പിഷാരടിയാണ് ആ പേര് നിര്‍ദേശിച്ചത്, പിന്നെ അതങ്ങ് ഹിറ്റായി; സുധീര്‍ പറവൂര്‍
|കഴിഞ്ഞ 25 വര്‍ഷമായി മിമിക്രിയും പാട്ടും പാട്ടെഴുത്തും പാരഡിയുമൊക്കെയായി കലാരംഗത്ത് സജീവമാണ് സുധീര്‍
സുധീര്‍ പറവൂര്‍ എന്ന പേരു കേട്ടാല്‍ ചിലര്‍ക്ക് മനസിലായെന്ന് വരില്ല..എന്നാല്‍ ക്ലിഞ്ഞോ പ്ലിഞ്ഞോ, തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു എന്നീ പാട്ടുകള്‍ കേട്ടാല്‍ ഏത് കൊച്ചുകുട്ടിക്ക് പോലും ആളെ പിടികിട്ടും. പിന്നെ ബഡായി കേണലും കെ7 മാമനുമെല്ലാം ചിരിപ്പിച്ചുകൊണ്ടു പിന്നാലെ വരും. കഴിഞ്ഞ 25 വര്‍ഷമായി മിമിക്രിയും പാട്ടും പാട്ടെഴുത്തും പാരഡിയുമൊക്കെയായി കലാരംഗത്ത് സജീവമാണ് സുധീര്‍. വൈറലായ പാട്ടുകളെക്കുറിച്ചും കലാജീവിതത്തെക്കുറിച്ചും സുധീര്‍ മീഡിയവണ്‍ ഓണ്‍ലൈനിനോട് സംസാരിക്കുന്നു.
കരിയര്‍ ബ്രേക്കായ സുമേഷ് ജനാര്‍ദനനെക്കുറിച്ച്?
സ്കൂള്‍ കലോത്സവങ്ങളിലൂടെ വന്ന ഒരാളാണ് ഞാന്‍. ലളിതഗാന മത്സരങ്ങളൊക്കെ നടക്കുമ്പോള്‍ മത്സരാര്‍ഥികളെ വാച്ചു ചെയ്യാറുണ്ടായിരുന്നു. ഞങ്ങളുടെ സ്കൂളില്‍ ഒരു ടീച്ചറിന്‍റെ മകനുണ്ടായിരുന്നു. ജുബ്ബയൊക്കെ ഇട്ടാണ് ഇയാള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. പുള്ളിക്കായിരിക്കും എപ്പോഴും ഒന്നാം സ്ഥാനം. കാരണം പുള്ളി കുറെ സംഗതികളൊക്കെ ഇട്ടാണ് പാടുന്നത്. പാട്ട് മോശമാണെന്നല്ല. ബാക്കി എല്ലാവരും നോര്‍മല്‍ പാട്ടുകളായിരിക്കും പാടുന്നത്. അതെന്‍റെ മനസിലുണ്ടായിരുന്നു. അങ്ങനെയാണ് കോമഡിയായിട്ട് ഞാന്‍ സെറ്റ് ചെയ്തെടുത്തത്. സുമേഷ് ജനാര്‍ദനന്‍ വേദിയിലെത്തിയതിന് ശേഷം നിരവധി പേര്‍ ആ കഥാപാത്രവുമായി സാമ്യമുള്ള പലരെയും കലോത്സവ വേദികളില്‍ കണ്ടിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്.
ക്ലിഞ്ഞോ പ്ലിഞ്ഞോ പോലെ അതിലെ പാണം പള്ളത്തിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. കടലോര മേഖലയുമായി ബന്ധപ്പെട്ടു വരുന്ന പ്രദേശങ്ങളില്‍ കാണപ്പെടുന്ന മീനാണ് പാണംപള്ളത്തി. പള്ളത്തിയെക്കാള്‍ വലിപ്പം കൂടിയ മീനാണ് പാണംപള്ളത്തി. എന്‍റെ വീട് തീരപ്രദേശത്താണ്. അതുകൊണ്ട് ഇഷ്ടം പോലെ കണ്ടിട്ടുണ്ട്. വടിയൊക്കെ ഇവയെ പിടിക്കുന്നത്. അതും കുറച്ചു കോമഡി കലര്‍ത്തി ആ സ്കിറ്റില്‍ ഉപയോഗിക്കുകയായിരുന്നു.
