'നന്ദിയുണ്ട് മുഹമ്മദ് കുട്ടീ, സ്വവർഗാനുരാഗ കഥാപാത്രങ്ങളെ ക്രിസ്ത്യാനികളാക്കിയ ചിത്രത്തിന്'; മമ്മൂട്ടിക്കെതിരെ കാസ
|''കേന്ദ്രകഥാപാത്രമായ നായകൻ സ്വവർഗഭോഗിയായ ക്രിസ്ത്യാനി. നായകന്റെ സ്വവർഗഭോഗിയായ സുഹൃത്തും ക്രിസ്ത്യാനി. സ്വവർഗാനുരാഗം കുടുംബബന്ധത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാൻ എത്തുന്നതാകട്ടെ ഒരു വൈദികൻ''
കോഴിക്കോട്: തിയറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി-ജ്യോതിക ചിത്രം 'കാതൽ'. അതിനിടെ ചിത്രത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് തീവ്ര ക്രിസ്ത്യൻ സംഘടനയായ 'കാസ'. ഏറ്റവും വലിയ ക്രൈസ്തവവിരുദ്ധ മലയാള ചിത്രമായ 'ഭീഷ്മപർവ'ത്തിനുശേഷം വീണ്ടും ഗൂഢലക്ഷ്യങ്ങളുമായി എത്തിയ ചിത്രമാണ് 'കാതൽ' എന്ന് കാസ സോഷ്യൽ മീഡിയ കുറിപ്പിലൂടെ ആരോപിച്ചു. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന സ്വവർഗാനുരാഗിയായ കഥാപാത്രം ക്രിസ്ത്യാനിയായത് ഗൂഢലക്ഷ്യത്തോടെയാണെന്ന തരത്തിൽ വിമർശനം തുടരുന്നു.
യുവതലമുറയെ സ്വാധീനിക്കുന്ന ഏറ്റവും വലിയ മാധ്യമമാണ് സിനിമ. അവരുടെ ഉപബോധമനസ്സുകളിലേക്ക് സ്വന്തം സമുദായത്തെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും സ്വന്തം സംസ്‌കാരത്തെക്കുറിച്ചും അവമതിപ്പ് സൃഷ്ടിച്ച് അപകർഷതാബോധത്തിൽ മുക്കുക എന്നുള്ളതാണ് പുറത്തുവരുന്ന ഇത്തരം ചിത്രങ്ങളുടെ ലക്ഷ്യമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ കാസ ആരോപിക്കുന്നു. കേന്ദ്രകഥാപാത്രമായ നായകൻ സ്വവർഗഭോഗിയായ ക്രിസ്ത്യാനി, നായകന്റെ സ്വവർഗഭോഗിയായ സുഹൃത്തും ക്രിസ്ത്യാനി. സ്വവർഗാനുരാഗം കുടുംബബന്ധത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാൻ എത്തുന്നതാകട്ടെ ഒരു വൈദികൻ. ഈ വൈദികനാകട്ടെ പലതവണ നേരിട്ട് അല്ലാതെ സ്വവർഗാനുരാഗത്തെ ന്യായീകരിക്കാനും തന്റെ വാക്കുകളിൽ ശ്രമിക്കുന്നുണ്ട്. താങ്കളുടെ അടുത്ത സിനിമയിലെ ക്രിസ്ത്യാനികളുടെ റോൾ എന്താകുമെന്ന് അറിയാൻ കാത്തിരിക്കുന്നുവെന്നും പോസ്റ്റിൽ തുടരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
നന്ദിയുണ്ട് മുഹമ്മദ് കുട്ടി, അങ്ങ് തന്നെ നിർമ്മിച്ചു പുറത്തിറക്കിയിരിക്കുന്ന 'കാതൽ' എന്ന ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ രണ്ട് ഗുദഭോഗികളായ സ്വവർഗാനുരാഗ കഥാപാത്രങ്ങളെ ക്രിസ്ത്യാനികൾ ആക്കിയെങ്കിലും, കഥയിൽ അവരെ സൺഡേ സ്‌കൂൾ അധ്യാപകരാക്കി മാറ്റാതിരുന്നതിലും വിഷയം ചർച്ച ചെയ്യാൻ കുടുംബത്തിലെത്തുന്ന വൈദികനെ മദ്യപാനിയും ഈ സ്വവർഗാനുരാഗ കമ്പനിയുടെ ഭാഗമായി മാറുന്ന രീതിയിൽ തിരക്കഥയാക്കാതിരുന്നതിലും പെരുത്ത് നന്ദിയുണ്ട്? രണ്ട് ഉപനായകന്മാരെ ക്രിസ്ത്യാനികളായ സ്വവർഗാനുരാഗികൾ ആക്കിയിട്ട് അവരെ സന്മാർഗം ഉപദേശിച്ചു നന്നാക്കാൻ എത്തുന്ന മതപണ്ഡിതന്റെ റോളിൽ ആയിരുന്നു മമ്മൂട്ടിയെങ്കിൽ ഭീഷ്മപർവം പോലെ ഒന്നുകൂടി പൊളിച്ചേനെ!
