Entertainment
തിയറ്ററില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ വിലക്കാം, സൗജന്യ കുടിവെള്ളം നല്‍കണം; സുപ്രീം കോടതി
Entertainment

'തിയറ്ററില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ വിലക്കാം, സൗജന്യ കുടിവെള്ളം നല്‍കണം'; സുപ്രീം കോടതി

Web Desk
|
3 Jan 2023 2:10 PM GMT

കുഞ്ഞുങ്ങളുമായി വരുന്ന മാതാപിതാക്കള്‍ക്കും പ്രായമായവര്‍ക്കും കഴിക്കാന്‍ ആവശ്യമായ ഭക്ഷണം തിയറ്ററിനകത്തേക്ക് കൊണ്ടുപോകാമെന്ന് കോടതി

ന്യൂദല്‍ഹി: തിയറ്ററില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ വിലക്കാന്‍ ഉടമകള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി. എന്നാല്‍ ശുദ്ധമായ കുടിവെള്ളം സൗജന്യമായി നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. അതെ സമയം കുഞ്ഞുങ്ങളുമായി വരുന്ന മാതാപിതാക്കള്‍ക്കും പ്രായമായവര്‍ക്കും കഴിക്കാന്‍ ആവശ്യമായ ഭക്ഷണം തിയറ്ററിനകത്തേക്ക് കൊണ്ടുപോകാമെന്നും കോടതി വ്യക്തമാക്കി.

സിനിമ തിയറ്ററുകളിലും മള്‍ട്ടിപ്ലക്‌സുകളിലും എത്തുന്നവര്‍ക്കു ഭക്ഷണവും പാനീയങ്ങളും കൊണ്ടുവരാമെന്നും അവ തടയരുതെന്നും ജമ്മു കശ്മീര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്, തിയറ്റര്‍ ഉടമകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ അധികാരമുണ്ടെന്നു ഉത്തരവിട്ടത്.

എന്നാല്‍ പുറത്ത് നിന്നുള്ള ഭക്ഷണം തിയറ്ററുകളില്‍ കൊണ്ടുവരാന്‍ അനുവദിച്ച ഹൈക്കോടതിയുടെ നടപടി അധികാര പരിധി കടന്നുള്ളതാണ് എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഒരു സിനിമ കാണാന്‍ ഏത് തിയറ്റര്‍ തെരഞ്ഞെടുക്കുന്നു എന്നത് പ്രേക്ഷകന്‍റെ അവകാശവും വിവേചന അധികാരവുമാണ്. അതിനാല്‍ മാനേജ്‌മെന്‍റനും നിയമങ്ങള്‍ ഉണ്ടാക്കാനുള്ള അവകാശമുണ്ട് എന്നും സുപ്രീം കോടതി പറഞ്ഞു.

സിനിമ തിയറ്ററുകള്‍ സ്വകാര്യ സ്വത്താണ്. അവിടെ ഭക്ഷണവും പാനീയങ്ങളും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ച നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തിയറ്റര്‍ ഉടമകള്‍ക്ക് അധികാരമുണ്ടെന്നും കോടതി വിലയിരുത്തി.

Similar Posts