Entertainment
ഹിന്ദി പറഞ്ഞതിനു മര്‍ദനം; ജയ് ഭീമിലെ രംഗത്തിന്‍റെ പേരില്‍ പ്രകാശ് രാജിനെതിരെ പ്രതിഷേധം
Entertainment

ഹിന്ദി പറഞ്ഞതിനു മര്‍ദനം; 'ജയ് ഭീമി'ലെ രംഗത്തിന്‍റെ പേരില്‍ പ്രകാശ് രാജിനെതിരെ പ്രതിഷേധം

Web Desk
|
3 Nov 2021 5:46 AM GMT

പൊലീസ് ഉദ്യോഗസ്ഥനായ പ്രകാശ് രാജിന്‍റെ കഥാപാത്രത്തോട് ഒരാള്‍ ഹിന്ദിയില്‍ സംസാരിക്കുന്നതും, അതിന്‍റെ പേരില്‍ അയാളെ തല്ലുകയും തമിഴില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുന്നതുമാണ് രംഗം

സൂര്യ നായകനായി എത്തിയ പുതിയ ചിത്രം 'ജയ് ഭീമി'ലെ രംഗത്തിന്‍റെ പേരില്‍ നടന്‍ പ്രകാശ് രാജിന് എതിരെ ട്വിറ്ററില്‍ രൂക്ഷ വിമര്‍ശനം ഉയരുന്നു. പ്രകാശ് രാജ് അവതരിപ്പിരിക്കുന്ന കഥാപാത്രം ഹിന്ദി സംസാരിക്കുന്ന ആളെ മുഖത്തടിക്കുന്ന രംഗത്തിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥനായ പ്രകാശ് രാജിന്‍റെ കഥാപാത്രത്തോട് ഒരാള്‍ ഹിന്ദിയില്‍ സംസാരിക്കുന്നതും, അതിന്‍റെ പേരില്‍ അയാളെ തല്ലുകയും തമിഴില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുന്നതുമാണ് രംഗം. ഹിന്ദിക്കുമേല്‍ വിദ്വേഷം ജനിപ്പിക്കാനുള്ള ശ്രമമാണ് പ്രകാശ് രാജ് നടത്തുന്നതെന്നും ജയ് ഭീമിലൂടെ പ്രകാശ് രാജ് തന്‍റെ പ്രൊപ്പഗാണ്ട നടപ്പാക്കുകയാണെന്നുമൊക്കെയാണ് അദ്ദേഹത്തിനെതിരെ ഉയരുന്ന വിമര്‍ശനം.


ഈ രംഗത്തിലൂടെ ഹിന്ദിവിരുദ്ധ വികാരം പ്രചരിപ്പിക്കാനാണ് പ്രകാശ് രാജ് ശ്രമിക്കുന്നതെന്നാണ് മറ്റൊരു ആരോപണം. ഹിന്ദിയുള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കാത്തതിന്‍റെ പേരില്‍ ഒരു വ്യക്തിയോട് ഇത്തരമൊരു കാര്യം ചെയ്യാന്‍ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളാണ് അനുവദിക്കുന്നതെന്നും ചോദ്യമുയരുന്നു.


തമിഴ്, തെലുങ്ക് പതിപ്പുകളില്‍ മാത്രമാണ് ഹിന്ദിയില്‍ സംസാരിക്കുന്ന വ്യക്തിയെ തല്ലുകയും യഥാക്രമം തെലുങ്കിലും തമിഴിലും സംസാരിക്കാന്‍ പറയുകയും ചെയ്യുന്നത്. എന്നാല്‍ സിനിമയുടെ ഹിന്ദി ഡബ്ബില്‍ സത്യം പറയൂ എന്നാണ് ആവശ്യപ്പെടുന്നത്.

എന്നാല്‍, കഥാപാത്രത്തിന്‍റെ പേരില്‍ പ്രകാശ് രാജിനെ വിമര്‍ശിക്കേണ്ടതുണ്ടോ എന്നും ഹിന്ദിക്കെതിരെയല്ല ആ ഡയലോഗ്, മറിച്ച് ഹിന്ദി മനസ്സിലാവാത്ത ഓഫീസര്‍ തമിഴില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുന്നതാണെന്നും ചിലര്‍ പറയുന്നു.

സൂര്യയെ നായകനാക്കി ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം നവംബര്‍ രണ്ടിന് ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്. ഇരുള ഗോത്രവര്‍ഗക്കാര്‍ അനുഭവിച്ച പൊലീസ് അതിക്രമത്തെ കുറിച്ചുള്ള ചിത്രമാണ് ജയ് ഭീം. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് ചന്ദ്രുവിന്‍റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. പ്രകാശ് രാജിനൊപ്പം മലയാളത്തില്‍ നിന്ന് ലിജോമോള്‍ ജോസും താരനിരയിലുണ്ട്.

Similar Posts