുകൾ ഒളിച്ചുകളിക്കുകയാണെന്ന് ഇവർ ആരോപിച്ചിരുന്നു. ജാപ്പനീസ് പാമ്പായ മാമുഷിയുടെ വിഷയം കഴിച്ചായിരുന്നു നടിയുടെ മരണമെന്നതടക്കമുള്ള കണ്ടെത്തലുകളും നടത്തിയിരുന്നു. ഇതിനു തെളിവായാണ് പ്രധാനമന്ത്രി മോദി, രാജ്‌നാഥ് സിങ് എന്നിവരുടെ പേരിലുള്ള രേഖകൾ പുറത്തുവിട്ടത്. സുപ്രിംകോടതി രേഖകളും കൊണ്ടുവന്നിരുന്നു.
എന്നാൽ, ഇതെല്ലാം വ്യാജമായി നിർമിച്ചതാണെന്നാണ് പരാതിക്കാരി ആരോപിച്ചത്. ശ്രീദേവിയുടെ മരണത്തിനു പിന്നിൽ മോദി സർക്കാരാണെന്ന് ദീപ്തി പലവട്ടം ആരോപിച്ചിട്ടുണ്ട്. സർക്കാരിന്റെ പ്രതിച്ഛായയ്ക്കു കളങ്കമുണ്ടാക്കുന്നതാണ് ഇതെന്നും പരാതിക്കാരി ചാന്ദിനി ഷാ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, തന്റെ മൊഴി പോലും എടുക്കാതെ തനിക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത് വിശ്വസിക്കാനാകുന്നില്ലെന്ന് ദീപ്തി പിന്നിതി പ്രതികരിച്ചു. കുറ്റം ചുമത്തപ്പെട്ടാൽ എല്ലാ തെളിവുകളും കോടതിക്കുമുന്നിൽ സമർപ്പിക്കുമെന്നും അവർ വ്യക്തമാക്കി.
ബോളിവുഡ് താരം സുഷാന്ത് സിങ് രജ്പുതിന്റെ മരണത്തിലും പുതിയ കണ്ടെത്തലുകളുമായി ദീപ്തി ആർ. പിന്നിതി വാർത്തകളിൽ നിറഞ്ഞിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഭുവനേശ്വറിലെ ഇവരുടെ വസതിയിൽ സി.ബി.ഐ റെയ്ഡ് നടന്നിരുന്നു. ലാപ്‌ടോപ്പും മൊബൈൽ ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
Summary: CBI files chargesheet against YouTuber who allegedly forged letters from PM Narendra Modi and Defence Minister Rajnath Singh to back claims in Sridevi Death