'കൊത്തിലേക്ക് ദുല്‍ഖറിനെയും ടൊവിനോയെയും പരിഗണിച്ചു, ഒരാള്‍ കഥ കേട്ട് എക്സൈറ്റഡല്ലെന്ന് പറഞ്ഞു'
|ആസിഫലി തന്റെ വീട്ടില്‍ വന്ന് കഥ കേട്ടിട്ട് ഓവര്‍ എക്സൈറ്റഡായെന്ന് സിബി മലയില്‍
സിബി മലയില്‍ ഇടവേളയ്ക്ക് ശേഷം സംവിധായകനായി എത്തിയ ചിത്രമാണ് കൊത്ത്. ആസിഫ് അലിയും റോഷന് മാത്യുവുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സിനിമയിലേക്ക് ആസിഫലിയെ പരിഗണിച്ചത് എങ്ങനെയെന്ന് ക്ലബ് എഫ്എമ്മിന് നല്കിയ അഭിമുഖത്തില്‍ സിബി മലയില്‍ പറഞ്ഞു.
"പല യുവതാരങ്ങളെയും സിനിമയിലേക്ക് പരിഗണിച്ചിരുന്നു. ദുല്‍ഖറിനെയും ടൊവിനോയെയും ആലോചിച്ചിരുന്നു. അതില്‍ ഒരാളോട് ഞാന്‍ കഥ പറഞ്ഞു. അദ്ദേഹം കഥ കേട്ടിട്ട് എക്സൈറ്റഡല്ല എന്ന് പറഞ്ഞു. അതോടെ ആ ഓപ്ഷന് ഒഴിവാക്കി. ഒരാള്‍ എക്സൈറ്റഡല്ലാതെ ചെയ്തിട്ട് എനിക്കും അദ്ദേഹത്തിനും പ്രയോജനമില്ല. പിന്നീടാണ് ആസിഫിലേക്ക് വന്നത്. ആസിഫ് എന്റെ വീട്ടില്‍ വന്ന് കഥ കേട്ടിട്ട് ഓവര്‍ എക്സൈറ്റഡായി. ഞാനിത് ചെയ്യും സാര്‍ എന്ന് അപ്പോള്‍ തന്നെ പറഞ്ഞു"
അര്ജുന് അശോകനെയാണ് റോഷന്റെ കഥാപാത്രത്തിന്റെ സ്ഥാനത്ത് ആദ്യം മനസില്‍ കണ്ടത്. രഞ്ജിത്താണ് റോഷനെ ട്രൈ ചെയ്താലോ എന്ന് ചോദിച്ചത്. ആ സമയം റോഷന് കുറച്ച് ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളൊക്കെ ചെയ്തിട്ടുണ്ട്. റോഷന്റെ തൊട്ടപ്പന് എന്ന സിനിമയാണ് താന്‍ കണ്ടിട്ടുള്ളതെന്ന് സിബി മലയില്‍ പറഞ്ഞു. കഥ കേട്ടപ്പോള്‍ ചെയ്യാമെന്ന് റോഷന് തീരുമാനിച്ചെന്നും സിബി മലയില്‍ പറഞ്ഞു.