കെ7 മാമന്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണല്ലോ?
പ്രോഗ്രാമുകളൊക്കെ ഒരു വിധം നന്നായി പൊയ്ക്കൊണ്ടിരുന്ന സമയത്താണ് കൊറോണ വരുന്നത്. ലോക്ഡൌണ്‍ ആയതോടു കൂടി എല്ലാവരും വീട്ടിലിരിക്കേണ്ട അവസ്ഥയായി. ആ സമയത്ത് എന്തുചെയ്യണമെന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് രമേശ് പിഷാരടിയുടെ ഫോണ്‍ കോള്‍ വരുന്നത്. ''സുധീറേട്ടാ ചാനലില്‍ ഒരു പുതിയ ഷോ തുടങ്ങുന്നുണ്ട്. അതിലേക്ക് ഒരു ക്യാരക്ടര്‍ വേണം, ക്ലിഞ്ഞോ പ്ലിഞ്ഞോയില്‍ നിന്നും ബഡായി കേണലില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രമായിരിക്കണമെന്ന്'' പിഷാരടി പറഞ്ഞു. പിഷാരടിയാണ് കെ 7മാമന്‍ എന്ന പേരിട്ടത്. പരിപാടി ഹിറ്റായതിനൊപ്പം ആ ക്യാരക്ടറും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. നമ്മുടെതായ കുറച്ചു പാട്ടുകളും അങ്ങ് ഇറക്കിവിട്ടപ്പോള്‍ സംഗതി വൈറലായി.
കെ 7 മാമന്‍റെ ക്രൂരന്‍ കാക്ക ഇങ്ങനെ പറപറക്കുകയാണല്ലോ?
ആ പാട്ട് കെ 7 മാമന് വേണ്ടി എഴുതിയതല്ലായിരുന്നു. രണ്ട് വരി നേരത്തെ മനസിലുണ്ടായിരുന്നു. അപ്പോള്‍ പിഷാരടിയാണ് ഈ ഷോക്ക് വേണ്ടി ഒരു പാട്ട് വേണമെന്ന് പറഞ്ഞത്. ഇതുപയോഗിക്കുമോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. പക്ഷെ രണ്ടു വരി കേട്ടപ്പോഴെ നല്ലതാണെന്ന അഭിപ്രായം വന്നു. ക്രൂരന്‍ കാക്ക വന്നതിന് ശേഷം ഒത്തിരി പേര്‍ വിളിച്ച് നല്ലതാണെന്ന് പറഞ്ഞിട്ടുണ്ട്. കൊച്ചുകുട്ടികള്‍ വരെ അത് ഏറ്റെടുത്തു. അശ്വിന്‍ ഭാസ്കറൊക്കെ ആ പാട്ടിനെ വേറെ ലെവലാക്കി മാറ്റി.
കലാരംഗത്ത് എത്തിയിട്ട് എത്ര നാളായി? എവിടെ നിന്നായിരുന്നു തുടക്കം?
25 വര്‍ഷത്തോളമായി മിമിക്രി ജീവിതം തുടങ്ങിയിട്ട്. 1996ല്‍ ആയിരുന്നു തുടക്കം. ആദ്യകാലങ്ങളില്‍ കുറെ അലഞ്ഞിട്ടുണ്ട്. ഇന്നത്തെ പോലെ അല്ലല്ലോ അന്ന് അവസരങ്ങള്‍ കുറവല്ലേ. അന്നൊക്കെ സ്റ്റേജ് പരിപാടികള്‍ക്കാണ് പൊയ്ക്കൊണ്ടിരുന്നത്. കോമഡി പരിപാടികള്‍ അപൂര്‍വമായിരുന്നല്ലോ. മിമിക്രിയിലിറങ്ങിയ സമയത്ത് ദിലീപേട്ടന്‍റെയും ജയറാമേട്ടന്‍റെയും അബിക്കയുടെയും കോമഡികള്‍ കണ്ടാണ് വളര്‍ന്നത്. അന്നൊക്കെ പ്രോഗ്രാം കഴിഞ്ഞാലും അവിടെ നിന്നും തിരികെ പോരാന്‍ തോന്നില്ല. വീട്ടിലെല്ലാവരും ഒരുമിച്ചാണ് പരിപാടി കാണാന്‍ പോകുന്നതൊക്കെ.
