Entertainment
Shehnad Jalal Interview | മൂന്നേക്കറിൽ വെളളം കെട്ടിനിർത്തിയാണ് ഉളെളാഴുക്ക് ഷൂട്ട് ചെയ്തത്
Entertainment

Shehnad Jalal Interview | മൂന്നേക്കറിൽ വെളളം കെട്ടിനിർത്തിയാണ് ഉളെളാഴുക്ക് ഷൂട്ട് ചെയ്തത്

അന്ന കീര്‍ത്തി ജോര്‍ജ്
|
5 July 2024 10:20 AM GMT

ഉളെളാഴുക്കിൽ മഴയ്ക്കും വെള്ളക്കെട്ടിനും പ്രത്യേക ശ്രദ്ധ നൽകാതെ, കഥാപാത്രങ്ങളുടെ പശ്ചാത്തല സാമഗ്രിയായാണ് ഉപയോഗിച്ചിരിക്കുന്നത്. അപൂർവമായാണ് വീടിന് പുറത്തുള്ള വൈഡ് ഷോട്ടുകൾ വരുന്നത്. പക്ഷെ വീടിനുള്ളിലെയും മുറ്റത്തെയും ഷോട്ടുകൾക്ക് വേണ്ടി ഏറെ തയ്യാറെടുപ്പുകളും അധ്വാനവും നടത്തിയിട്ടുണ്ട്. മൂന്ന് ഏക്കറോളം വരുന്ന പറമ്പിൽ വെള്ളം കെട്ടിനിർത്തുക എന്നത് ശ്രമകരമായിരുന്നു.| ഛായാഗ്രാഹകൻ ഷഹ്നാദ് ജലാൽ അഭിമുഖം

ചിത്രസൂത്രമെന്ന ആദ്യ സിനിമയിലൂടെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഷഹ്നാദ് ജലാൽ മലയാള സിനിമാ മേഖലയുടെ വിവിധ വഴികളിലൂടെ സമാന്തരമായി സഞ്ചരിച്ച ക്യാമറ പേഴ്സണാണ്. കൊമേഴ്സ്യൽ സിനിമകൾക്കൊപ്പം സ്വതന്ത്രസിനിമകളുടെയും ഡോക്യുമെന്ററികളുടെയും ഭാഗമായി. ഇക്കഴിഞ്ഞ വർഷങ്ങളിൽ ക്യാമറ ചലിപ്പിച്ച ഭൂതകാലം, ഭ്രമയുഗം, കറി ആന്റ് സയനൈഡ് തുടങ്ങിയവ പ്രേക്ഷകർക്ക് സമ്മാനിച്ചത് മറക്കാനാകാത്ത അനുഭവങ്ങൾ. ഇപ്പോൾ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കിൽ കഥാപാത്രങ്ങളുടെ സങ്കീർണതകളിലേക്ക് മഴയെയും വെള്ളക്കെട്ടിനെയും ലയിപ്പിക്കുന്ന ജാലവിദ്യ കാണിച്ചുതന്നിരിക്കുകയാണ് ഷഹ്നാദ് ജലാൽ. സിനിമാവഴികളും കാഴ്ചപ്പാടുകളും മീഡിയവണ്ണുമായി പങ്കുവെക്കുകയാണ് അദ്ദേഹം.


1. ഉള്ളൊഴുക്കിൽ ലീലാമ്മയും അഞ്ജുവും മാത്രമുള്ള നിരവധി ഷോട്ടുകളുണ്ട്. ഒരാൾ മുന്നിലും മറ്റൊരാൾ പിന്നിലും ആയും രണ്ട് പേരും വ്യത്യസ്ത ദിശകളിലേക്ക് നോക്കുന്ന രീതിയിലും ഇരുവർക്കും തുല്യ പ്രാധാന്യമുള്ള രീതിയിലും തുടങ്ങി വ്യത്യസ്തമായ ഷോട്ടുകൾ. തിരക്കഥയിൽ ക്രിസ്റ്റോ ടോമി ഇതെല്ലാം പറഞ്ഞിരുന്നോ അതോ താങ്കളോടൊപ്പമുള്ള ചർച്ചയിൽ കൂടിയാണോ ഈ ഷോട്ടുകളിലൂടെയുള്ള നരേഷൻ ഉരുത്തിരിഞ്ഞത്?

