മരക്കാറിലെ വിവാദ രംഗം ഡിലീറ്റഡ് സീനാക്കി പുറത്ത്; വീഡിയോ
|മലയാളത്തില്‍ ഒഴിവാക്കിയ രംഗം തമിഴ്, ഹിന്ദി പതിപ്പുകളില്‍ പ്രിയദര്‍ശന്‍ ഉള്‍പ്പെടുത്തിയിരുന്നു
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലിറങ്ങിയ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം സിനിമയിലെ മലയാളം പതിപ്പില്‍ ഒഴിവാക്കി വിവാദത്തിലായ രംഗം ഒടുവില്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. കുഞ്ഞാലി മരക്കാറും പട്ടുമരക്കാരും സാമൂതിരിയുടെ കൊട്ടാരത്തില്‍ വെച്ച് താനൂര്‍ അബൂബക്കറിനോട് നടത്തുന്ന സംഭാഷണ രംഗങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. രംഗത്തില്‍ പതിനൊന്നു കെട്ടിയ ഹാജിയാരുടെ വേഷത്തിലാണ് മാമുക്കോയ വരുന്നത്. താനൂര്‍ അബൂബക്കര്‍ ഹാജി എന്ന കഥാപാത്രത്തെയാണ് മാമുക്കോയ അവതരിപ്പിക്കുന്നത്.
പോർച്ചുഗീസുകാർ ഇനിയും വരുമെന്നും അന്ന് ഇതുപോലെ ചക്ക വീണ് മുയൽ ചാവില്ലെന്നും പറയുന്ന അബൂബക്കറിനോട് പട്ടുമരക്കാർ ചോദിക്കുന്നത് 'തനിക്ക് എത്ര ഭാര്യമാർ ഉണ്ടെന്നാണ്?' പതിനൊന്ന് ഭാര്യമാർ എന്ന് ഉത്തരം പറയുന്ന ഹാജി ശരിക്കും എത്ര പേരുണ്ടെന്ന് എണ്ണി നോക്കാൻ വീട്ടിലേക്ക് പോവുന്നതോടെയാണ് സീൻ അവസാനിക്കുന്നത്. ഈ കഥാപാത്രത്തോട് സിദ്ദീഖിന്‍റെ പട്ടുമരക്കാർ, പണ്ട് കൊണ്ടോട്ടി മാർക്കറ്റിൽ വെച്ച് സ്ഥിരം തല്ല് വാങ്ങിയിരുന്ന ആളല്ലെയെന്നും പല്ല് കണ്ടാൽ തനിക്ക് തിരിച്ചറിയാമെന്നും പറയുന്നുണ്ട്.
വംശീയമായ ഈ രംഗത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. രംഗം വിവാദമായതിന് പിന്നാലെയാണ് അണിയറ പ്രവര്‍ത്തകര്‍ സൈന വീഡിയോയുടെ ഔദ്യോഗിക ചാനല്‍ വഴി ഇതേ രംഗം പുറത്തുവിട്ടത്. സിനിമയുടെ ചിത്രീകരണവും തുടര്‍ന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ അടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍ രംഗം കണ്ട് ചിരിക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. പുറത്തുവന്ന രംഗം തമിഴ്, ഹിന്ദി പതിപ്പുകളില്‍ സംവിധായകനായ പ്രിയദര്‍ശന്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഡിസംബർ 17 നാണ് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. മോഹൻലാൽ, നെടുമുടി വേണു, മഞ്ജു വാര്യർ, പ്രണവ് മോഹൻലാൽ, കല്ല്യാണി പ്രിയദർശൻ, മുകേഷ്, സുനിൽ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.