മോശം സിനിമകളെ പ്രേക്ഷകര്‍ നിരസിക്കും, ഞാനതിന്‍റെ ഇരയാണ്; ആചാര്യയുടെ പരാജയത്തില്‍ ചിരഞ്ജീവി
|വംശിധർ ഗൗഡും ലക്ഷ്മിനാരായണ പുട്ടംചെട്ടിയും സംവിധാനം ചെയ്ത ചിത്രത്തിന്‍റെ പ്രീ-റിലീസ് ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം
ഡല്‍ഹി: ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു ചിരഞ്ജീവിയും മകന്‍ രാം ചരണും ഒന്നിച്ച ആചാര്യ. 140 കോടി ബഡ്ജറ്റിലെടുത്ത ചിത്രത്തിന് ബോക്സോഫീസില്‍ നിന്നും 76 കോടി നേടാനെ സാധിച്ചുള്ളൂ. ഇപ്പോള്‍ ചിത്രത്തിന്‍റെ പരാജയത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ചിരഞ്ജീവി. മോശം സിനിമകള്‍ നിരസിക്കപ്പെടുമെന്ന് ഒരു തെലുങ്ക് ചിത്രത്തിന്‍റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയുടെ പ്രീ-റിലീസ് ചടങ്ങിൽ അദ്ദേഹം വ്യക്തമാക്കി.
വംശിധർ ഗൗഡും ലക്ഷ്മിനാരായണ പുട്ടംചെട്ടിയും സംവിധാനം ചെയ്ത ചിത്രത്തിന്‍റെ പ്രീ-റിലീസ് ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. ''മഹാമാരിക്ക് ശേഷം, തിയറ്ററുകളിലേക്കുള്ള ആളുകളുടെ വരവ് കുറഞ്ഞു എന്നത് സ്ഥിരമായ ആശങ്കയാണ്. എന്നാൽ ഇതിനർത്ഥം അവർ തിയറ്ററുകളിൽ വരാൻ ആഗ്രഹിക്കുന്നില്ല എന്നല്ല. നല്ല സിനിമകളാണെങ്കില്‍ അവര്‍ തീര്‍ച്ചയായും വരും. ബിംബിസാരം,സീതാരാമം, കാര്‍ത്തികേയ 2 എന്നിവ ഇതിന് മികച്ച ഉദാഹരണങ്ങളാണ്. തിരക്കഥയിലും നല്ല ഉള്ളടക്കത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ പ്രേക്ഷകർ സിനിമയെ തിരസ്‌കരിക്കും. സിനിമയുടെ തത്വശാസ്ത്രം തന്നെ മാറി. മോശം സിനിമകള്‍ റിലീസിന്‍റെ രണ്ടാം ദിവസം തന്നെ നിരസിക്കപ്പെടും. ഞാനതിന്‍റെ ഇരകളിലൊരാളാണ്'' ചിരഞ്ജീവി പറഞ്ഞു.
കൊരട്ടാല ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ ആചാര്യ എന്ന നക്സലൈറ്റായാണ് ചിരഞ്ജീവി അഭിനയിച്ചത്. പൂജ ഹെഗ്ഡെ ആയിരുന്നു ചിത്രത്തിലെ നായിക. സോനു സൂദ്, നാസര്‍ എന്നിവരായിരുന്നു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
#Chiranjeevi : "Even My Film was rejected from the 2nd day recently!, Content should excite the audience, that is is the Key. That's why #Bimbisara #SitaRamam & #Karthikeya2 worked." pic.twitter.com/BanJyX38GO
— AndhraBoxOffice.Com (@AndhraBoxOffice) August 31, 2022