ഒരു സീൻ ഇംപ്രവൈസ് ചെയ്ത് വരുമ്പോൾ ആർട്ടിസ്റ്റുകളുടെ പൊസിഷൻ കൂടി സ്വാഭാവികമായും അതിലുണ്ടാകും. ഏത് കഥാപാത്രത്തിനാണോ പ്രാധാന്യം അതിനനുസരിച്ചായിരിക്കും ഫോക്കസും ഫ്രെയ്മിങ്ങും നിശ്ചയിക്കുന്നത്. രണ്ട് പേർ സംസാരിക്കുമ്പോൾ ഉപയോഗിക്കുന്ന സ്ഥിരം സങ്കേതമായ സജഷൻ ഷോട്ടുകളാണ് ചിത്രത്തിലുമുളളത്. അഞ്ജുവിന്റെയും ലീലാമ്മയുടെയും ക്ലോസ് അപ്പ് ഷോട്ടുകൾ ചിത്രത്തിൽ നിരവധി ഉണ്ടാകുമെന്ന് പ്രീ പ്രൊഡക്ഷൻ സ്റ്റേജിൽ തന്നെ അറിയാമായിരുന്നു. അതുകൊണ്ട് രണ്ട് പേർ വരുന്ന ഫ്രെയ്മുകൾ എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് ആലോചിച്ചത്.

2. ഉള്ളൊഴുക്കിൽ മഴയും വെള്ളക്കെട്ടും പുഴയുമെല്ലാം കുട്ടനാടൻ ജീവിതങ്ങളുടെ ഭാഗമെന്ന നിലയിൽ ഏറ്റവും സ്വാഭാവികമായാണ് കടന്നുവരുന്നത്. അതേസമയം സൗന്ദര്യാത്മകവുമാണത്. എങ്ങനെയാണ് ഈ മീറ്റർ സാധ്യമാക്കിയത്?

മഴയ്ക്കും വെള്ളക്കെട്ടിനും പ്രത്യേക ശ്രദ്ധ നൽകാതെ, കഥാപാത്രങ്ങളുടെ പശ്ചാത്തലസാമഗ്രിയായാണ് ഉപയോഗിച്ചിരിക്കുന്നത്. അപൂർവമായാണ് വീടിന് പുറത്തുള്ള വൈഡ് ഷോട്ടുകൾ വരുന്നത്. പക്ഷെ വീടിനുള്ളിലെയും മുറ്റത്തെയും ഷോട്ടുകൾക്ക് വേണ്ടി ഏറെ തയ്യാറെടുപ്പുകളും അധ്വാനവും നടത്തിയിട്ടുണ്ട്. മൂന്ന് ഏക്കറോളം വരുന്ന പറമ്പിൽ വെള്ളം കെട്ടിനിർത്തുക എന്നത് ശ്രമകരമായിരുന്നു. ആർട്ട് ഡയറക്ടർ ബാവയുടെ നേതൃത്വത്തിലാണ് അത് ചെയ്തത്. ആ ഭൂപ്രദേശത്തിന്റെ പ്രത്യേകത കൊണ്ട് കൂടിയാണ് വെള്ളം അങ്ങനെ നിലനിർത്താൻ സാധിച്ചത്. പലപ്പോഴും കൃത്രിമമഴയും ഉപയോഗിച്ചിട്ടുണ്ട്. ക്യാമറയിലും ആർട്ടിലുമുള്ള പലരും മുഴുവൻ സമയവും വെള്ളത്തിൽ നിന്നാണ് വർക്ക് ചെയ്തിരുന്നത്. ഒരു ഷോട്ട് ഏറ്റവും നന്നായി എടുക്കുക എന്ന ലക്ഷ്യത്തോടെ, തോളോടുതോൾ ചേർന്ന് വർക്ക് ചെയ്യുന്നവരാണ് നമ്മുടെ ഇൻഡസ്ട്രിയിലുള്ളത്. എല്ലാവരുടെയും കൂട്ടായ അധ്വാനമാണ് ആ ഷോട്ടുകൾ സാധ്യമാക്കിയത്.

3. കഥാപാത്രങ്ങളുടെയും കഥയിലെയും സമ്മർദങ്ങൾ തങ്ങളെയും ബാധിച്ചിരുന്നതായി ഉർവശിയും പാർവതിയും പറഞ്ഞിരുന്നു. ക്യാമറ പേഴ്സൺ എന്ന നിലയിൽ താങ്കളെ സംബന്ധിച്ചിടത്തോളം ഇത്തരത്തിൽ കഥയോ കഥാപാത്രങ്ങളോ മാനസികമായി ബാധിക്കാറുണ്ടോ?

തിരക്കഥ വായിക്കുമ്പോൾ തന്നെ ആ ചിത്രത്തിന്റെ മൂഡ് നമുക്ക് മനസിലാകും, ഇല്ലെങ്കിൽ ആ വർക്കിലേക്ക് കയറാനാകില്ല. സംവിധായകന്റെ കാഴ്ചപ്പാടും സിനിമയുടെ ആത്മാവിനെയും മനസിലാക്കിയാണ് ഞാൻ വർക്ക് ചെയ്യുന്നത്. ആ ആത്മാവിനെ പ്രേക്ഷകരിലേക്ക് അതുപോലെ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഓരോ സിനിമയും.

