Entertainment
സുന്ദരന്‍, സുമുഖന്‍...പാവമാണ് സുരഭിയുടെ സന്തോഷേട്ടന്‍!
Entertainment

സുന്ദരന്‍, സുമുഖന്‍...പാവമാണ് സുരഭിയുടെ സന്തോഷേട്ടന്‍!

ജെയ്സി തോമസ്
|
3 Nov 2021 8:11 AM GMT

കോളേജ് പഠന കാലത്ത് ഫെസ്റ്റിവലിൽ പങ്കെടുത്തപ്പോൾ കൂട്ടുകാരുമായി ബെറ്റ് വെച്ച് അതിഥി ആയി വന്ന ബാലചന്ദ്രമേനോൻ സാറിന്‍റെ കാറ് തടഞ്ഞു വരെ ഞാൻ അവസരം ചോദിച്ചിട്ടുണ്ട്

മകളെ കല്യാണം കഴിച്ച് രണ്ടുവര്‍ഷമായിട്ടും ഒന്നു നോക്കുകപോലും ചെയ്യാത്ത അമ്മായിയപ്പന്‍ വിജയന്‍റെ മുന്നിലൂടെ യാതൊരു പരിഭവവുമില്ലാതെ നടന്നു പോകുന്ന സന്തോഷേട്ടന്‍."സന്തോഷേ നിന്നെ ഇനിയും വീട്ടിൽ കയറ്റിയിറ്റ്ലെ'' എന്നു ഔക്കര്‍ ഇച്ച അടിക്കടി ചോദിക്കുമ്പോഴും സന്തോഷേട്ടന് ദേഷ്യമില്ല.നിഷ്ക്കളങ്കമായി ചിരിക്കും... സംസ്ഥാന അവാര്‍ഡിന്‍റെ തിളക്കവുമായി തിങ്കളാഴ്ച നിശ്ചയം എന്ന കൊച്ചുചിത്രം കാണുന്നവരുടെ മുഴുവന്‍ കയ്യടിയും നേടി ഒടിടിയിലൂടെ കാഴ്ചക്കാരെ കൂട്ടുമ്പോള്‍ സന്തോഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുനില്‍ സൂര്യയും സന്തോഷത്തിലാണ്. തിങ്കളാഴ്ച നിശ്ചയത്തെക്കുറിച്ചും സിനിമാവിശേഷങ്ങളെക്കുറിച്ചും സുനില്‍ മീഡിയവണ്‍ ഓണ്‍ലൈനിനോട് സംസാരിക്കുന്നു.


സന്തോഷേട്ടന്‍ എന്താണ് ഇത്ര പാവമായത്? ആ കഥാപാത്രം ഇത്ര സ്വീകരിക്കപ്പെടുമെന്ന് കരുതിയിരുന്നോ?

സന്തോഷിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് സ്നേഹമുള്ളൊരു കുടുംബമുണ്ട്. സുജയുടെ കല്യാണ നിശ്ചയം തിങ്കളാഴ്ചയാണെന്ന് സന്തോഷ് തന്‍റെ അമ്മയോട് ഫോണ്‍ ചെയ്തു പറയുന്ന രംഗത്തെക്കുറിച്ച് സെന്ന സാറും രാജേഷ് മാധവൻ ചേട്ടനും പറഞ്ഞു തന്നപ്പോൾ എനിക്ക് അത് മനസിലായി. കൂടാതെ സുരഭി പയറിനു അടിക്കുന്ന മരുന്ന് കഴിച്ച് മരിക്കുമെന്ന് സുരഭിയുടെ അമ്മ പറയുന്ന രംഗം ഉണ്ട്. എന്നാല്‍ സുരഭിയെ മരിക്കാന്‍ വിടാതെ ജീവിതത്തിലേക്ക് കൂട്ടുകയാണ് സന്തോഷ്.

