വിജയ് കാറിന്‍റെ പ്രവേശന നികുതി അടയ്ക്കണം, പിഴ വേണ്ട: വാദം തുടരും
|വിജയ്ക്കെതിരായ സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് താത്കാലികമായി സ്റ്റേ ചെയ്തു
ഇറക്കുമതി ചെയ്ത കാറിന്‍റെ പ്രവേശന നികുതിയുമായി ബന്ധപ്പെട്ട കേസിൽ നടൻ വിജയ്ക്കെതിരായ സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് താത്കാലികമായി സ്റ്റേ ചെയ്തു. നികുതി ഒരാഴ്ചയ്ക്കുള്ളിൽ അടയ്ക്കാനും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ദുരൈസ്വാമിയും ജസ്റ്റിസ് ഹേമലതയുമാണ് വാദം കേട്ടത്.
നേരത്തെ മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിജയ്ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തുകയും ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പ്രകാരം നിലവില്‍ വിജയ് പിഴയടക്കേണ്ടതില്ല. വിധിയിലെ പരാമർശങ്ങൾ നീക്കണമെന്ന വിജയുടെ ആവശ്യത്തില്‍ ആഗസ്ത് 31ന് തുടര്‍വാദം നടക്കും.
കാറിന്‍റെ പ്രവേശന നികുതി അടയ്ക്കാമെന്ന് കേസ് പരിഗണിക്കവെ വിജയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വിജയ് നാരായണ്‍ കോടതിയെ അറിയിക്കുകയായിരുന്നു. രാജ്യദ്രോഹി എന്ന നിലയില്‍ വിജയ്‍യെ ചിത്രീകരിക്കുന്ന വിധത്തിലാണ് സിംഗിൾ ബെഞ്ച് ചില പരാമര്‍ശങ്ങള്‍ നടത്തിയതെന്നും ഇവ പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ചാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
2012ല്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് കാറിന് വിജയ് അഞ്ച് കോടിയോളം രൂപ ഇറക്കുമതി തീരുവ അടച്ചതാണ്. എന്നാല്‍ ഇതിന് പുറമേ പ്രവേശന നികുതി കൂടി വേണമെന്ന നോട്ടീസിനെതിരെ താരം കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹരജിയില്‍ ജൂലൈ 13നാണ് മദ്രാസ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വിധി വന്നത്. സിനിമയിലെ സൂപ്പർ ഹീറോ വെറും 'റീൽ ഹീറോ' ആയി മാറരുതെന്നും നികുതി കൃത്യമായി അടച്ച് ആരാധകർക്ക് മാതൃകയാകണമെന്നുമാണ് അന്ന് ജസ്റ്റിസ് എസ്.എം.സുബ്രഹ്‌മണ്യം ഉത്തരവിട്ടത്. ഹരജി തള്ളിയ കോടതി വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. പിഴത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ് താത്കാലികമായി റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ച്, വിജയ് അടയ്ക്കാന്‍ ബാക്കിയുള്ള 80 ശതമാനം പ്രവേശന നികുതി വേഗത്തില്‍ അടയ്ക്കണം എന്ന് നിര്‍ദേശിച്ചു. സിംഗിള്‍ ബെഞ്ചിന്‍റെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന വിജയുടെ ആവശ്യത്തില്‍ തുടര്‍വാദം കേള്‍ക്കും.