വിജയ്ക്ക് പിഴ ചുമത്തി ചെന്നൈ സിറ്റി ട്രാഫിക് പോലീസ്
|ടിൻറഡ് ഗ്ലാസ് ഉപയോഗിച്ച് വാഹനം ഓടിച്ചതിനാണ് താരത്തിന് പിഴ ലഭിച്ചത്
ചെന്നൈ: സൂപ്പർ സ്റ്റാർ വിജയ്ക്ക് പിഴ ചുമത്തി ചെന്നൈ സിറ്റി ട്രാഫിക് പോലീസ്. ടിൻറഡ് ഗ്ലാസ് ഉപയോഗിച്ച് വാഹനം ഓടിച്ചതിനാണ് താരത്തിന് പിഴ ലഭിച്ചത്. 500 രൂപയാണ് പിഴ. ഞായറാഴ്ച ആരാധകരെ കാണാനായി ഈസ്റ്റ് കോസ്റ്റ് റോഡിലെ പനയൂരിലെ ഓഫീസിലേക്ക് പോയ വിജയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ താരം ഉപയോഗിച്ച എസ്‌യുവി കാറിൽ സൺ കൺട്രോൾ ടിന്റഡ് ഗ്ലാസ് ഉണ്ടെന്നും അത് കാറുകളിൽ ഉപയോഗിക്കാൻ പാടില്ലെന്നും ചൂണ്ടിക്കാട്ടിക്കാട്ടി ഒരാള്‍ രംഗത്ത് വരുകയുമായിരുന്നു. ഈ പിഴവ് ചൂണ്ടിക്കാട്ടി വീഡിയോ ട്വീറ്റ് ചെയ്യുകയും ഗ്രേറ്റർ ചെന്നൈ ട്രാഫിക് പോലീസിനെ ടാഗ് ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസ് പിഴ ചുമത്തുകയും ടിന്റഡ് ഗ്ലാസ് നീക്കം ചെയ്യാൻ നിർദേശിക്കുകയുമായിരുന്നു.
ഇതിനുമുൻപ് ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്ത റോള്‍സ് റോയിസിന് എൻട്രീ ടാക്സ് അടക്കാത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം മദ്രാസ് ഹൈക്കോടതി താരത്തിന് ഒരു ലക്ഷം രൂപ പിഴ വിധിച്ചിരുന്നു.
തെറ്റായ പാതയിൽ വാഹനമോടിച്ചതിന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വാഹനത്തിന് സിറ്റി പോലീസ് 500 രൂപ പിഴ ചുമത്തിയിരുന്നു. സിറ്റി പോലീസ് അവരുടേതായ രീതിയിൽ പ്രവർത്തിക്കുമെന്നും റെയിൽവേ അഡീഷണൽ ഡയറക്ടർ ജനറലിന്റെ ചുമതലയിലാണ് വാഹനമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.