ശരിക്കും ഞാന്‍ പാട്ടുകാരനായിട്ടാണ് കലാരംഗത്തേക്ക് എത്തുന്നത്. സൈനന്‍ കെടാമംഗലം എന്ന ചേട്ടനാണ് മിമിക്രിയിലേക്ക് വഴിതിരിച്ചുവിട്ടത്. പിന്നീട് ഒരുപാട് ട്രൂപ്പുകളുമായും മനസിലാഗ്രഹിച്ച ഒരു നിരവധി താരങ്ങളുമായും ചേര്‍ന്ന് പരിപാടി അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ദിലീപേട്ടനൊപ്പം 2017ല്‍ അമേരിക്കന്‍ ഷോയില്‍ പങ്കെടുക്കാന്‍ സാധിച്ചു. വലിയൊരു ഷോ ആയിരുന്നു അത്. പണ്ടൊക്കെ അവരെ നോക്കി നിന്ന് സംസാരിക്കാന്‍ കൊതിച്ച കാലമുണ്ടായിരുന്നു. പിന്നീട് അവരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ഭാഗ്യമായിട്ടാണ് കണക്കാക്കുന്നത്. ജയറാമേട്ടന്‍റെ കൂടെ ഓസ്ട്രേലിയയില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. നമ്മുടെ ക്ലിഞ്ഞോ പ്ലിഞ്ഞോയൊക്കെ അവര്‍ക്കിഷ്ടമാണെന്ന് അറിയുമ്പോള്‍ സന്തോഷമല്ലേ. ജയറാമേട്ടന്‍റെ മകള്‍ക്ക് തുഞ്ചന്‍റെ തത്തേ എന്ന പാട്ട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട്. എല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നാറുണ്ട്. കേരളത്തിനകത്തും പുറത്തുമായി ഒരുപാട് വേദികളില്‍ പരിപാടി വേദിപ്പിച്ചിട്ടുണ്ട്.
ബോഡി ഷേമിംഗ്, ദ്വയാര്‍ഥ പ്രയോഗങ്ങള്‍ എന്നിവയുടെ പേരില്‍ ചാനലുകളിലെ കോമഡി പരിപാടികള്‍ വിമര്‍ശനങ്ങളേറ്റുവാങ്ങുമ്പോള്‍ സുധീറിന്‍റെ സ്കിറ്റുകള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ബോധപൂര്‍വം ഇങ്ങനെ ഒരു ശ്രമം നടത്തുന്നതാണോ?
പണ്ടൊക്കെ നമുക്ക് എന്തിനെയും കളിയാക്കാം. ചിരിക്കാന്‍ വക കിട്ടുന്ന സംഭവങ്ങളാണ്. പക്ഷെ ഇന്ന് അതു ചെയ്യുമ്പോള്‍ നമ്മള്‍ വളരെയധികം ശ്രദ്ധിക്കണം. ഏതൊക്കെ തരത്തില്‍ അത് വ്യാഖാനിക്കപ്പെടുമെന്ന് പറയാന്‍ സാധിക്കില്ല. ആദ്യ ഘട്ടങ്ങളില്‍ അങ്ങനെ ചെയ്തിട്ടുണ്ട്. അതിന് പിന്നീട് വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്കിറ്റുകളും ചെയ്യുമ്പോള്‍ ആരെയും വേദനിപ്പിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. മോശം കൌണ്ടറടിച്ചിട്ട് ആരെയും ചിരിപ്പിക്കണ്ട കാര്യമില്ല എന്നാണ് എന്‍റെ അഭിപ്രായം. ചിരിപ്പിച്ചാല്‍ മതിയല്ലോ..എന്തിനാണ് വേദനിപ്പിക്കുന്നത്?
