Entertainment
കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്ന ചിത്രം പങ്കുവെച്ചതിന് പിന്നാലെ സൈബർ ആക്രമണം; മറുപടിയുമായി ചിൻമയി
Entertainment

കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്ന ചിത്രം പങ്കുവെച്ചതിന് പിന്നാലെ സൈബർ ആക്രമണം; മറുപടിയുമായി ചിൻമയി

Web Desk
|
20 Oct 2022 12:37 PM GMT

വാടക ഗർഭപാത്രത്തിലൂടെയാണ് ചിൻമയിക്ക് കുഞ്ഞുങ്ങളുണ്ടായതെന്ന് ആരോപണങ്ങള്‍ ഉണ്ടായിരുന്നു

അമ്മയായ വിവരം സാമൂഹ്യമാധ്യമങ്ങളിൽ പങ്ക് വച്ചതിനു പിന്നാലെ സൈബർ ആക്രമണത്തിന് ഇരയാവുകയായിരുന്നു ഗായിക ചിൻമയി. കഴിഞ്ഞ ദിവസമാണ് കുഞ്ഞുങ്ങളുടെ ചിത്രം പങ്ക് വച്ച് അമ്മയായ വിവരം ചിൻമയി പുറത്തുവിട്ടത്. വാടക ഗർഭപാത്രത്തിലൂടെയാണ് ചിൻമയിക്ക് കുഞ്ഞുങ്ങളുണ്ടായതെന്ന് ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നാൽ ഇതിനെ നിഷേധിച്ച് ഗായിക രംഗത്ത് എത്തിയിരുന്നു. ചിൻമയിക്ക് കുഞ്ഞുണ്ടായതിന് പിറകെ ചിൻമയി നേരത്തെ മീടു ആരോപണം ഉന്നയിച്ച വൈരമുത്തുവിനെ അഭിനന്ദിച്ച് ചിലർ രംഗത്ത് വന്നിരുന്നു. ഇവരുടെ മാനസിക നില തനിക്ക് മനസിലാകുന്നില്ലെന്നും ചിൻമയി പറഞ്ഞു.

"രണ്ടരവര്‍ഷം മുന്‍പ് ഗര്‍ഭം അലസിപ്പോയിരുന്നു. അതിന് ശേഷം എനിക്ക് മാനസിക വിഷമമുണ്ടായി. അതുകൊണ്ടാണ് ഞാന്‍ വീണ്ടും ഗര്‍ഭിണിയായപ്പോള്‍ ആരോടും പറയാതിരുന്നത്. ഞാനുമായി അടുപ്പമുള്ളവരോട് മാത്രമേ ഇക്കാര്യം പങ്കുവച്ചിട്ടുള്ളൂ. കുട്ടികള്‍ ഉണ്ടായപ്പോള്‍ കവിയ്ക്ക് അഭിനന്ദനം പറഞ്ഞ് ചിലര്‍ രംഗത്ത് വന്നു. അവരില്‍ പലരെയും ഞാന്‍ ബ്ലോക്ക് ചെയ്തു. എന്തുകൊണ്ടാണ് കുട്ടികള്‍ക്ക് കവിയുടെ നിറമില്ലാത്തത് എന്നൊക്കെ ചോദിച്ചു. നമ്മുടെ സമൂഹം ആണ്‍കുട്ടികളെ എങ്ങനെ വളര്‍ത്തുന്നത് എന്ന് മനസ്സിലാകുന്നില്ല. ഒരു സ്ത്രീ ലൈംഗിക ചൂഷണം നേരിട്ടുവെന്ന് തുറന്ന് പറയുമ്പോള്‍ അവള്‍ക്കൊപ്പം നില്‍ക്കുന്നതിന് പകരം കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. മീടൂ മൂവ്‌മെന്റിന്റെ ഭാഗമായി ഒരുപാട് സ്ത്രീകള്‍ രംഗത്ത് വന്നിട്ടുണ്ട്. തിഴ്‌നാട്ടില്‍ ഞാന്‍ മാത്രമല്ല ഒരുപാട് സ്ത്രീകള്‍ അതേ കവിയ്‌ക്കെതിരേ സംസാരിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാര്‍ അടക്കമുള്ള പ്രമുഖര്‍ കവിയ്ക്ക് പിന്തുണ നല്‍കുന്നതുകൊണ്ട് നീതി ലഭിക്കുമെന്ന് തോന്നുന്നില്ല. മുലയൂട്ടുന്നത് സ്വാഭാവികമാണെന്ന സന്ദേശം നല്‍കുന്നതിനാണ് മുലയൂട്ടുന്ന ചിത്രം പോസ്റ്റ് ചെയ്തത്. അത് ഒളിച്ചിരുന്നു ചെയ്യേണ്ട കാര്യമല്ല. ഞാന്‍ പ്രസവിച്ചെങ്കില്‍ മാത്രമേ എനിക്ക് കുട്ടികള്‍ക്ക് പാല്‍ കൊടുക്കാനാകൂ. വാടകഗര്‍ഭപാത്രത്തിലൂടെയല്ല കുഞ്ഞുങ്ങള്‍ ഉണ്ടായത്. സ്ത്രീകള്‍ക്ക് മര്യാദയും ബഹുമാനവും കൊടുക്കുന്ന സമൂഹമാണെന്ന് എപ്പോഴും പറയും. എന്നാല്‍ പ്രായോഗിക തലത്തില്‍ അത് സംഭവിക്കുന്നില്ല" എന്നും ചിൻമയി പറഞ്ഞു.

Similar Posts