യുവതലമുറയെ സ്വാധീനിക്കുന്ന ഏറ്റവും വലിയ മാധ്യമമാണ് സിനിമ. അവരുടെ ഉപബോധ മനസ്സുകളിലേക്ക് സ്വന്തം സമുദായത്തെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും സ്വന്തം സംസ്‌കാരത്തെക്കുറിച്ചും അവമതിപ്പ് സൃഷ്ടിച്ച അപകർഷതാബോധത്തിൽ മുക്കുക എന്നുള്ളതാണ് പുറത്തുവരുന്ന ഇത്തരം ചിത്രങ്ങളുടെ ലക്ഷ്യം.
അത്തരത്തിൽ വന്ന ഏറ്റവും വലിയ ക്രൈസ്തവവിരുദ്ധ മലയാള ചിത്രമായിരുന്നു മമ്മൂട്ടി നായകനായ ഭീഷ്മപർവം. അതിനുശേഷം വീണ്ടും ഇതാ ഗൂഢലക്ഷ്യത്തോടെ ഒരു ക്രൈസ്തവ പശ്ചാത്തലത്തിലുള്ള ചിത്രം 'കാതൽ'.
കേന്ദ്രകഥാപാത്രമായ നായകൻ സ്വവർഗഭോഗി ക്രിസ്ത്യാനി, നായകന്റെ സ്വവർഗഭോഗിയായ സുഹൃത്ത് അതും ക്രിസ്ത്യാനി. സ്വവർഗാനുരാഗം കുടുംബബന്ധത്തിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാൻ എത്തുന്നതാകട്ടെ ഒരു വൈദികൻ. ഈ വൈദികനാകട്ടെ പലതവണ നേരിട്ട് അല്ലാതെ സ്വവർഗാനുരാഗത്തെ ന്യായീകരിക്കാനും തന്റെ വാക്കുകളിൽ ശ്രമിക്കുന്നുണ്ട്. മൊത്തത്തിൽ നല്ല ബെസ്റ്റ് സെറ്റപ്പ്.
സിനിമയുടെ കഥ വായിച്ച് കേൾക്കുന്ന പതിവ് താങ്കൾക്കുള്ള സ്ഥിതിക്ക് സിനിമയെ കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോൾ ഒരിക്കലെങ്കിലും താങ്കളുടെ മനസ്സിലേക്ക് കേരളത്തിൽ ആഴ്ചയിൽ രണ്ടും മൂന്നും വരുന്ന വാർത്തകൾ വന്നിട്ടില്ലെന്നു മാത്രം പറയരുത്. കാരണം താങ്കളും സംവിധായകൻ ജിയോ ബേബിയും കഥാകൃത്തുമൊന്നും മാനത്തുനിന്നു പൊട്ടിവീണവർ അല്ലല്ലോ, ഈ കേരളത്തിൽ തന്നെ ജീവിക്കുന്നവരല്ലേ.. പിന്നെ ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമെഎന്നാണല്ലോ പ്രമാണം. നടക്കട്ടെ! പിന്നെ ഒന്നും മനസ്സിലാകാത്ത മണ്ടന്മാരാണ് ഞങ്ങൾ എന്നു മാത്രം അങ്ങും കൂടെയുള്ളവരും ധരിക്കരുത്.
NB- ഭീഷ്മപർവം എന്ന സിനിമ കണ്ടശേഷം ട്രെൻഡിനൊപ്പം എന്നു പറഞ്ഞ് അൾത്താരയുടെ മുന്നിൽനിന്ന് വൈദികരെ കൊണ്ടും കന്യാസ്ത്രീകളെ കൊണ്ടും, എന്തിന് പാവം സൂസപാക്യം പിതാവിനെ കൊണ്ടുവരെ ചാമ്പിച്ച എല്ലാ മൊതലുകളോടും, ഔദ്യോഗിക അംഗീകാരത്തിന്റെ തഴമ്പ് കുണ്ടിയിലുള്ള സർവ ക്രിസ്ത്യൻ യുവജന സംഘടനകളോടും ഞങ്ങൾക്ക് പറയാനുള്ളത്. ഈ സിനിമ കണ്ട ശേഷം ട്രെൻഡിനൊപ്പം എന്നു പറഞ്ഞ് പഴയതുപോലെ ഇറങ്ങരുത്, സംഗതി അസന്മാർഗികമാണ്.
Summary: Christian extremist organization 'CASA' criticizes Mammootty and 'Kaathal' film