വ്യാജ അക്കൗണ്ടിൽ നിന്ന് കമന്‍റ്; യുവനടൻ നസ്‍ലിനെതിരെ സൈബർ ആക്രമണം
|മീഡിയവൺ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച വാർത്താപോസ്റ്ററിന് താഴെയാണ് നസ്‍ലിന്‍റെ പേരിലുള്ള വ്യാജ ഫേസ്ബുക് പേജിൽ നിന്നും കമന്‍റ് വന്നിരിക്കുന്നത്.
ഫേസ്ബുക്കില്‍ മീഡിയവണ്‍ വാര്‍ത്തയുടെ താഴെ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തില്‍ കമന്‍റിട്ടെന്ന് ആരോപിച്ച് യുവനടന്‍ നസ്‍ലിന്‍ കെ ഗഫൂറിനെതിരെ വ്യാപക സൈബര്‍ ആക്രമണം. താരത്തിന്‍റെ പേരില്‍ സൃഷ്ടിക്കപ്പെട്ട വ്യാജ അക്കൌണ്ടില്‍ നിന്നാണ് കമന്‍റ് വന്നിരിക്കുന്നത്.
നരേന്ദ്രമോദിയുടെ ജന്മദിനമായിരുന്ന സെപ്റ്റംബർ 17 ന് മീഡിയവൺ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച വാർത്താപോസ്റ്ററിന് താഴെയാണ് നസ്‍ലിന്‍റെ പേരിലുള്ള വ്യാജ ഫേസ്ബുക് പേജിൽ നിന്നും കമന്‍റ് വരുന്നത്.
ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം രാജ്യത്ത് ചീറ്റപ്പുലികളെ എത്തിച്ച സംഭവത്തെക്കുറിച്ചായിരുന്നു വാർത്ത. ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് കുനോ ദേശീയ ഉദ്യാനത്തിൽ തുറന്ന് വിട്ടതും. ഇതുസംബന്ധിച്ച വാര്‍ത്തയുടെ പോസ്റ്റര്‍ മീഡിയവൺ ഫേസ്ബുക് പേജില്‍ പങ്കുവെച്ചതിന് പിന്നാലെ നസ്‍ലിന്‍ കെ. ഗഫൂര്‍ എന്ന ഫേസ്ബുക് പേജില്‍ നിന്ന് കമന്‍റ് വരികയായിരുന്നു.
"ഒരു ചീറ്റയെങ്കിലും പുറത്തേക്ക് ചാടിയാൽ ഈ രാജ്യം രക്ഷപ്പെടുമായിരുന്നു " എന്നായിരുന്നു നസ്‍ലിന്‍റെ പേരില്‍ വ്യാജമായി സൃഷ്ടിക്കപ്പെട്ട ഫേസ്ബുക് പേജില്‍ നിന്നുവന്ന കമന്‍റ്.
കമന്‍റ് ശ്രദ്ധയില്‍പ്പെട്ടതോടെ സംഘപരിവാര്‍ അനുകൂലികളും മറ്റും നസ്‍ലിനെതിരെ വ്യാപകമായ സൈബര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. 22,000ത്തില്‍പ്പരം ഫോളോവേഴ്സ് ഉള്ള പേജില്‍ നിന്നാണ് കമന്‍റ് വന്നിരിക്കുന്നത്.
എന്നാല്‍ നസ്‍ലിന്‍റെ പേരിലുള്ള പേജിന്‍റെ യു.ആര്‍.എല്‍ പരിശോധിക്കുമമ്പോള്‍ മനസിലാകുന്നത് വിനീത് നായര്‍ എന്നയാള്‍ ആണ് ആ പേജ് സൃഷ്ടിച്ചിരിക്കുന്നത് എന്നാണ്. https://www.facebook.com/vineeth.nair55 എന്നാണ് ഫേസ്ബുക് പേജിന്‍റെ യു.ആര്‍.എല്‍. അതിന്‍റെ പേജ് നെയിം പിന്നീട് നസ്‍ലിന്‍ കെ ഗഫൂര്‍ എന്ന പേരിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നും തന്‍റെ ശരിയായ ഫേസ്ബുക് പേജിനെക്കുറിച്ചും നസ്‍ലിന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ പേജില്‍ നിന്നാണ് കമന്‍റ് വന്നതെന്നും ആ പേജ് കൈകാര്യം ചെയ്യുന്നത് താനല്ലെന്നും നസ്‍ലിന്‍ വ്യക്തമാക്കി. ഒപ്പം യഥാര്‍ഥ ഫേസ്ബുക് പേജിന്‍റെ ലിങ്കും നസ്‍ലിന്‍ പങ്കുവെച്ചിട്ടുണ്ട്.
ലസിത പാലക്കലടക്കമുള്ള സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്ന് നസ്‍ലിന്‍റെ വ്യാജ പേജിലെ കമന്‍റിന് താഴെ വളരെ രൂക്ഷമായ ഭാഷയില്‍ സൈബര്‍ ആക്രമണം നടക്കുകയാണ്. അഞ്ഞൂറില്‍പ്പരം ആളുകളാണ് നസ്‍ലിന്‍റെ പേരില്‍ മീഡിയവണ്‍ വാര്‍ത്തക്ക് താഴെ വന്ന കമന്‍റില്‍ പ്രതികരണവുമായെത്തിയത്.
താരത്തിനെതിരെ സംഘടിതമായി സംഘപരിവര്‍ സൈബര്‍ സെല്‍ ആക്രമണം അഴിച്ചുവിടുകയാണ്. 'മുക്കം സ്വയം സേവകർ' എന്ന പേജ് 'സെലിബ്രിറ്റി ഭീകരന്‍' എന്നൊക്കെയാണ് താരത്തെ അധിക്ഷേപിച്ചിരിക്കുന്നത്.
തണ്ണീർ മത്തൻ ദിനങ്ങൾ, കേശു ഈ വീടിന്‍റെ നാഥൻ, ജോ ആൻഡ് ജോ തുടങ്ങിയ സിനിമകളിൽ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച താരമാണ് നസ്‍ലിന്‍.