തുഞ്ചന്‍റെ തത്തേ..തത്തേടെ തുഞ്ചാ
തുഞ്ചന്‍റെ തത്ത എന്ന ഗ്രൂപ്പ് സോംഗ് പാട്ട് സ്പോട്ടില് വച്ച് എഴുതിയ പാട്ടാണ്. ഫ്ലവേഴ്സ് ചാനലിലെ നാടോടിക്കാറ്റ് എന്ന പരിപാടിക്ക് വേണ്ടിയായിരുന്നു. അന്ന് യുവജനോത്സവം നടക്കുന്ന സമയമായിരുന്നു. അതില്‍ ഈ മോണോ ആക്ടും നാടോടി നൃത്തവും എല്ലാമുണ്ടായിരുന്നു. അനൂപ് കൃഷ്ണന്‍ ചേട്ടനായിരുന്നു ആ പരിപാടിയുടെ സ്ക്രിപ്റ്റും സംവിധാനവുമൊക്കെ. ഒരു ഗ്രൂപ്പ് സോംഗ് കൂടി വേണമെന്ന് ചേട്ടന്‍ പറഞ്ഞപ്പോള്‍ അവിടെ തന്നെ ഇരുന്ന് കുറഞ്ഞ സമയം കൊണ്ട് എഴുതിയതാണ് തുഞ്ചന്‍റെ തത്ത. പക്ഷെ അതു ശ്രദ്ധിക്കപ്പെട്ടു. വൈറലാകണമെന്ന് വിചാരിച്ച് എഴുതിയ പാട്ടുകളൊന്നും അത്ര ഹിറ്റായിട്ടില്ല. എന്നാല്‍ പെട്ടെന്ന് ചെയ്ത പാട്ടുകളൊക്കെ വൈറലായിട്ടുമുണ്ട്. ക്ലിഞ്ഞോ പ്ലിഞ്ഞോ തത്തയൊക്കെ പ്രതീക്ഷിക്കാതെ ചെയ്തതാണ്.
യാത്രകളിലാണ് എനിക്ക് ത്രഡ് കിട്ടുന്നത്. ആദ്യമൊക്കെ ബൈക്കില്‍ എറണാകുളം-പറവൂര്‍ യാത്ര പോകുമ്പോള്‍ ഇങ്ങനെ പാട്ടുകള്‍ കിട്ടാറുണ്ട്. അപ്പോള്‍ മൊബൈലില്‍ റെക്കോഡ് ചെയ്തു വയ്ക്കും. പിന്നെ അത് ഡവലപ് ചെയ്തെടുക്കും. സിനിമാപാട്ടുകളുടെ പാരഡിയൊക്കെ ചെയ്തിട്ടുണ്ട്. തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവൊക്കെ ഒരു സിനിമ പാട്ടിന്‍റെ പാരഡിയാണ്. അതു പലര്‍ക്കും അറിയില്ല. അതാണ് സാറാസ് സിനിമയില്‍ ഉപയോഗിച്ചത്. മോഹന്‍ലാലും മാധവിയും അഭിനയിച്ച 'അധ്യായം ഒന്നുമുതല്‍' എന്ന ചിത്രത്തിലെ ഇല്ലില്ലം കാവില്‍ എന്നു തുടങ്ങുന്ന പാട്ടിന്‍റെ പാരഡിയാണത്. ചെല്ലപ്പന്‍ ചേട്ടാ..ചായക്കടയില്‍ എന്തുണ്ട് തിന്നാന്‍ എന്നാണ് പാരഡി തുടങ്ങുന്നത്. ട്രയിനില്‍ വച്ചാണ് ഈ പാട്ട് കിട്ടുന്നത്. പിന്നീട് അത് ഒരു ചാനല്‍ പരിപാടിയില്‍ അവതരിപ്പിച്ചു. സിനിമയില്‍ വന്നപ്പോള്‍ അത് ഹിറ്റായി.
മനസ് നിറയ്ക്കുന്ന അഭിനന്ദനങ്ങള്‍
ക്ലിഞ്ഞോ പ്ലിഞ്ഞോ ക്ലിക്കായപ്പോള്‍ ഒരു പാട് പേര്‍ വിളിച്ചിരുന്നു. ഇപ്പോള്‍ കെ7മാമനെ അഭിനന്ദിച്ചാണ് ആളുകള്‍ വിളിക്കുന്നത്. പണ്ട് ഇങ്ങനെ കേള്‍ക്കാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ അതു കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. കെ 7 മാമനിറങ്ങിയപ്പോള്‍ വളരെ ഹാപ്പിയാണ്. ക്രൂരന്‍ കാക്ക റീല്‍സിലൊക്കെ പലരും ചെയ്തു കാണാറുണ്ട്. പല സിനിമാതാരങ്ങളും ചെയ്തിട്ടുണ്ട്.
