മോണ്‍സ്റ്ററിന് മുമ്പ് ചെയ്ത നല്ല സിനിമ 'ചങ്ക്സ്'; ഹണി റോസ്
|2017ലാണ് ഹണി റോസ് പ്രധാന വേഷത്തിലെത്തിയ 'ചങ്ക്സ്' തിയറ്ററുകളിലെത്തിയത്
മോണ്‍സ്റ്ററിന് മുമ്പ് ചെയ്ത നല്ല കഥാപാത്രം ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്സിലേതാണെന്ന് നടി ഹണി റോസ്. മോണ്‍സ്റ്ററില്‍ മികച്ച വേഷം ചെയ്യാനായ സന്തോഷം പങ്കുവെച്ചാണ് ഹണി റോസ് അഭിനയ ജീവിതത്തിലെ മികച്ച സിനിമകള്‍ ഓര്‍ത്തെടുത്തത്. 2017ലാണ് ഹണി റോസ് പ്രധാന വേഷത്തിലെത്തിയ 'ചങ്ക്സ്' തിയറ്ററുകളിലെത്തിയത്. റിയ പാപ്പച്ചന്‍ (പിങ്കി) എന്ന കഥാപാത്രത്തെയാണ് ഹണി റോസ് ചിത്രത്തില്‍ അവതരിപ്പിച്ചത്. ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയമായിരുന്നു.
സിനിമയില്‍ പതിനേഴ് വര്‍ഷമായിട്ടുള്ള യാത്രയാണെന്നും 'ചങ്ക്സ്' എന്ന ചിത്രത്തിലാണ് ഇതിനു മുമ്പ് നല്ലൊരു കഥാപാത്രം ചെയ്തതെന്നും ഹണി റോസ് പറഞ്ഞു. 'ചങ്ക്സ്' വേറൊരു ജോണര്‍ സിനിമയാണ്. അതിലാണ് സ്ക്രീന്‍ സ്പേസ് കൂടുതല്‍ കിട്ടിയത്. പിന്നെ കിട്ടിയതൊക്കെ ചെറിയ വേഷങ്ങള്‍ ആയിരുന്നു. കുറേയായപ്പോള്‍ അതു മതിയായി. നല്ലൊരു വേഷത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും മോണ്‍സ്റ്റര്‍ അങ്ങനെ കാത്തിരുന്ന് കിട്ടിയ സിനിമയാണെന്നും ഹണി റോസ് പറഞ്ഞു.
മോണ്‍സ്റ്ററിലെ ഭാമിനി എന്ന കഥാപാത്രം ഒരുപാട് ഷേഡുള്ള, വളരെ ചാലഞ്ചിങ് ആയ കഥാപാത്രമായിരുന്നുവെന്നും പക്ഷേ തനിക്ക് ചെയ്യാൻ കഴിയും എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും ഹണി മനസ്സുതുറന്നു. 'നമ്മൾ തന്നെ നമ്മെ വിശ്വസിച്ചില്ലെങ്കിൽ പിന്നെ ആരു വിശ്വാസമർപ്പിക്കാനാണ്. കൂടെ അഭിനയിച്ച എല്ലാവരും നന്നായി പിന്തുണ തന്നു. അതുകൊണ്ടാണ് ആ കഥാപാത്രം നന്നായി ചെയ്യാൻ കഴിഞ്ഞത്', ഹണി കൂട്ടിച്ചേര്‍ത്തു.
നന്ദമുരി ബാലകൃഷ്ണ നായകനായ തെലുഗു സിനിമ 'വീര സിംഗ റെഡ്ഢി'യിലാണ് ഹണി റോസ് ഇപ്പോള്‍ അഭിനയിക്കുന്നത്. പുഷ്പ നിര്‍മിച്ച മൈത്രി മൂവീസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ നിര്‍മിച്ച് സംവിധാനം ചെയ്യുന്ന 'റാണി' എന്ന ചിത്രവും ഹണിയുടേതായി പുറത്തിറങ്ങാനുണ്ട്. സാമൂഹിക പ്രാധാന്യമേറിയ വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്ന് ഹണി റോസ് പറഞ്ഞു.