സന്തോഷിന്‍റെ അച്ഛനെ കുറിച്ച് ചിത്രത്തില്‍ പറയുന്നില്ല. ഒരുപക്ഷെ അയാൾക്ക് വളരെ ചെറുപ്പത്തിലേ അച്ഛനെ നഷ്ട്ടമായിരിക്കാം. കുവൈറ്റ് വിജയനെ അയാൾ അച്ഛാ എന്നാണ് വിളിക്കുന്നത്. അയാളുടെയും ഭാര്യാ വീട്ടുകാരുടെയും സ്നേഹം, അംഗീകാരം സന്തോഷ്‌ അത്രമേൽ ആഗ്രഹിക്കുന്നതുകൊണ്ടാണ് അയാൾ എല്ലാത്തിനും ഓടി നടക്കുന്നത്. ശരിക്കും നിഷ്ക്കളങ്കനായ ഒരു മനുഷ്യനാണ് സന്തോഷ്.അഭിനയത്തോട് അടങ്ങാത്ത ആർത്തിയുള്ള ഒരാളാണ് ഞാന്‍. അതുകൊണ്ട് ചുറ്റുമുള്ള ആളുകളെ നിരീക്ഷിക്കാറുണ്ട്, അവരുടെ മാനറിസങ്ങള്‍ മനസിലാക്കാറുണ്ട്. സന്തോഷിന്‍റെ അതേ ഭാവങ്ങളും സ്വഭാവമുള്ള നിരവധിയാളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങനെ ഒരുപാട് സന്തോഷുമാര്‍ ചേര്‍ന്നതാണ് തിങ്കളാഴ്ച നിശ്ചയത്തിലെ സന്തോഷ്. പക്ഷെ ആ കഥാപാത്രം ഇത്രയധികം സ്വീകരിക്കപ്പെടുമെന്ന് കരുതിയിരുന്നില്ല. ശ്രദ്ധിക്കപ്പെടണമെന്നു വിചാരിച്ചിരുന്നു...സന്തോഷമുണ്ട്.



സോഷ്യല്‍മീഡിയയില്‍ നിറയെ ക്ലൈമാക്സിലെ സന്തോഷേട്ടന്‍റെ ചിരിയാണ് ചര്‍ച്ച. ആ രംഗം ചിത്രീകരിച്ചതിനെക്കുറിച്ച് വിശദീകരിക്കാമോ?

സത്യം പറഞ്ഞാല്‍ ക്ലൈമാക്സിലെ ആ ചിരി ഇത്ര ശ്രദ്ധിക്കപ്പെടുമെന്ന് വിചാരിച്ചില്ല. സിനിമയിലെ രംഗത്തിന്‍റെ സ്ക്രീന്‍ ഷോട്ട് സഹിതം പലരും സോഷ്യല്‍മീഡിയയില്‍ അതിനെക്കുറിച്ച് എഴുതുമ്പോള്‍ വളരെയധികം സന്തോഷം തോന്നി. അതൊരു നൈറ്റ് ഷൂട്ടായിരുന്നു. സംവിധായകന്‍ സെന്ന സാറും ക്രിയേറ്റീവ് ഡയറക്ടര്‍ രാജേഷ് മാധവന്‍ സാറും സന്തോഷ് എന്ന കഥാപാത്രത്തെക്കുറിച്ച് കൃത്യമായി പറഞ്ഞുതന്നിരുന്നു. ഇങ്ങനെയൊക്കെയാണ് അയാള്‍, ഇങ്ങനെയായിരിക്കും പെരുമാറുന്നത് എന്നൊക്കെ പറഞ്ഞിരുന്നു. വിജയന്‍ എന്ന കഥാപാത്രത്തെ സംബന്ധിച്ചിടത്തോളം കുറച്ചു പിടിവാശിയും നിര്‍ബന്ധബുദ്ധിയുമുള്ള ആളാണ്. ആ കുടുംബത്തിലെ രാജാവാണെന്ന് കരുതുന്നയാളാണ്. എന്നാല്‍ അദ്ദേഹത്തിന്‍റെ ഈ മനോഭാവം മാറണമെന്ന് സുരഭിയും സന്തോഷും ആഗ്രഹിക്കുന്നുമുണ്ട്. റിഹേഴ്സല്‍ സമയത്ത് തന്നെ ആ ചിരി എന്‍റെ മുഖത്തുണ്ടായിരുന്നു. സംവിധായകന്‍ സെന്ന സാറിന് അതിഷ്ടപ്പെടുമോ എന്ന പേടിയുണ്ടായിരുന്നു. എന്നാല്‍ ടേക്ക് എടുക്കുമ്പോള്‍ നന്നായി തന്നെ ചിരിച്ചോ, നന്നായിട്ടുണ്ട്, അങ്ങനെ തന്നെയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. രാജേഷട്ടനും ആ ചിരി നന്നായിട്ടുണ്ടെന്ന് പറഞ്ഞു. അങ്ങനെയാണ് ഞാനത് ചെയ്യുന്നത്. പക്ഷെ ഇത്ര ഡീറ്റെയിലായിട്ട് ആ രംഗത്തെക്കുറിച്ച് സംസാരിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല. ഒരുപാട് സന്തോഷമുണ്ട് ആ സീനില്‍ അങ്ങനെ ചെയ്യാന്‍ സാധിച്ചതിലും സംവിധായകനും രാജേഷട്ടനും അതിന് അനുവാദം നല്‍കിയതിനും.

