'ഭോപാലുകാർ സ്വവർഗാനുരാഗികൾ'; വിവാദ പരാമർശവുമായി കശ്മീർ ഫയൽസ് സംവിധായകൻ-വിവാദം
|സ്വന്തം അനുഭവമാകും അഗ്നിഹോത്രി പറഞ്ഞതെന്നും ഭോപാലുകാരുടെ കാര്യമല്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് പ്രതികരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച് 'കശ്മീർ ഫയൽസ്' സംവിധായകൻ വിവേക് അഗ്നിഹോത്രി. ഭോപാലുകാരെ ആളുകൾ പൊതുവെ സ്വവർഗാനുരാഗികളായാണ് കാണുന്നതെന്നായിരുന്നു വിവാദ പരാമർശം. വലതുപക്ഷ ന്യൂസ് പോർട്ടലായ 'ഓപ് ഇന്ത്യ'യ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇത്.
''ഭോപാലാണ് എന്റെ നാട്. എന്നാൽ, ഞാനൊരു ഭോപാലുകാരനാണെന്ന് പറയാറില്ല. കാരണം, ഭോപാലി എന്നു പറയുന്നതിന് വേറൊരു അർത്ഥം കൂടിയുണ്ട്. ഒരാൾ താനൊരു ഭോപാലിയാണെന്നു പറയുകയാണെങ്കിൽ അതിനർത്ഥം അയാളൊരു സ്വവർഗാനുരാഗിയാണെന്നാണ്.'' അഭിമുഖത്തിൽ വിവേക് അഗ്നിഹോത്രി പറയുന്നു.
പരാമർശത്തിനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. ഇത് താങ്കളുടെ അനുഭവമാകുമെന്നും ഭോപാലുകാരുടെ കാര്യമല്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് പ്രതികരിച്ചു. 77 വർഷമായി ഞാൻ ഭോപാലിൽ ഈ നാട്ടുകാർക്കൊപ്പമുണ്ട്. എവിടെ ജീവിച്ചാലും ഒപ്പമുള്ളവരുടെ സ്വാധീനമുണ്ടാകുമെന്നും അദ്ദേഹം പരിഹസിച്ചു.
विवेक अग्निहोत्री जी यह आपका अपना निजी अनुभव हो सकता है।
— digvijaya singh (@digvijaya_28) March 25, 2022
यह आम भोपाल निवासी का नहीं है।
मैं भी भोपाल और भोपालियों के संपर्क में 77 से हूँ लेकिन मेरा तो यह अनुभव कभी नहीं रहा।
आप कहीं भी रहें "संगत का असर तो होता ही है"।#KashmirFiles@vivekagnihotri https://t.co/L98WIQvgd2
അഗ്നിഹോത്രിക്കെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് മധ്യപ്രദേശ് മാധ്യമവിഭാഗം ഇൻ ചാർജ് കെ.കെ മിശ്ര ആഭ്യന്തര മന്ത്രി നരോത്തം മിശ്രയോട് ആവശ്യപ്പെട്ടു. വിവാദ പരാമർശത്തിൽ സംവിധായകൻ മാപ്പ് പറയണമെന്ന് എൻ.എസ്.യു.ഐ ഭോപ്പാൽ അധ്യക്ഷൻ അഭിമന്യൂ തിവാരിയും ആവശ്യപ്പെട്ടു.
Summary: Controversy over Kashmir Files director Vivek Agnihotri's remark, 'Bhopalis are assumed to be homosexuals'