4. അടുത്തിടെ ചെയ്ത ഭൂതകാലവും ഭ്രമയുഗവും പുതിയ കാഴ്ചാനുഭവങ്ങൾ മലയാളിക്ക് സമ്മാനിച്ച ചിത്രങ്ങളാണ്. സംഭാഷണങ്ങളും കഥാപാത്രങ്ങളും കുറഞ്ഞ ചിത്രം വിഷ്വലുകളിലൂടെയാണല്ലോ ചലിക്കുന്നത്. ഈ ചിത്രങ്ങളുടെ തിരക്കഥയെ എങ്ങനെയാണ് തെരഞ്ഞെടുത്തത് ?

സംഭാഷണങ്ങൾ കുറവുള്ള ചിത്രത്തിൽ വിഷ്വലുകൾ കൂടുതൽ സമയം ഹോൾഡ് ചെയ്യാനുള്ള അവസരമുണ്ടാകും. സ്ലോ പേസ് കൂടിയാകുമ്പോൾ വിഷ്വൽ പൂർത്തിയാകാനുള്ള സമയവും ലഭിക്കും. അങ്ങനെയുള്ള ചിത്രങ്ങളായിരുന്നു ഭൂതകാലവും ഭ്രമയുഗവും, ദൃശ്യങ്ങളിലൂടെ ആണ് കഥ പറഞ്ഞത്. തിരക്കഥ വായിക്കുമ്പോഴേ ഈ സാധ്യത മനസിൽ തെളിഞ്ഞിരുന്നു.

5. ഭൂതകാലവും ഭ്രമയുഗവും ഉള്ളൊഴുക്കും അതിലെ അഭിനേതാക്കളുടെ കരിയറിലെ മികച്ച പെർഫോമൻസുകൾ നൽകിയവയാണ്. ക്യാമറക്ക് മുമ്പിൽ അഭിനയപ്രകടനങ്ങൾ തത്സമയം കണ്ട് അത്ഭുതപ്പെട്ടുപോയ നിമിഷങ്ങളുണ്ടോ?

എല്ലാ സിനിമയിലും അങ്ങനെയുണ്ടായിട്ടുണ്ട്. പക്ഷെ അഭിനേതാക്കളേക്കാൾ കഥാപാത്രത്തെയാകുമല്ലോ നമ്മൾ കാണുക. കഥാപാത്രത്തിന്റെ അവതരണത്തിൽ ഒരു പൂർത്തീകരണം ഉണ്ടായോ എന്നാണ് നോക്കുന്നത്.

6. മുഖ്യധാര സിനിമകൾക്കൊപ്പം സമാന്തര സിനിമകളുടെയും ഡോക്യുമെന്ററികളുടെയും ഭാഗമായിട്ടുണ്ട്. കരിയർ പ്ലാനിങ്ങിന്റെ ഭാഗമായിരുന്നോ ഇത്?

അങ്ങനെ വലിയ പ്ലാനിങ്ങ് നടത്തുന്ന ആളല്ല ഞാൻ. ഇഷ്ടപ്പെട്ട വർക്കുകൾ വരുമ്പോൾ ചെയ്യുന്നതാണ്. ആറ്റൂർ രവിവർമയെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ഭാഗമാകുന്നത് അദ്ദേഹത്തെ കുറിച്ച് അറിയാനുള്ള ആഗ്രഹം കൊണ്ട് കൂടിയാണ്. ഡോക്യുമെന്ററികൾ പലതും സുഹൃത്തുക്കൾക്കൊപ്പമാണ് ചെയ്തിരിക്കുന്നത്. ഡോക്യുമെന്ററികൾ നമ്മുടെ കാഴ്ചകളെയും കാഴ്ചപ്പാടുകളെയും കൂടുതൽ വിശാലമാക്കും. അവ സിനിമാട്ടോഗ്രഫിയിൽ ക്രിയേറ്റീവായ സംഭാവനകൾ നൽകിയിട്ടുണ്ട്. കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുമെന്നതുകൊണ്ട് ഇപ്പോൾ അധികം ഡോക്യുമെന്ററികൾ ചെയ്യാൻ കഴിയാറില്ല.

7. കറി ആന്റ് സയനൈഡ് പോലെ സ്‌ക്രിപ്റ്റ് തയ്യാറാക്കി ഷൂട്ട് ചെയ്യുന്നവയും സ്‌ക്രിപ്റ്റഡ് അല്ലാത്തവയുമായ ഡോക്യുമെന്ററികളുണ്ടല്ലോ.എങ്ങനെയാണ് ഇവ രണ്ടിനെയും നോക്കി കാണുന്നത്?

