പ്രവര്‍ത്തനം മാതൃകാപരം; സൽമാൻ ഖാനെ തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥന് സി.ഐ.എസ്.എഫിന്റെ പ്രശംസ
|റഷ്യയിലേക്ക് പറക്കാനായി വിമാനത്താവളത്തിലെത്തിയ സല്മാന് ഖാന് വരി നില്‍ക്കാതെ നേരിട്ട് അകത്തേക്ക് കടക്കുന്നതിനിടെയായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥന് തടഞ്ഞതും വരിയില്‍ നില്ക്കാന് ആവശ്യപ്പെട്ടതും.
മുംബൈ വിമാനത്താവളത്തിൽ ബോളിവുഡ് താരം സൽമാൻ ഖാനെ തടഞ്ഞ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. മാതൃകാപരമായ പ്രവര്‍ത്തനത്തിന് സി.ഐ.എസ്.എഫില്‍ നിന്ന് പ്രശംസ നേടിയിരിക്കുകയാണ് ഉദ്യോഗസ്ഥന്. തക്കതായ പ്രതിഫലത്തിന് അദ്ദേഹം അര്‍ഹനാണെന്നും സി.ഐ.എസ്.എഫ് ട്വീറ്റ് ചെയ്തു. ഉദ്യോഗസ്ഥനെതിരായ പ്രചാരണങ്ങള്‍ വ്യാജമാണെന്നും വസ്തുതാവിരുദ്ധമാണെന്നും സി.ഐ.എസ്.എഫ് വ്യക്തമാക്കി.
റഷ്യയിലേക്ക് പറക്കാനായി വിമാനത്താവളത്തിലെത്തിയ സല്മാന് ഖാന് വരി നില്‍ക്കാതെ നേരിട്ട് അകത്തേക്ക് കടക്കുന്നതിനിടെയായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥന് തടഞ്ഞതും വരിയില്‍ നില്ക്കാന് ആവശ്യപ്പെട്ടതും. ആഗസ്റ്റ് 20നായിരുന്നു സംഭവം. ഇതിന്റെ വീഡിയോ നിമിഷനേരംകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഉദ്യോഗസ്ഥന്റെ നടപടിയെ അഭിനന്ദിച്ചും കുറ്റപ്പെടുത്തിയും നിരവധിപേരാണ് ഇതോടെ രംഗത്തെത്തിയത്.
ടൈഗര്‍ ത്രീ എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടായിരുന്നു സല്‍മാന്റെ റഷ്യന്‍ യാത്ര. റഷ്യ, ഓസ്ട്രിയ, തുര്‍ക്കി എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക. മനീഷ് ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കത്രീന കൈഫ്, ഇംറാന്‍ ഹാഷ്മി എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.