സിനിമ
സിനിമയിലേക്ക് കാലെടുത്തുവച്ചിട്ടേ ഉള്ളൂ. കട്ടപ്പനയിലെ ഋതിക് റോഷന്‍, പുതിയ നിയമം, ഭാസ്കര്‍ ദ റാസ്കല്‍,യമണ്ടന്‍ പ്രേമകഥ തുടങ്ങിയ ചിത്രങ്ങളിലൊക്കെ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഈ കോവിഡ് സമയത്താണ് നല്ലൊരു അവസരം ലഭിച്ചത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന കനകം കാമിനി കലഹം എന്ന ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്. വലിയ പ്രതീക്ഷയുണ്ട് ആ ചിത്രത്തില്‍. എബ്രിഡ് ഷൈന്‍റെ ചിത്രത്തില്‍ നിവിന്‍റെ കൂടെ ഒരു റോള്‍ കിട്ടിയിട്ടുണ്ട്. സുമേഷ് ആന്‍ഡ് രമേഷ് എന്നൊരു ചിത്രം ചെയ്തിട്ടുണ്ട്. ഒരു സുഹൃത്തായിരുന്നു ആ ചിത്രം സംവിധാനം ചെയ്തത്. പിന്നെ കുറച്ചു സിനിമകളിലേക്ക് വിളിച്ചിട്ടുണ്ട്. കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമക്ക് വേണ്ടി 'ചന്തം തികഞ്ഞൊരു പെണ്ണേ' എന്ന പാട്ട് പാടിയിട്ടുണ്ട്. സ്നേഹചന്ദ്രന്‍ ഏഴിക്കരയാണ് രചന. ചിത്രത്തില്‍ തന്നെ ബേസില്‍ അവതരിപ്പിക്കുന്ന കഥാപാത്രം പാടിയ പാട്ട് എഴുതിയത് ഞാനാണ്.
പോപ്പുലറായതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റം?
എന്നില്‍ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. സ്കൂള്‍ വിട്ടതിന് ശേഷം പല ജോലികള്‍ക്കും പോയിട്ടുണ്ട്. പക്ഷെ അതിലൊന്നും പച്ച പിടിച്ചില്ല. കാരണം മനസ് ഇതില്‍ തന്നെയായിരുന്നു. പിന്നെ എന്തെങ്കിലുമൊക്കെ ആയിത്തീരുമെന്ന പ്രതീക്ഷയില്‍ കലാരംഗത്ത് തന്നെ നില്‍ക്കുകയായിരുന്നു. എന്നോടൊപ്പം അന്നുണ്ടായിരുന്നവരൊക്കെ പാതി വഴിയില്‍ അവസാനിപ്പിച്ചെങ്കിലും ഇഷ്ടം കൊണ്ട് ഞാന്‍ അതില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു. ശരിക്കും അഡിക്ടായിരുന്നു ഞാന്‍. മനസില്‍ ആഗ്രഹിച്ച പല കാര്യങ്ങളും നടന്നത് കലാരംഗത്ത് നിന്നതുകൊണ്ടു മാത്രമാണ്. ഇതുവരെ എത്തിയത് വലിയ കാര്യമായിട്ടാണ് ഞാന്‍ കാണുന്നത്. അഹങ്കാരമില്ലാതെ ഇനിയും മുന്നോട്ടും പോകണമെന്നാണ് ആഗ്രഹം. പിന്നെ യാത്രകളിലൊക്കെ ആളുകള്‍ തിരിച്ചറിയുമ്പോഴും സന്തോഷം തോന്നാറുണ്ട്. ഇപ്പോഴും എന്‍റെ പേരൊന്നും പലര്‍ക്കും അറിയില്ല. ക്ലിഞ്ഞോ പ്ലീഞ്ഞോ അല്ലേ എന്നൊക്കെയാണ് ആളുകള്‍ ചോദിക്കുന്നത്. ഇപ്പോള്‍ കെ 7 മാമന്‍ എന്നാണ് പലരും വിളിക്കുന്നത്.