തിങ്കളാഴ്ച നിശ്ചയത്തിലേക്ക് എത്തിയത് എങ്ങനെ?

2014ലാണ് ഞാന്‍ സെന്ന ഹെഗ്ഡേ എന്ന സംവിധായകനെക്കുറിച്ച് ആദ്യമറിയുന്നത്. എന്‍റെ നാട്ടുകാരനാണെന്നും 041 എന്ന ചിത്രം നാട്ടുകാരെവച്ച് ചെയ്തിട്ടുണ്ടെന്നും ഒരു ആര്‍ട്ടിക്കിളിലൂടെയാണ് മനസിലാക്കിയത്. ആ സമയത്ത് ബെസ്റ്റ് എഫ്.എമ്മില്‍ റേഡിയോ ജോക്കിയായിരുന്നു ഞാന്‍. അപ്പോഴും സിനിമക്ക് വേണ്ടി ശ്രമിച്ചുകൊണ്ടിരുന്നു. എന്‍റെ വീടിന് തൊട്ടടുത്തുള്ള സംവിധായകനെക്കുറിച്ച് ഇത്രയും നാളായിട്ടും അറിഞ്ഞില്ലല്ലോ എന്നോര്‍ത്തു വിഷമമുണ്ടായിരുന്നു. അദ്ദേഹത്തെ പരിചയപ്പെടാനായി നമ്പറൊക്കെ കണ്ടുപിടിച്ചു. എന്നാല്‍ അപ്രതീക്ഷിതമെന്നോണം അദ്ദേഹത്തിന്‍റെ ഒരു മെസേജ് എനിക്ക് ഫേസ്ബുക്കില്‍ വന്നു. സെന്ന സാറിന്‍റെ 041ലെ ഒരു പാട്ട് റേഡിയോയില്‍ പ്ലേ ചെയ്യാമോ എന്നായിരുന്നു മെസേജ്. പിന്നീട് ആ പാട്ട് എഫ്.എമ്മിലൂടെ കേള്‍പ്പിച്ചു. അദ്ദേഹത്തിന് അത് ഇഷ്ടമാവുകയും ചെയ്തു. അങ്ങനെ പതിയ സൌഹൃദത്തിലായി. എന്‍റെ അഭിനയമോഹത്തെക്കുറിച്ചൊക്കെ ഞാനദ്ദേഹത്തോട് പറഞ്ഞിരുന്നു. ഒരുപാട് ശ്രമിക്കുക എന്നാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ സിനിമ ചെയ്യുകയാണെങ്കില്‍ സുനില്‍ സൂര്യയുമായുള്ള പരിചയത്തിന്‍റെ പേരില്‍ എനിക്കൊരിക്കലും സുനിലിനെ സിനിമയിലെടുക്കാന്‍ പറ്റില്ല. കാരണം സൌഹൃദത്തിന്‍റെ പുറത്തുണ്ടാവേണ്ടതല്ല ഒരു സിനിമ. ഞാന്‍ സിനിമയില്‍ മായം കലര്‍ത്താത്ത ആളാണ്. എന്‍റെ സിനിമയില്‍ ഒരു കഥാപാത്രമുണ്ടെങ്കില്‍ ചിലപ്പോള്‍ ഞാന്‍ സുനിലിനെ വിളിച്ച് ഒരു ഓഡിഷനൊക്കെ ചെയ്യിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനു