20 വര്‍ഷങ്ങള്‍ക്ക് ശേഷം മൂലംകുഴിയില്‍ സഹദേവന് വീണ്ടും; സിഐഡി മൂസ രണ്ടാം ഭാഗം ഉടനെന്ന് ദിലീപ്
|ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടനുണ്ടാകുമെന്ന് ദിലീപ് തന്നെയാണ് ആരാധകരെ അറിയിച്ചത്
മലയാളികളെ ചിരിയില്‍ ആറാടിച്ച ചിത്രമാണ് സിഐഡി മൂസ. ഇപ്പോഴും ചാനലുകളില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രം. 20 വര്‍ഷങ്ങള്‍ക്ക് ശേഷം മൂലംകുഴിയില്‍ സഹദേവനും കൂട്ടരും വീണ്ടും മടങ്ങിയെത്തുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടനുണ്ടാകുമെന്ന് ദിലീപ് തന്നെയാണ് ആരാധകരെ അറിയിച്ചത്.
'മൂസ ഉടനെത്തുന്നു. സിഐഡി മൂസയുടെ 20 വര്‍ഷങ്ങള്‍' എന്നാണ് ദിലീപ് കുറിച്ചത്. ഈയിടെ സംവിധായകന് ജോണി ആന്റണിയും ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് സൂചനകള്‍ നല്‍കിയിരുന്നു. മൂസയും കൂട്ടരും വീണ്ടുമെത്തുമ്പോള്‍ ചിത്രത്തിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച പല കലാകാരന്മാരും ഇന്നില്ല എന്നതും ദുഃഖകരമാണ്. അപകടത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ജഗതി ശ്രീകുമാറിന്റെ അഭാവമാണ് ഒന്ന്. കൊച്ചിന് ഹനീഫ,ക്യാപ്റ്റന്‍ രാജു, ഒടുവില്‍ ഉണ്ണികൃഷ്ണന്, മുരളി ,സുകുമാരി,പറവൂര്‍ ഭരതന് എന്നിവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളും ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് നഷ്ടമാകും.
2003 ജൂലൈ 4നാണ് സിഐഡി മൂസ തിയറ്ററുകളിലെത്തിയത്. ഉദയ് കൃഷ്ണ-സിബി കെ.തോമസിന്റെ തിരക്കഥയില്‍ ജോണി ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തത്. ഭാവനയായിരുന്നു നായിക. ആശിഷ് വിദ്യാര്‍ഥിയാണ് വില്ലനായി എത്തിയത്. ഹരിശ്രീ അശോകന്,സലിം കുമാര്‍, ഇന്ദ്രന്‍സ്,ബിന്ദു പണിക്കര്‍,വിജയരാഘവന്, കുഞ്ചന്‍,അബു സലിം തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. നായകന് ദിലീപ് തന്നെയാണ് സിഐഡി മൂസ നിര്‍മിച്ചത്. ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.