കരണത്തടിക്ക് പിന്നാലെ ക്രിസ് റോക്കിന്റെ സ്റ്റാൻഡ്- അപ്പ് ഷോയുടെ ടിക്കറ്റ് വിൽപ്പനയും വിലയും കുതിച്ചുയരുന്നു
|മാർച്ച് 18 ന് ഏറ്റവും കുറഞ്ഞ ടിക്കറ്റിന്റെ വില 46 ഡോളറായിരുന്നെങ്കിൽ ഇപ്പോഴത് 411 ഡോളറായി വർധിച്ചിട്ടുണ്ട്.
94-ാമത് അക്കാദമി അവാർഡ് വേദിയിൽ നടൻ വിൽ സ്മിത്തിൽ നിന്ന് കരണത്തടി ഏറ്റുവാങ്ങിയ സ്റ്റാന്റപ് കൊമേഡിയൻ ക്രിസ് റോക്കിന്റെ വരാനിരിക്കുന്ന സ്റ്റാൻഡ്-അപ്പ് ഷോയുടെ ടിക്കറ്റുകളുടെ വിൽപ്പനയിലും വിലയിലും വൻ വർദ്ധനവ്. മാർച്ച് 18 ന് ഏറ്റവും കുറഞ്ഞ ടിക്കറ്റിന്റെ വില 46 ഡോളറായിരുന്നെങ്കിൽ ഇപ്പോഴത് 411 ഡോളറായി വർധിച്ചിട്ടുണ്ട്.
മാർച്ച് 30 മുതൽ ഏപ്രിൽ 1 വരെ ബോസ്റ്റണിലെ വിൽബർ തീയറ്ററിൽ ക്രിസ് ആറ് ഷോകൾ അവതരിപ്പിക്കും. പുറത്തുവരുന്ന വാർത്തകൾ അനുസരിച്ച്, ബോസ്റ്റൺ ഷോ ടിക്കറ്റുകൾ വേഗത്തിൽ വിറ്റുതീർന്നിട്ടുണ്ട്. ഏപ്രിൽ 2 ന് ക്രിസ് വേൾഡ് ടൂർ ആരംഭിക്കും. വിൽ അടിച്ച അതേ വേദിയിലായിരിക്കും ക്രിസിന്റെ ഷോ അവസാനിക്കുക.
ഓസ്‌കർ അവാർഡ് വേദിയാണ് ഏറെ നാടകീയമായ സംഭവങ്ങൾക്ക് സാക്ഷി ആയത്. ഭാര്യ ജെയ്ഡ സ്മിത്തിനെക്കുറിച്ച് ക്രിസ് നടത്തിയ പരാമർശം വിൽ സ്മിത്തിനെ ചൊടിപ്പിക്കുകയായിരുന്നു. വേദിയിലേക്ക് കയറി ചെന്ന് ക്രിസിന്റെ മുഖത്തടിച്ചത്.
അതേസമയം, സംഭവം കൈവിട്ടു പോയതോടെ വിൽ സ്മിത്തിനെ ചടങ്ങിൽ നിന്ന് പുറത്താക്കുന്നതിനെക്കുറിച്ച് അക്കാദമി അംഗങ്ങൾ ഒരു ഘട്ടത്തിൽ ആലോചിച്ചിരുന്നതയി ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്രിസിന് എന്തെങ്കിലും സംഭവിച്ചുവോ എന്ന ആശങ്കയും സംഘാടകർക്ക് ഉണ്ടായിരുന്നു. എന്നാൽ പത്ത് മിനിറ്റോളം നീണ്ട ചർച്ചയ്ക്ക് ശേഷം വിൽ സ്മിത്തിനെ പുറത്താക്കേണ്ടെന്ന തീരുമാനത്തിലെത്തി.
ഈ വർഷത്തെ ഏറ്റവും മികച്ച നടനായി തിരഞ്ഞെടുത്തത് വിൽ സ്മിത്തിനെയാണ്. കിങ് റിച്ചാർഡിലെ അഭിനയത്തിനാണ് പുരസ്‌കാരം. ഓസ്‌കർ ഏറ്റുവാങ്ങിയ ശേഷം പൊട്ടിക്കരഞ്ഞുകൊണ്ട് വിൽ സ്മിത്ത് അക്കാദമിയോട് മാപ്പപേക്ഷിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ക്രിസ് റോക്കിനോടും മാപ്പു പറഞ്ഞു. താൻ ചെയ്തത് മഹാ അപരാധമാണെന്നും മനോഹരമായ ചടങ്ങിനെ കളങ്കപ്പെടുത്തിയെന്നും വിൽ സ്മിത്ത് കുറിച്ചു.