എന്‍റെ അഭിനയം സ്വഭാവികമല്ലേ, ആര്‍ട്ടിഫിഷ്യല്‍ അല്ലല്ലോ: സ്വയം പുകഴ്ത്തി ചിരഞ്ജീവി
|ചിരഞ്ജീവിയുടെ അഭിനയത്തെ കളിയാക്കിയാണ് മലയാളികളുടെ ആക്രമണം
ഹൈദരാബാദ്: മലയാള സിനിമകള്‍ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യുമ്പോഴെല്ലാം ട്രോളുകള്‍ ഏറ്റുവാങ്ങാനായിരിക്കും വിധി. സ്വഭാവികമായി രീതിയില്‍ മലയാളത്തില്‍ ഒരുക്കുന്ന ചിത്രങ്ങള്‍ അതിഭാവുകത്വം കലര്‍ത്തി അവതരിപ്പിക്കുന്നതാണ് മലയാളി പ്രേക്ഷകരെ ചൊടിപ്പിക്കുന്നത്. റീമേക്കുകള്‍ അന്നാട്ടുകാരെ പോലും വെറുപ്പിക്കാറുണ്ട്. അത്തരത്തില്‍ പൊങ്കാല ഏറ്റുവാങ്ങിയൊരു ചിത്രമായിരുന്നു ലൂസിഫറിന്‍റെ റീമേക്കായ ഗോഡ്ഫാദര്‍. തിയറ്ററില്‍ നിന്നും ചിത്രം ഒടിടിയിലെത്തിയതോടെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
ചിരഞ്ജീവിയുടെ അഭിനയത്തെ കളിയാക്കിയാണ് മലയാളികളുടെ ആക്രമണം. മോഹന്‍ലാല്‍ അവിസ്മരണീയമാക്കിയ സ്റ്റീഫന്‍ നെടുമ്പള്ളിയെ ചിരഞ്ജീവി കുളമാക്കിയെന്നാണ് പ്രധാന വിമര്‍ശനം. സംഭവം സീരിയസായി ചെയ്തതാണെങ്കിലും കോമഡിയായെന്നും ആരാധകര്‍ പറയുന്നു. ഇതിനിടയില്‍ തന്‍റെ അഭിനയത്തെ പുകഴ്ത്തിക്കൊണ്ട് ചിരഞ്ജീവി ഫിലിം കമ്പാനിയന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
''ഞാനെന്ത് ചെയ്താലും ആരാധകർക്ക് ഇഷ്ടമാണ്. അവരത് അനുകരിക്കുന്നു. ഇതൊക്കെ ചെയ്യാൻ നീ ആരാ ചിരഞ്ജീവി ആണോ എന്ന് പ്രയോഗം വരെ ഉണ്ടായിരുന്നു. ഞാനെന്ത് ചെയ്താലും, ഏത് വസ്ത്രം ധരിച്ചാലും എല്ലാം ഫാൻസ് അനുകരിക്കുന്നു. ആരാധകരെ മനസ്സിൽ കണ്ടാണ് ഇതെല്ലാം ചെയ്യുന്നത്. പാട്ടുകളിലെ ചില സീനുകളിൽ എനിക്ക് ആരാധകരോട് സംസാരിക്കാം. 'എന്‍റെ സീനിയേർസിനോടുള്ള എല്ലാം ബഹുമാനവും നിലനിർത്തി പറയട്ടെ, എന്റെ വരവോടെയാണ് പാട്ടും ഡാൻസും ആക്ഷനും ആളുകൾ ആസ്വദിച്ച് തുടങ്ങിയത്. മുൻപ് ഗാനരംഗം വരുമ്പോൾ ആളുകൾ അത് ചെറിയ ഇന്റർവെൽ പോലെ ആണ് കണ്ടിരുന്നത്. ഭൂരിഭാഗം ഫൈറ്റ് സീനുകളും ചെയ്തിരുന്നത് ഡ്യൂപ്പുകൾ ആയിരുന്നു. ആദ്യമായി സ്ത്രീകൾ പോലും എന്റെ ആക്ഷൻ രംഗങ്ങൾ ആസ്വദിക്കാൻ തുടങ്ങി. കാരണം എല്ലാം ഞാൻ തന്നെ ആയിരുന്നു ചെയ്തിരുന്നത്. അങ്ങനെയാണ് സിനിമകളിൽ ഞാൻ മാറ്റം കൊണ്ട് വന്നത്. എന്റെ അഭിനയവും ആളുകൾക്ക് ഇഷ്ടമായി തുടങ്ങി. കാരണം അഭിനയം വളരെ സ്വാഭാവികമാണ്. ആർട്ടിഫിഷ്യൽ ആയി ഒന്നും ഇല്ല. ഇങ്ങനെ നിരവധി കാര്യങ്ങൾ എനിക്ക് ഈ സ്ഥാനം ലഭിക്കാൻ സഹായിച്ചു. നിർമാതാക്കളും സംവിധായകരും എനിക്ക് നല്ല സിനിമകള്‍ തന്നു' എന്നാണ് ചിരഞ്ജീവി പറഞ്ഞത്.
നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍. ചിത്രം വന്‍ഹിറ്റായിരുന്നു. മോഹന്‍രാജയാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്തത്. ലൂസിഫറില്‍ തനിക്ക് പൂര്‍ണ തൃപ്തിയില്ലെന്ന് പ്രമോഷനിടെ ചിരഞ്ജീവി പറഞ്ഞത് ചര്‍ച്ചയായിരുന്നു. ഗോഡ്ഫാദര്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇത്ര വ്യത്യസ്തത വേണ്ടിയിരുന്നില്ലെന്നാണ് വിമര്‍ശകര്‍ പരിഹസിക്കുന്നത്. നായകനും നായിക നയന്‍താരയുമടക്കമുള്ളവര്‍ അവരുടെ റോളുകള്‍ കുളമാക്കിയപ്പോള്‍ മലയാളത്തില്‍ വിവേക് ഒബ്റോയ് അവതരിപ്പിച്ച ബോബിയായി എത്തിയ സത്യദേവ് മാത്രമാണ് മികച്ചുനിന്നതെന്നാണ് ആരാധകരുടെ പക്ഷം.