വധഭീഷണികള്‍ ഒരുഭാഗത്ത്: ഷൂട്ടിങ് തിരക്കിലേക്ക് സൽമാൻ ഖാൻ
|ബാബ സിദ്ദീഖിയുടെ കൊലപാതകത്തിന് പിന്നാലെ സൽമാൻ ഖാന്റെ സുരക്ഷ സംബന്ധിച്ച വലിയ ആശങ്കകളാണ് ഉയർന്നിരുന്നത്
മുംബൈ: വധഭീഷണികള്‍ ഒരുഭാഗത്ത് നില്‍ക്കെ ഷൂട്ടിങ് തിരക്കിലേക്ക് സല്‍മാന്‍ ഖാന്‍. ചെറിയ ഇടവേളയ്ക്ക് ശേഷം 'സിക്കന്ദറിന്റെ' ഷൂട്ടിങ് പുനഃരാരംഭിച്ചു.
അടുത്ത സുഹൃത്തും മുന്‍ മന്ത്രിയുമായ ബാബ സിദ്ദീഖിയുടെ കൊലപാതകത്തിന് പിന്നാലെ സല്‍മാന്‍ ഖാന്റെ സുരക്ഷ സംബന്ധിച്ച വലിയ ആശങ്കകളാണ് ഉയര്‍ന്നിരുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ വസതിക്ക് സുരക്ഷ ശക്തമാക്കുകയും ചെയ്തു.
ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയി സംഘത്തില്‍നിന്ന് സല്‍മാന്‍ ഖാനും ഭീഷണി നേരിടുന്ന സാഹചര്യത്തിലായിരുന്നു ഇത്. അതിസുരക്ഷ നല്‍കുന്ന കാറടക്കം ഇറക്കി താരവും മുന്‍കരുതല്‍ എടുത്തിരുന്നു.
അതിനിടെ സൽമാൻ ഖാനെതിരെ ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് മറ്റൊരു സന്ദേശം എത്തി. മുംബൈ ട്രാഫിക്ക് പൊലീസിനാണ് സന്ദേശം ലഭിച്ചത്. തെറ്റുപറ്റിയെന്നും മാപ്പ് തരണമെന്നുമായിരുന്നു പുതിയ സന്ദേശം. ഭീഷണിപ്പെടുത്തിയുള്ള സന്ദേശം അബദ്ധമായിരുന്നുവെന്നും പുതിയ സന്ദേശത്തിലുണ്ട്.
വാട്സ്ആപ്പ് വഴിയാണ് സന്ദേശം വന്നത്. ഝാർഖണ്ഡാണ് സന്ദേശത്തിന്‍റെ ഉറവിടമെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അധോലോക കുറ്റവാളി ലോറൻസ് ബിഷ്‌ണോയി സംഘവുമായുള്ള ദീർഘകാല വൈരാഗ്യം പരിഹരിക്കാൻ നടൻ സൽമാൻ ഖാനോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് കൊണ്ടുള്ളതായിരുന്ന ആദ്യം വന്ന സന്ദേശം. സൽമാൻ പണം നൽകുന്നതിൽ പരാജയപ്പെട്ടാൽ അടുത്തിടെ വെടിയേറ്റ് മരിച്ച മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയുടേതിനേക്കാൾ മോശമായിരിക്കും നടന്റെ ഗതിയെന്നും ഭീഷണി സന്ദേശത്തിൽ പറഞ്ഞിരുന്നു.