ശേഷം കന്നഡയില്‍ അദ്ദേഹം ഒരു സിനിമ ചെയ്തു അതു വലിയ ഹിറ്റായി. പിന്നീട് അദ്ദേഹം ഒരു സിനിമ ചെയ്യുന്നുണ്ടെന്നും കാസ്റ്റിംഗ് ഡയറക്ടര്‍ക്ക് എന്‍റെ ഫോട്ടോസ് അയക്കണമെന്നും മെസേജ് അയച്ചു. ആ കഥാപാത്രത്തിന് നീ യോജിച്ച ആളാണെന്ന് എനിക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ നിന്നെ ആ സിനിമയിലേക്ക് തെരഞ്ഞെടുക്കൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെ ഓഡിഷനു പോയി, എന്നെ തിരഞ്ഞെടുത്തു. എന്നാല്‍ ആദ്യം തീരുമാനിച്ച കഥാപാത്രത്തിലേക്കല്ല, പിന്നീട് തെരഞ്ഞെടുത്തത്. അതു വേറൊരു കഥാപാത്രമായിരുന്നു. പക്ഷെ രണ്ടു കഥാപാത്രങ്ങളും നല്ലതായിരുന്നു. ഷൂട്ട് തുടങ്ങുന്നതിന് രണ്ടു മൂന്നു ദിവസം മുന്‍പാണ് സന്തോഷ് എന്ന കഥാപാത്രം ചെയ്യാന്‍ എന്നോടു ആവശ്യപ്പെട്ടത്. എന്‍റെ ഭാഗ്യം കൊണ്ടോ എല്ലാവരുടെയും പ്രാര്‍ത്ഥന കൊണ്ടോ ഓഡിഷനിലും റിഹേഴ്സലിലും ഓക്കെയായി. അങ്ങനെയാണ് സന്തോഷ് എന്നിലേക്ക് എത്തിച്ചേര്‍ന്നത്.



തിങ്കളാഴ്ച നിശ്ചയത്തിന്‍റെ ഷൂട്ടിംഗ് അനുഭവം?

ഷോർട്ട് ഫിലിമുകളില്‍ അഭിനയിച്ച ശേഷം തിങ്കളാഴ്ച നിശ്ചയത്തിൽ എത്തിയപ്പോൾ അത് സിങ്ക് സൗണ്ടിൽ ചിത്രീകരിക്കുന്ന സിനിമ ആയതിനാൽ പേടി ഉണ്ടായിരുന്നു. എന്നാല്‍ സംവിധായകന്‍ സെന്ന സർ എല്ലാവിധ പിന്തുണയും നല്‍കി. ഷൂട്ടിംഗ് നാട്ടിൽ ആയതിനാൽ വീട്ടിൽ പോയി വന്നാണ് അഭിനയിച്ചത്. ഒരു സാധാരണ ബസിൽ ഞങ്ങൾ എല്ലാവരും ഒരുമിച്ചു യാത്ര ചെയ്തു. ശരിക്കും കുടുംബാന്തരീക്ഷമായിരുന്നു സെറ്റില്‍. അത് സിനിമയ്ക്കും ഗുണം ചെയ്തുവെന്ന് വിശ്വസിക്കുന്നു.