അൻവർ അലി ചെയ്ത ഡോക്യുമെന്ററിയും സ്‌ക്രിപ്റ്റഡായിരുന്നു. നേരത്തെ സ്‌ക്രിപ്റ്റ് ഉള്ളവയാണെങ്കിലും അല്ലെങ്കിലും ഡോക്യുമെന്ററികൾ പിറക്കുന്നത് എഡിറ്റിങ് ടേബിളിലാണ്. നൈസർഗികമായ നിമിഷങ്ങളും അറിയാത്ത ഒരു കാര്യത്തിന് പിന്നാലെ അന്വേഷിച്ച് പോകുന്നതുമാണ് പൊതുവെ ഡോക്യുമെന്ററിയുടെ പ്രധാന ഘടകങ്ങളായി കണക്കാക്കപ്പെടുന്നത്. ക്യാമറക്ക് മുന്നിൽ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുമ്പോൾ അതിനോട് പ്രതികരിക്കുന്നതും പിന്നീട് അവിടെ നിന്നും മുന്നോട്ടു പോകുന്നതുമായ ഡോക്യുമെന്ററികളിൽ ക്യാമറ പേഴ്സണ് കുറച്ചുകൂടി നിർണായകമായ റോളുണ്ട്. പക്ഷെ അത്തരം ഡോക്യുമെന്ററികൾ എനിക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല.


8. അഭിനേതാക്കൾക്കും സംവിധായകർക്കും ഒപ്പം സിനിമയുടെ ടെക്നിക്കൽ ടീമിനെയും പ്രേക്ഷകർ ശ്രദ്ധിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന സമയമാണ് ഇപ്പോഴുള്ളതെന്ന് കരുതുന്നുണ്ടോ? അത് സിനിമയുടെ വിജയങ്ങൾക്കൊപ്പം വ്യക്തിപരമായ സന്തോഷം കൂടി നൽകുന്നുണ്ടോ?

മാധ്യമങ്ങളിൽ സമൂഹമാധ്യമങ്ങളിലും ശ്രദ്ധിക്കപ്പെടുമ്പോൾ സന്തോഷമുണ്ടാകും. എനിക്കാണെങ്കിൽ ആദ്യ സിനിമക്ക് തന്നെ സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. ആ സമയത്ത് മാധ്യമശ്രദ്ധ എങ്ങനെയാണെന്നത് അറിയാനും അനുഭവിക്കാനും കഴിഞ്ഞിരുന്നു. കുറച്ച് ദിവസങ്ങളെ ഇതിനൊക്കെ ആയുസുള്ളു. അടുത്ത പടം ചെയ്യാൻ പോകുമ്പോൾ പൂജ്യത്തിൽ നിന്ന് തന്നെയാണല്ലോ തുടങ്ങുന്നത്. അതുകൊണ്ട് ഈ ശ്രദ്ധയിലും അഭിനന്ദനങ്ങളിലും മനം മയങ്ങി പോകാറില്ല.

9. സിനിമകൾ വിജയമാകുന്നതുകൊണ്ട് മാത്രം ക്യാമറാമാൻമാർ ശ്രദ്ധിക്കപ്പെടണം എന്നില്ല. ക്യാമറ വർക്കിന് പ്രാധാന്യമുള്ള ചിത്രങ്ങൾ ചെയ്യാൻ ശ്രദ്ധിക്കാറുണ്ടോ? സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ അതൊരു പ്രധാന മാനദണ്ഡമാണോ? 2002ൽ ചിത്രസൂത്രമെന്ന ആദ്യ ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വ്യക്തി കൂടിയാണല്ലോ.

അങ്ങനെയൊന്നുമില്ല. സംവിധായകന് ആ കഥയെയും സിനിമ എന്ന മീഡിയത്തെയും കുറിച്ചുള്ള ധാരണയും മനോഭാവവുമാണ് ഞാൻ നോക്കുന്നത്. എന്റെ 20ാം ചിത്രമാണ് ഇപ്പോൾ ചെയ്യുന്നത്. സ്വതന്ത്ര സിനിമകളുടെയും ഭാഗമായിട്ടുണ്ട്. എല്ലാം വിജയിക്കണമെന്ന ആഗ്രഹത്തോടെയാണ് ചെയ്യുന്നത്. ഇതിൽ പലതും ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്.

10. പുതിയ പ്രോജക്ടുകൾ?

രത്തീനയുടെ പാതിരാത്രിയാണ് ഇപ്പോൾ വർക്ക് ചെയ്യുന്നത്.

Similar Posts