Entertainment
14 വർഷത്തിന് ശേഷം വിജയ്‌യുടെ നായികയാകാൻ തൃഷ; ഒന്നിക്കുന്നത് ദളപതി 67ൽ
Entertainment

14 വർഷത്തിന് ശേഷം വിജയ്‌യുടെ നായികയാകാൻ തൃഷ; ഒന്നിക്കുന്നത് ദളപതി 67ൽ

Web Desk
|
1 Feb 2023 12:22 PM GMT

തൃഷയെ കൂടാതെ, സഞ്ജയ് ദത്ത്, അർജുൻ സർജ, മിഷ്‌കിൻ, ഗൗതം മേനോൻ, മൻസൂർ അലി ഖാൻ, മാത്യു തോമസ്, പ്രിയ ആനന്ദ് എന്നിവരും ദളപതി 67ൽ പ്രധാനവേഷത്തിൽ എത്തുന്നു

രേഖ-അമിതാഭ് ബച്ചൻ, കമൽഹാസൻ-ശ്രീദേവി, ഷാരൂഖ്-കജോൾ സിനിമാ ലോകത്ത് ആരാധകർക്ക് പ്രിയപ്പെട്ട താരജോഡികൾ നിരവധിയാണ്. ഇങ്ങനെ വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രം ഒരുമിച്ച് അഭിനയിച്ച് ആരാധകരുടെ മനംകവർന്ന ഹിറ്റ് ജോഡിയാണ്‌ വിജയ്-തൃഷ. 2008ൽ പുറത്തിറങ്ങിയ കുരുവി എന്ന ചിത്രത്തിന് ശേഷം ഇരുവരെയും ഒന്നിച്ച് സ്‌ക്രീനിൽ കാണാൻ സാധിച്ചിട്ടില്ല. ഇപ്പോഴിതാ 14 വർഷത്തിന് ശേഷം വിജയ്‌യുടെ നായികയാകാൻ ഒരുങ്ങുകയാണ് തെന്നിന്ത്യൻ സൂപ്പർ നായിക.

ലോകേഷ് കനകരാജിന്റെ ദളപതി 67ൽ തൃഷ എത്തുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഈ അഭ്യൂഹങ്ങൾ ശരിവെക്കുന്നതാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ. ചൊവ്വാഴ്‌ച, ദളപതി 67ലെ അഭിനേതാക്കളും ജോലിക്കാരും കശ്മീരിലേക്ക് പോയ വിമാനത്തിലെ യാത്രക്കാരുടെ ലിസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തൃഷയുടെ പേരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയമായത്. ഇതോടെ ചിത്രത്തിൽ നായികയായി തൃഷയെത്തുമെന്ന വാർത്തകൾക്ക് ചൂടുപിടിക്കുകയായിരുന്നു.

ദളപതി 67 ന്റെ നിർമ്മാതാക്കളായ സെവൻ സ്‌ക്രീൻ സ്റ്റുഡിയോ ട്വിറ്ററിലൂടെ വാർത്ത സ്ഥിരീകരിച്ചതോടെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി. പ്രൊഡക്ഷൻ ഹൗസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വിജയ്‌യും തൃഷയും ഒന്നിച്ചുള്ള ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. "വന്നു, നിങ്ങൾ ചോദിച്ച അപ്‌ഡേറ്റ് ഇതാ.. 14 വർഷത്തിന് ശേഷം, സെൻസേഷണൽ ഓൺ-സ്‌ക്രീൻ ജോഡിയെ ഒരിക്കൽ കൂടി കണ്ടുമുട്ടാൻ തയ്യാറായിക്കോളൂ"; സെവൻ സ്ക്രീൻ സ്റ്റുഡിയോ ട്വിറ്ററിൽ കുറിച്ചു.

ഗില്ലി, കുരുവി, തിരുപ്പാച്ചി, ആതി എന്നിവയാണ് ഇരുവരുടെയും ഹിറ്റ് ചിത്രങ്ങൾ. ഗില്ലിയും തിരുപ്പാച്ചിയും വിജയ്‌യുടെ കരിയർ ബെസ്റ്റ് ചിത്രങ്ങളാണ്. അതേസമയം, വിജയ് സേതുപതിയുമായി 96 എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ തൃഷ മണിരത്നം സംവിധാനം ചെയ്‌ത സൂപ്പർ ഹിറ്റ് ചിത്രം പൊന്നിയിൻ സെൽവനിലും മികച്ച പ്രകടനം കാഴ്‌ച വെച്ചിരുന്നു.

തൃഷയെ കൂടാതെ, സഞ്ജയ് ദത്ത്, അർജുൻ സർജ, മിഷ്‌കിൻ, ഗൗതം മേനോൻ, മൻസൂർ അലി ഖാൻ, മാത്യു തോമസ്, പ്രിയ ആനന്ദ് എന്നിവരും ദളപതി 67ൽ പ്രധാനവേഷത്തിൽ എത്തുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീതം. സംവിധായകനൊപ്പം, രത്ന കുമാർ, ധീരജ് വൈദി എന്നിവർ ചിത്രത്തിന്റെ തിരക്കഥയിൽ പങ്കാളികളാവുന്നുണ്ട്. എഴുതി 7 സ്‌ക്രീൻ സ്റ്റുഡിയോ ചിത്രം നിർമിക്കുന്ന ചിത്രത്തിൽ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തിലുണ്ട്.'വാരിസാ'ണ് വിജയിന്‍റെതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രം. വംശി പൈഡിപ്പള്ളിയായിരുന്നു സംവിധാനം.

ദസറ റിലീസായി ചിത്രം തിയറ്ററിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ലക്ഷ്യം. ചിത്രത്തിന്‍റെ സ്ട്രീമിംഗ് അവകാശം 160 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്.

Similar Posts