'എന്നെ ബാധിക്കുന്ന കാര്യമല്ല'; മാര്‍ക്കോ വിവാദത്തില്‍ പ്രതികരിച്ച് ഡാബ്‌സി
|‘ചോദിച്ച പണം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നല്‍കുകയും ഞാന്‍ പ്ലേബാക്ക് പാടുകയും ചെയ്തു’
കോഴിക്കോട്: ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന മാര്‍ക്കോ എന്ന ചിത്രത്തിലെ ഗാനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് ഗായകൻ ഡാബ്‌സി. തന്റെ ഇൻസ്റ്റഗ്രാം ചാനലിലൂടെയായിരുന്നു പ്രതികരണം.
'മാര്‍ക്കോ എന്ന ചിത്രത്തെചൊല്ലി കുറച്ച് പ്രശ്‌നങ്ങള്‍ നടന്നുവരുന്നുണ്ട്. ചിത്രത്തില്‍ പാടാനായി ഞാൻ ചോദിച്ച പണം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എനിക്ക് നല്‍കുകയും ഞാന്‍ പ്ലേബാക്ക് പാടുകയും ചെയ്തു. അതിനുശേഷം ആ ഗാനം ഒഴിവാക്കുകയോ അല്ലെങ്കില്‍ വില്‍ക്കുകയോ ചെയ്യുന്നതില്‍ എനിക്ക് യാതൊരു കുഴപ്പവും ഇല്ല. കൂടാതെ അണിയറപ്രവര്‍ത്തകരോട് യാതൊരു വിരോധവും ഇല്ല.
പാട്ടിന്റെ കമ്പോസര്‍ ഞാന്‍ അല്ല. പാട്ടിന്റെ പോരായ്മകള്‍ പരിഹരിക്കുക എന്നുള്ളത് അതിന്റെ സംവിധായകന്റെ ഉത്തരവാധിത്വമാണ്. അതുകൊണ്ട് ഇത് എന്നെ ബാധിക്കുന്ന കാര്യമല്ല' എന്ന് ഡാബ്‌സി പറഞ്ഞു. പുതിയ പാട്ടുകളുമായി ഇനിയും മുന്നോട്ട് പോകുമെന്ന് പറഞ്ഞ ഡാബ്‌സി കൂടെ നിന്നവര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.
ഡാബ്‌സി പാടിയ ചിത്രത്തിലെ 'ബ്ലഡ്' എന്ന ഗാനത്തിന് നിരവധി നെഗറ്റീവ് കമന്റുകളാണ് നേരിടേണ്ടി വന്നത്. ഉടന്‍ തന്നെ കെജിഎഫ് ഫെയിം സന്തോഷ് വെങ്കി ആലപിച്ച ഗാനത്തിന്റെ മറ്റൊരു പതിപ്പ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി.
എന്നാൽ, ചുരുങ്ങിയ സമയത്തില്‍ ഡാബ്‌സി പാടിയ പാട്ട് കന്നഡ ഇന്‍ഡസ്ട്രിയിലെ സന്തോഷ് വെങ്കിയെക്കൊണ്ട് പാടിക്കാന്‍ സാധിക്കുമോ എന്നായിരുന്നു നെറ്റിസന്‍സിന്റെ ആശങ്ക. സംഭവം വലിയ രീതിയിലുള്ള വിവാദങ്ങളിലേക്കാണ് വഴിതെളിച്ചത്.
സന്തോഷ് വെങ്കിയുടെ പതിപ്പിനെ പ്രശംസിച്ച് ഒട്ടേറെ പേരാണ് സമൂഹമാധ്യമങ്ങളിൽ എത്തുന്നത്. ഡാബ്സിയുടെ വോക്കലിനേക്കാൾ ഗംഭീരമെന്നാണ് യൂട്യൂബ് കമൻ്റുകളിൽ ഭൂരിഭാഗവും. ശബ്ദം മാറിയപ്പോൾ ഗാനം അടിപൊളിയായെന്നും കമൻ്റുകളുണ്ട്. ഡാബ്സിക്ക് പിന്തുണയുമായും കമന്റുകളുണ്ട്.