'വാരിയംകുന്നന്‍' രണ്ട് ഭാഗങ്ങളിലായി പുറത്തിറക്കുമെന്ന് നിര്‍മാതാക്കളായ കോമ്പസ് മൂവീസ്
|വാരിയംകുന്നന്‍ എന്ന സിനിമ അതിന്‍റെ ഏറ്റവും മികച്ച കലാ മികവോടെ തന്നെ ആഗോള സിനിമാലോകത്തേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനത്തിലാണ്.
'വാരിയംകുന്നന്‍' രണ്ട് ഭാഗങ്ങളിലായി പുറത്തിറക്കുമെന്ന് നിര്‍മാതാക്കളായ കോമ്പസ് മൂവീസ്‍. പ്രൊജക്ടില്‍ നിന്നും സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജും പിന്‍മാറിയതിനെ തുടര്‍ന്നാണ് നിര്‍മാതാക്കള്‍ വിശദീകരണം നല്‍കിയത്. വാരിയംകുന്നന്‍ എന്ന സിനിമ അതിന്‍റെ ഏറ്റവും മികച്ച കലാ മികവോടെ തന്നെ ആഗോള സിനിമാലോകത്തേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനത്തിലാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും മലബാര്‍ വിപ്ലവത്തിന്‍റെയും ബൃഹത്തായ ചരിത്രം നീതിയുക്തമായും അതര്‍ഹിക്കുന്ന സൗന്ദര്യത്തോടെയും അവതരിപ്പിക്കുന്നതിനായി സിനിമ രണ്ടു ഭാഗങ്ങളിലായി പുറത്തിറക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും കോമ്പസ് മൂവീസ് എം.ഡി സിക്കന്തര്‍ അറിയിച്ചു.
സിനിമയൂടെ പിന്നണി പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അണിയറ പ്രവര്‍ത്തകരെപ്പറ്റിയും നടീനടന്മാരെക്കുറിച്ചുമുള്ള പരിഷ്കരിച്ച വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും നിര്‍മാതാക്കള്‍ പ്രസ്താവനയിലൂടെ അറിയിച്ചു. വാരിയംകുന്നന്‍ എന്ന സിനിമാപദ്ധതി ഏറ്റെടുത്തിട്ട് അഞ്ച് വര്‍ഷത്തോളമായതായും സിനിമ നിര്‍മ്മിക്കുക എന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് മനസ്സിലാക്കിത്തന്നെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചതെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.
നിർമാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് സംവിധായകൻ ആഷിഖ് അബുവും നടൻ പൃഥ്വിരാജും വാരിയംകുന്നന്‍ സിനിമയില്‍ നിന്നും പിന്മാറിയതെന്ന് വിശദീകരണം നല്‍കിയത്. 2020 ജൂണ്‍ 22നാണ് വാരിയംകുന്നന്‍ പ്രഖ്യാപിക്കുന്നത്.
സിനിമയുടെ പേരിൽ പൃഥ്വിരാജ് സൈബർ ആക്രമണത്തിന് വിധേയമായിരുന്നു. 'ലോകത്തിന്‍റെ നാലിലൊന്നും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ യുദ്ധംചെയ്ത് 'മലയാള രാജ്യം' എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു' എന്നായിരുന്നു സിനിമാ പ്രഖ്യാപന വേളയില്‍ പൃഥ്വിരാജിന്റെ പോസ്റ്റ്. മലബാർ വിപ്ലവചരിത്രത്തിന്റെ നൂറാംവാർഷികത്തിൽ (2021) ചിത്രീകരണം തുടങ്ങുമെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.