മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ സിനിമയില്‍ നില്‍ക്കാന്‍ ഒരുപാട് അധ്വാനം വേണമെന്ന് പ്രഭാസ്
|പലപ്പോഴും ഭയങ്കരമായി പൊരുതേണ്ടി വരും. ജയിക്കുക, തോൽക്കുക ഓരോ വീഴ്ചയിൽ നിന്നും എഴുന്നേറ്റ് പൊരുതുക
മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ നിലനിൽക്കാൻ ഒരുപാട് അധ്വാനം വേണമെന്ന് തെലുങ്ക് നടന്‍ പ്രഭാസ്. അടുത്ത പത്തു വർഷത്തേക്ക് എങ്കിലും സിനിമയിൽ നിലനിൽക്കാൻ കഴിയുമെന്നാണ് തന്‍റെ വിശ്വാസം. അതിനുള്ളിൽ സിനിമയെക്കുറിച്ച് കൂടുതൽ അറിയാനും മനസിലാക്കാനും പറ്റുമെന്നും പ്രഭാസ് പറഞ്ഞു. സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് പ്രഭാസ് മനസ് തുറന്നത്.
മലയാളസിനിമയിൽ മമ്മൂട്ടി സാറും മോഹൻലാൽ സാറും മുപ്പതും നാൽപതും വർഷമായി ഇൻഡസ്ട്രിയിൽ തുടരുന്നവരാണെന്നും അങ്ങനെ നിലനിൽക്കാൻ കഠിനാധ്വാനം ചെയ്യണം. പലപ്പോഴും ഭയങ്കരമായി പൊരുതേണ്ടി വരും. ജയിക്കുക, തോൽക്കുക ഓരോ വീഴ്ചയിൽ നിന്നും എഴുന്നേറ്റ് പൊരുതുക. തങ്ങളുടെ തലമുറയ്ക്ക് അത്രയും സമയം കിട്ടുമോ എന്നറിയില്ലെന്നും അവരെപ്പോലെ പൊരുതാൻ കഴിവുള്ളവരാണോ തങ്ങൾ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും പ്രഭാസ് പറഞ്ഞു
വർഷങ്ങൾക്ക് ശേഷവും ആളുകൾ തന്‍റെ സിനിമ കാണണമെന്നാണ് ആഗ്രഹമെന്നും പ്രഭാസ് പറഞ്ഞു. അത്രയും കാലം സിനിമയിൽ നിലനിൽക്കാൻ കഴിഞ്ഞാൽ അതുതന്നെ വലിയ ഭാഗ്യമാണെന്നും പ്രഭാസ് പറഞ്ഞു. ബാഹുബലി വരെയുളള കാലം ഒരു ഒഴുക്കായിരുന്നെങ്കിൽ അതിനു ശേഷമുള്ള ഓരോ ദിവസവും ഓരോ പരീക്ഷണങ്ങളാണ്. ശരിക്കുമൊരു പരീക്ഷണകാലഘട്ടം. ഇനി വരുന്ന വർഷങ്ങളിൽ ഒരു ഇന്ത്യൻ സിനിമ എങ്ങനെയാണ് വേണ്ടതെന്ന് തനിക്ക് മനസിലായേക്കാമെന്നും പ്രഭാസ് പറഞ്ഞു. മലയാളം സിനിമകളും തെലുങ്ക് സിനിമകളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ചോദിച്ചപ്പോൾ മലയാളം സിനിമകൾ കൂടുതൽ റിയലിസ്റ്റിക് ആണെന്നായിരുന്നു പ്രഭാസിന്‍റെ മറുപടി.
മലയാളം സിനിമകൾ കാണാറുണ്ടോ എന്ന ചോദ്യത്തിന് ട്രാൻസും ലൂസിഫറും ഈയടുത്ത് കണ്ടെന്ന് പ്രഭാസ് പറഞ്ഞു. മിന്നൽ മുരളിയെക്കുറിച്ച് ഒരുപാട് കേട്ടെങ്കിലും ഇതുവരെ കാണാൻ കഴിഞ്ഞില്ല. അത് കാണണം. രാധേ ശ്യാം എന്ന സിനിമയിൽ ജയറാം സാർ അഭിനയിച്ചിട്ടുണ്ടെന്നും മലയാളം പരിഭാഷയ്ക്ക് പൃഥ്വിരാജ് ആണ് ശബ്ദം നൽകിയിരിക്കുന്നത്. ഇനി വരുന്ന സലാർ എന്ന ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിക്കുന്നുമുണ്ട്. തെലുങ്കിലും ഇപ്പോൾ റിയലിസ്റ്റിക് സിനിമകൾ ഇറങ്ങുന്നുണ്ട്. അർജ്ജുൻ റെഡ്ഡി, പുഷ്പ പോലുള്ളവ. എങ്കിലും കൊമേഴ്സ്യൽ സിനിമകൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. ലൂസിഫർ കൊമേഴ്‌സ്യൽ സിനിമയാണെങ്കിലും അതിൽ റിയൽ എലമെന്‍റുണ്ട്. തെലുങ്ക് അങ്ങനെയാവുമായിരിക്കുമെന്നും പ്രഭാസ് പറഞ്ഞു.