ഓസ്കര്‍ വേദിയെ ഇളക്കിമറിച്ച് 'നാട്ടു നാട്ടു'; അവതാരകയായി ദീപിക പദുകോണ്‍
|നാട്ടു നാട്ടു ഗാനം ഓസ്കര്‍ വേദിയില്‍ തത്സമയം അവതരിപ്പിച്ചു
ലോസ് ആഞ്ചല്‍സ്: ഓസ്കര്‍ വേദിയെ ത്രസിപ്പിച്ച് നാട്ടു നാട്ടു ഗാനം അരങ്ങേറി. ദീപിക പദുകോണിന്‍റെ അവതരണത്തോടെയാണ് ഗാനം വേദിയില്‍ തത്സമയം അവതരിപ്പിച്ചത്. നാട്ടു നാട്ടു ഗായകരായ കാലഭൈരവയും രാഹുല്‍ സപ്ലിഗഞ്ചും ഓസ്കര്‍ വേദിയില്‍ ഗാനം ആലപിച്ചു.
പെർസിസ് ഖംബട്ടയ്ക്കും പ്രിയങ്ക ചോപ്രയ്ക്കും ശേഷം ഓസ്കർ സമ്മാനിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് ദീപിക. സംവിധായകൻ എസ്.എസ് രാജമൗലി, അഭിനേതാക്കളായ രാം ചരൺ, ജൂനിയർ എൻ.ടി.ആർ എന്നിവരുൾപ്പെടെ ആർആർആർ ടീം പങ്കെടുത്തു. 'നാട്ടുനാട്ടു' ഗാനം ഓസ്കറിൽ മുത്തമിടുമോ എന്ന ആകാംക്ഷയിലാണ് ഇന്ത്യൻ സിനിമാ ലോകം.
ലോസ് ആഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ ലോക സിനിമയുടെ പുത്തൻ കിരീടാവകാശികളെ പ്രഖ്യാപിക്കുകയാണ്. ഗിയെര്‍മോ ദെല്‍തോറോയുടെ പിനോക്കിയോ ആണ് മികച്ച ആനിമേഷന്‍ ചിത്രം. കി ഹൂയ് ക്വിവാന്‍ ആണ് മികച്ച സഹനടന്‍. എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം. ഇതേ സിനിമയിലെ അഭിനയത്തിന് ജാമി ലീ കേര്‍ട്ടിസ് മികച്ച സഹനടിക്കുള്ള പുരസ്കാരം സ്വന്തമാക്കി.
നവാല്‍നി ആണ് മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍. ഷോര്‍ട്ട് ഫിലിം വിഭാഗത്തിലെ പുരസ്കാരം ആന്‍ ഐറിഷ് ഗുഡ്ബൈയ്ക്കാണ്. ജെയിംസ് ഫ്രണ്ട് മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട് എന്ന സിനിമയിലെ ഛായാഗ്രഹണത്തിനാണ് പുരസ്കാരം. വസ്ത്രാലങ്കാരത്തിനുള്ള ഓസ്കര്‍ റൂത് കാര്‍ട്ടര്‍ (ബ്ലാക്ക് പാന്തര്‍) സ്വന്തമാക്കി.