Entertainment
Chief Minister visits actor Mamukoyas house
Entertainment

നടൻ മാമുക്കോയയുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി

Web Desk
|
30 April 2023 4:45 AM GMT

മാമുക്കോയയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനമറിയിച്ചു

കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയയുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം മന്ത്രി എ.കെ ശശീന്ദ്രൻ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രിയെത്തിയത്. മാമുക്കോയയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനമറിയിച്ചു.

ഔദ്യോഗിക പരിപാടികളുമായി മുഖ്യമന്ത്രി ഇന്ന് ജില്ലയിലുണ്ട്. മാമുക്കോയയുടെ കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി സംസാരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രിയ നടന്റെ അന്ത്യം. നടന നാട്യങ്ങളൊന്നുമില്ലാതെ, കോഴിക്കോടൻ ഭാഷയുടെ സൗന്ദര്യം കൊണ്ടും ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടികൾ കൊണ്ടും സ്‌ക്രീനിനെ ത്രസിപ്പിച്ചു നിർത്തിയ പതിറ്റാണ്ടുകൾ നീണ്ട കലാജീവിതത്തിനാണ് അന്ത്യമായത്. മലപ്പുറം കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.

മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകളിൽ സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുക്കാതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. മാമുക്കോയക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്ന സംവിധായകൻ വി.എം വിനുവിന്റെ പരാമർശം വിവാദങ്ങൾക്കിടയാക്കിയിരുന്നു. മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകൾക്ക് പലരും വരുമെന്ന് കരുതി. പക്ഷേ വന്നില്ല. എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്നാൽ താരങ്ങൾ വരാത്തതിൽ പരാതിയില്ലെന്ന് മാമുക്കോയയുടെ മക്കൾ പറഞ്ഞു. വിദേശത്തുള്ള മമ്മൂട്ടിയും മോഹൻലാലും വിളിച്ച് സാഹചര്യം അറിയിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തുള്ള ദീലിപും മറ്റു താരങ്ങളും വിളിച്ചന്വേഷിച്ചിരുന്നു. ഷൂട്ടും പരിപാടികളും മുടക്കി പോകുന്നതിനോട് ഉപ്പാക്കും താല്പര്യമുണ്ടായിരുന്നില്ല. അനാവശ്യ ചർച്ചകൾ അവസാനിപ്പിക്കണെന്നും മാമുക്കോയയുടെ മക്കളായ മുഹമ്മദ് നിസാറും അബ്ദുൽ റഷീദും പറഞ്ഞു.

Similar Posts