Entertainment
ചിരഞ്ജീവിക്കും രാജമൗലിക്കുമായി ലാൽ സിങ് ഛദ്ദയുടെ സ്പെഷ്യൽ സ്ക്രീനിംഗ്; വികാരാധീനനായി ആമിർ ഖാൻ
Entertainment

ചിരഞ്ജീവിക്കും രാജമൗലിക്കുമായി ലാൽ സിങ് ഛദ്ദയുടെ സ്പെഷ്യൽ സ്ക്രീനിംഗ്; വികാരാധീനനായി ആമിർ ഖാൻ

Web Desk
|
18 July 2022 10:01 AM GMT

ചിരഞ്ജീവിയുടെ ഹൈദരാബാദിലെ വസതിയിൽ വച്ചായിരുന്നു സ്ക്രീനിങ്

ആമിർ ഖാൻ നായകനായ ലാൽ സിങ് പ്രേക്ഷകരിലേക്കെത്തുകയാണ്. ആഗസ്ത് 11നാണ് ചിത്രത്തിന്‍റെ റിലീസ്. കഴിഞ്ഞ ദിവസം ചിരഞ്ജീവിയുടെ വീട്ടില്‍ വച്ച് ഒരു സ്പെഷ്യല്‍ സ്ക്രീനിംഗ് നടന്നിരുന്നു. അത്യന്തം വികാരധീനനായിട്ടാണ് ഷോയില്‍ ആമിര്‍ പങ്കെടുത്തത്.

ചിരഞ്ജീവിയുടെ ഹൈദരാബാദിലെ വസതിയിൽ വച്ചായിരുന്നു സ്ക്രീനിങ്. രാജമൗലി, പുഷ്പ സംവിധായകന്‍ സുകുമാര്‍, നാഗാര്‍ജുന, നാഗ ചൈതന്യ എന്നിവരും സ്പെഷ്യല്‍ ഷോയില്‍ ചിത്രം കാണാനുണ്ടായിരുന്നു. നാഗാർജുനയുടെ മകനും തെലുങ്ക് സൂപ്പർ താരവുമായ നാഗ ചൈതന്യയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പാൻ ഇന്ത്യൻ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് തിയറ്ററുകളിലെത്തിക്കുന്നത് ചിരഞ്ജീവിയാണ്.

പ്രീവ്യൂവിന്‍റെ വിഡിയോ ചിരഞ്ജീവി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. 'വൈകാരിക യാത്ര' എന്നാണ് അദ്ദേഹം വീഡിയോയെ വിശേഷിപ്പിച്ചത്. ''എന്‍റെ പ്രിയ സുഹൃത്ത് ആമിർഖാനുമായുള്ള ഒരു ആകസ്മിക കൂടിക്കാഴ്ചയും ഒരു ചെറിയ ചാറ്റും എങ്ങനെയെന്നത് കൗതുകകരമാണ്. ജപ്പാനിലെ ക്യോട്ടോ വിമാനത്താവളത്തില്‍ വച്ച് കണ്ടുമുട്ടിയത് കുറച്ച് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്‍റെ സ്വപ്ന പദ്ധതിയുടെ ഭാഗമാകുന്നതിലേക്ക് എന്നെ നയിച്ചു'' ചിരഞ്ജീവി ട്വിറ്ററില്‍ കുറിച്ചു.

പ്രീവ്യൂവിന് ശേഷം ആമിർ ഖാൻ വികാരാധീനനാവുന്നത് വിഡിയോയിൽ കാണാം വർഷങ്ങളോളമുള്ള കാത്തിരിപ്പിന് ശേഷമാണ് ചിത്രം ഇപ്പോൾ റിലീസ് ചെയ്യുന്നത്. ചിരഞ്ജീവി, നാഗാർജുന, രാജമൗലി, പുഷ്‌പയുടെ സംവിധായകനായ സുകുമാർ അടക്കമുള്ളവർ ആമിർ ഖാനെ അഭിനന്ദിക്കുന്നതും വീഡിയോയിലുണ്ട്.. ആമിറിനെ കെട്ടിപ്പിടിച്ചാണ് ചിരഞ്ജീവി അഭിനന്ദിക്കുന്നത്.

1994 ൽ റിലീസ് ചെയ്‌ത ടോം ഹാങ്ക്സിന്റെ ഫോറസ്റ്റ് ഗംപ് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് ലാൽ സിംഗ് ഛദ്ദ. ടോം ഹാങ്ക്സിന് മികച്ച നടനുള്ള ഓസ്‌കർ അവാർഡ് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഫോറസ്റ്റ് ഗംപ്. 25 വർഷങ്ങൾക്ക് ശേഷമാണ് ചിത്രം ഇപ്പോൾ ഹിന്ദിയിൽ റീമേക്ക് ചെയ്യുന്നത്. ആമിർഖാൻ പ്രൊഡക്ഷൻസും വയാകോം 18 മോഷൻ പിക്ചേഴ്സും ചേർന്നാണ് ലാൽ സിംഗ് ഛദ്ദ നിർമ്മിക്കുന്നത്.

Similar Posts