റേഡിയോ ജോക്കിയില്‍ നിന്നും അഭിനയത്തിലേക്ക് തിരിഞ്ഞതെപ്പോഴാണ്?

കൂട്ടുകാർ ചേർന്ന് നിർമ്മിച്ചു സുഹൃത്ത് അനൂപ് കൊച്ചിൻ സംവിധാനം ചെയ്ത ഷോർട് ഫിലിമില്‍ അഭിനയിക്കുമ്പോഴാണ് അഭിനയിക്കാൻ സാധിക്കുമെന്ന് ആദ്യം മനസിലായത്. ഞാൻ ഒരു കൂട്ടുകുടുംബത്തിൽ ആണ് ജനിച്ചത്. എന്‍റെ അമ്മൂമ്മ ചെരക്കര കല്യാണി അമ്മ. ഞാൻ സി.കെ അമ്മ എന്നാണ് വിളിക്കാറ്. അമ്മൂമ്മയ്ക്ക് സിനിമയോടും നാടകത്തോടും വല്യ ഭ്രമം ആയിരുന്നു. കുട്ടിക്കാലത്ത് സ്കൂളിൽ പഠിക്കുന്ന കാലത്ത് അമ്മൂമ്മയ്‌ക്കൊപ്പം ഉത്സവപ്പറമ്പുകളിൽ പുലരുവോളം നാടകം കണ്ടിരുന്നിട്ടുണ്ട്. അമ്മൂമ്മ പ്രേം നസീർ സാറിന്‍റെ വല്യ ആരാധികയായിരുന്നു. അമ്മൂമ്മയ്ക്ക് സിനിമ ഇഷ്ടമായതു കൊണ്ട് അമ്മാവൻ വീട്ടിൽ ടിവിയും വിസിആറും വാങ്ങി. അങ്ങനെ ദൂരദർശനിലെ ഞായറാഴ്ച സിനിമകൾ കൂടാതെ ധാരാളം സിനിമകൾ വി.എച്ച്.എസ് കാസറ്റുകൾ വഴി ടി വിയിൽ കാണാറുണ്ടായിരുന്നു.

ലാലേട്ടന്‍റെ ചിത്രം, വന്ദനം, മമ്മൂക്കയുടെ ന്യൂ ഡൽഹിയും വടക്കൻ വീരഗാഥയും ഒക്കെ കണ്ട് ഞാനും സിനിമയെ ഇഷ്ടപ്പെട്ടു തുടങ്ങി. വീടിനടുത്തുള്ള കേശവേട്ടൻ കമലഹാസന്‍റെ ആരാധകൻ ആയിരുന്നു. മൂപ്പർ കമലഹാസൻ സിനിമകളുടെ കാസറ്റുമായി വീട്ടിൽ വരും സിനിമ കാണാൻ. അങ്ങനെ ചെറുപ്പത്തിലെ ഇവരുടെയൊക്കെ കട്ട ഫാനായിരുന്നുഞാൻ. സ്കൂളിൽ നാടകത്തിനും ലളിത സംഗീതത്തിനും മോണോ ആക്റ്റിനുമൊക്കെ പങ്കെടുത്തു സമ്മാനങ്ങള്‍ കിട്ടാറുണ്ടായിരുന്നു.

