'ഓണാവധി കാരണം സെന്‍സര്‍ നടന്നില്ല'; പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മറ്റു ഭാഷാ പതിപ്പുകള്‍ വൈകുമെന്ന് വിനയന്‍
|ഗള്‍ഫ് രാജ്യങ്ങളില്‍ പത്തൊമ്പതാം നൂറ്റാണ്ട് ഇന്ന് തന്നെ റിലീസിന് എത്തും
സംവിധായകൻ വിനയന്‍റെ ബ്രഹ്മാണ്ഡ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മലയാളം ഇതര ഭാഷാ പതിപ്പുകളുടെ റിലീസ് വൈകും. സംവിധായകന്‍ വിനയന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മലയാളം പതിപ്പ് ഇന്ന് പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച വിനയന്‍ ഓണത്തിന്‍റെ അവധി വന്നതിനാല്‍ ഹിന്ദി, തമിഴ്, തെലുഗ്, കന്നട ഭാഷകളിലേക്കുള്ള ഡബ്ബിംഗ് കോപ്പികള്‍ മുഴുവന്‍ സെന്‍സര്‍ ചെയ്ത് ലഭിച്ചില്ലെന്നും വ്യക്തമാക്കി. എന്നാല്‍ ചിത്രത്തിന്‍റെ കേരള റിലീസിനൊപ്പം ബാംഗ്ലൂര്‍, ഹൈദരാബാദ്, മുംബൈ, പൂനെ, ഡല്‍ഹി, യു.പി, ഹരിയാന, ഗുജറാത്ത്, മാംഗ്‌ളൂര്‍, മണിപാല്‍, മൈസൂര്‍, തിരുപ്പൂര്‍, സേലം, കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളിലും ചിത്രം ഇന്ന് റിലീസ് ചെയ്യുമെന്നും വിനയന്‍ അറിയിച്ചു.
അതേ സമയം ഗള്‍ഫ് രാജ്യങ്ങളില്‍ പത്തൊമ്പതാം നൂറ്റാണ്ട് ഇന്ന് തന്നെ റിലീസിന് എത്തും. 200ല്‍ പരം തിയേറ്ററുകളിലാണ് ചിത്രം റിലീസിന് എത്തുക. യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലുമായി ഒമ്പതാം തിയതിയാണ് ചിത്രം റിലീസ് ചെയ്യുകയെന്നും വിനയന്‍ അറിയിച്ചു. യൂറോപ്പില്‍ തന്നെ നൂറില്‍ പരം തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുക എന്നത് തന്‍റെ സിനിമയ്ക്ക് ലഭിച്ച വലിയ അംഗീകാരമാണെന്നും വിനയന്‍ മനസ്സുതുറന്നു.
വിനയന്‍റെ ഫേസ്ബുക്ക് കുറിപ്പ്:
നാളെ സെപ്റ്റംബർ എട്ടിന് കേരളത്തിലെ എല്ലാ റിലീസ് സ്റ്റേഷനുകളിലും പത്തൊമ്പതാം നൂറ്റാണ്ട് എത്തുകയാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മലയാളം പതിപ്പിന്‍റെ കേരളത്തിനു വെളിയിലുള്ള റിലീസ് തീയറ്ററുകളുടെ ലിസ്റ്റാണ് ഇതിനോടൊപ്പം കൊടുത്തിരിക്കുന്നത്. ബാംഗ്ലൂർ, ഹൈദരബാദ്, മുംബൈ, പൂനെ, ഡെൽഹി, യു.പി., ഹരിയാന, ഗുജറാത്ത്, മാംഗ്ലൂർ, മണിപാൽ, മൈസൂർ, തിരുപ്പൂർ, സേലം, കോയമ്പത്തൂർ, ചെന്നൈ എന്നീ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ കേരളത്തോടൊപ്പം പത്തൊൻപതാം നൂറ്റാണ്ട് റിലീസ് ചെയ്യുകയാണ്. GCCയിലെ 200ൽ പരം തീയറ്ററുകളിൽ നാളെത്തന്നെ ചിത്രം റിലീസ് ചെയ്യും. യു.കെ. ഉൾപ്പെടെ യൂറോപ്പിലും നോർത്ത് അമേരിക്കയിലുമായി നൂറിലധികം തീയറ്ററുകളിൽ ഒമ്പതാം തീയതിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. യൂറോപ്പിൽ തന്നെ നൂറിൽ പരം തീയറ്ററുകളിൽ പ്രദർശിപ്പിക്കുക എന്നത് എന്റെയീ സിനിമയ്ക്ക് ലഭിച്ച വല്യ അംഗീകാരമാണ്.
ഓണത്തിന്‍റെ അവധി വന്നതിനാൽ ഹിന്ദി, തമിഴ്, തെലുഗ്, കന്നട ഭാഷകളിലേക്കുള്ള ഡബ്ബിംഗ് കോപ്പികൾ മുഴുവൻ സെൻസർ ചെയ്ത് കിട്ടിയിട്ടില്ല. ഓണാവധി കഴിഞ്ഞ് സെൻസർ പൂർത്തിയാക്കിയ ശേഷമേ മറ്റു ഭാഷകളിൽ പത്തൊമ്പതാം നൂറ്റാണ്ട് റിലീസ് സാധ്യമാകുകയുള്ളു. എത്രയും വേഗം അതുണ്ടാകും.