മിമിക്രി ചെയ്യുന്നവർക്ക് സിനിമയിൽ പെട്ടെന്നു അവസരം കിട്ടുന്നുണ്ടെന്ന് മനസിലായപ്പോള്‍ ജയറാമേട്ടന്‍റെ മിമിക്രി കണ്ടു അതു അനുകരിച്ചു നോക്കി ഒരു ചെറിയൊരു മിമിക്രിക്കാരനായി. കോളേജ് പഠന കാലത്ത് ഫെസ്റ്റിവലിൽ പങ്കെടുത്തപ്പോൾ കൂട്ടുകാരുമായി ബെറ്റ് വെച്ച് അതിഥി ആയി വന്ന ബാലചന്ദ്രമേനോൻ സാറിന്‍റെ കാറ് തടഞ്ഞു വരെ ഞാൻ അവസരം ചോദിച്ചിട്ടുണ്ട്.. അത്രേം ഇഷ്ടമായിരുന്നു സിനിമ. പഠനം കഴിഞ്ഞപ്പോൾ എഫ്.എം റേഡിയോ കേട്ട് റേഡിയോ ജോക്കികൾ സംവിധായകരെയും താരങ്ങളെയും ഇന്‍റര്‍വ്യൂ ചെയുന്നത് കണ്ടു റേഡിയോ ജോക്കി ആയി അവരെയൊക്കെ നേരിൽ കണ്ട് ചാൻസ് ചോദിക്കാം എന്നു കരുതി റേഡിയോയിൽ പോയി മുട്ടി. ആ സമയത്തെ അബദ്ധങ്ങൾ നിറഞ്ഞ അനുഭവങ്ങൾ ഈ ഇടയ്ക്ക് രമേഷ് പിഷാരടിയുടെ സ്റ്റാന്‍ഡപ്കോമഡി പ്രോഗ്രാമിൽ കോവിഡ് കാലത്ത് സ്റ്റാന്‍ഡപ്പ് കൊമേഡിയനായി മാറവെ പങ്കുവെച്ചിട്ടുണ്ട്.

സത്യം പറഞ്ഞാല്‍ ഒരിക്കലും റേഡിയോ ജോക്കി ആകാനോ, ടെലിവിഷൻ അവതാരകനാകാനോആഗ്രഹിച്ചിരുന്നില്ല. മനസ് നിറയെ സിനിമയിൽ അഭിനയിക്കണം എന്നു മാത്രമായിരുന്നു. നിരവധി ഒഡിഷനുകളിലും പങ്കെടുത്തിട്ടുണ്ട്. ഓഡിഷൻ വഴി സുജിത് വാസുദേവിന്‍റെ ഓട്ടർഷയിൽ അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ അദ്ദേഹം നൽകിയ പ്രോത്സാഹനം പിന്നീട് അഭിനയിക്കാനുള്ള ആത്മവിശ്വാസം നൽകി.

ആദ്യസിനിമയായ സിഗ്നലിനെക്കുറിച്ച്?

സുഹൃത്ത് ആദി അനിച്ചൻ നായകനായ സിനിമയായിരുന്നു സിഗ്നൽ അതിൽ അവസരം ചോദിച്ചപ്പോൾ സൈഡ് റോൾ കിട്ടി. 2013ൽ ആയിരുന്നു അത്. തൃശൂരിൽ ആയിരുന്നു ഷൂട്ടിംഗ്. ആ സമയത്ത് തൃശൂരിൽ ചിത്രീകരിച്ച പ്രഭുവിന്‍റെ മക്കൾ എന്ന സിനിമയുടെ ഷൂട്ടിംഗ് കാണാൻ പോയപ്പോൾ അതിൽ അഭിനയിച്ച പുതുമുഖം ആയിരുന്നു ടോവിനോ തോമസ്. അദ്ദേഹം പിന്നീട് താരമായി മാറിയപ്പോള്‍ വലിയ പ്രചോദനമായി.

കാഞ്ഞങ്ങാടുകാര്‍ എന്തുപറഞ്ഞു?

നാട്ടുകാർക്ക് ഇപ്പൊ വല്യ കാര്യം ആണ്. അവർ സന്തോഷ്‌ ഏട്ടാ എന്നാണ് വിളിക്കുന്നത്. പ്രായമായ അമ്മാവന്‍മാരും ചേച്ചിമാരും അടക്കം അങ്ങനെ വിളിക്കുമ്പോൾ ആ കഥാപാത്രം നന്നായി എന്നാണ് ഞാൻ കരുതുന്നത്.

സന്തോഷേട്ടനെ അഭിനന്ദിക്കാന്‍ സിനിമയില്‍ നിന്നും ആരെങ്കിലും വിളിച്ചിരുന്നോ?

ആദ്യം വിളിച്ചത് ഷിബു ചക്രവർത്തി സാർ ആണ്. പിന്നെ ജയേട്ടൻ (ജയസൂര്യ )വിളിച്ചു. മെന്‍റലിസ്റ്റ് ആദി കളിക്കൂട്ടുകാരനും കസിനും ആണ്. അവൻ അഭിനന്ദിച്ചപ്പോൾ വലിയ സന്തോഷം തോന്നി. പിന്നെ തിരക്കഥാകൃത്ത് സിന്ധുരാജ് സർ മെസേജ് അയച്ചിരുന്നു. ഇവരെ പോലുള്ളവർ വിളിക്കുമ്പോൾ എന്നെപ്പോലൊരു തുടക്കക്കാരന് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ്.



തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം അവസരങ്ങള്‍ തേടിവന്നോ?

സത്യത്തിൽ പുതിയ സിനിമകൾ എന്ന് പറയാൻ ഒരു അവസരവും നിങ്ങളോട് സംസാരിക്കുന്നത് വരെ വന്നിട്ടില്ല. ഇതുവരെ എത്തിയത് തന്നെ ഭാഗ്യം എന്നാണ് കരുതുന്നത്. അവസരം കിട്ടുമെന്ന് വിശ്വസിക്കുന്നു. പ്രതീക്ഷിക്കുന്നു. ഇല്ലെങ്കിൽ വീണ്ടും ചാൻസ് ചോദിക്കും. സിനിമയ്ക്ക് എന്നെ വേണ്ടെങ്കിലും സിനിമയെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.

കുടുംബത്തെക്കുറിച്ച്?

കാസര്‍കോട്, കാഞ്ഞങ്ങാട് സ്വദേശം.അച്ഛൻ എം.വി നാരായണൻ നമ്പ്യാർ, അമ്മ ചെരക്കര ലക്ഷ്മി, ഭാര്യ വന്ദന ശിവൻ തിരുവനന്തപുരം സ്വദേശിനിയാണ്. കാര്യവട്ടം യൂണിവേഴ്സിറ്റിയിൽ മലയാളത്തിൽ പി.എച്ച്.ഡി ചെയ്യുകയാണ് വന്ദന. അനുജത്തി ആരതി സിവിൽ എഞ്ചിനീയറിങ് മേഖലയിൽ ആണ്. രാധീഷ് കൃഷ്ണയാണ് ഭര്‍ത്താവ്. ഇവര്‍ക്കൊരു മകനുണ്ട് ജ്ഞാനേശ്വരൻ. അമ്മൂമ്മ കല്യാണി അമ്മയ്‌ക്കൊപ്പം കുടുംബമായി കാഞ്ഞങ്ങാട് 'ലക്ഷ്മി കല്യാണി' എന്ന വീട്ടിലാണ് ഞാന്‍ താമസിക്കുന്നത്. ഭാര്യയും കുടുംബവും വലിയ സപ്പോര്‍ട്ടാണ് നല്‍കുന്നത്. സുഹൃത്തുക്കളും വലിയരീതിയില്‍ പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. എന്‍റെ അമ്മയ്ക്ക് ഞാൻ വലിയ നടനായി കാണാൻ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ അവർക്ക് സിനിമയെ കുറിച്ച് അറിയാത്തത് കൊണ്ട് പേടി ഉണ്ടായിരുന്നു. എനിക്ക് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എന്നെപ്പോലെ അവരും. എല്ലാവരോടും പറഞ്ഞാല്‍ തീരാത്ത നന്ദിയുണ്ട്.

Similar Posts