ധനുഷും ഐശ്വര്യ രജനീകാന്തും വിവാഹമോചനത്തിന് അപേക്ഷ നല്കി
|2022 ജനുവരിയിലാണ് പരസ്പരം വേര്‍പിരിയുന്ന വിവരം ഇരുവരും ആരാധകരെ അറിയിച്ചത്
ചെന്നൈ: പ്രശസ്ത നടന് ധനുഷും സംവിധായികയും നടന് രജനീകാന്തിന്റെ മകളുമായ ഐശ്വര്യയും ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്കി. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം - സെക്ഷൻ 13 ബി പ്രകാരമാണ് ഹർജി സമർപ്പിച്ചതെന്ന് ദമ്പതികളോട് അടുത്ത വൃത്തങ്ങൾ ഇന്ത്യാ ടുഡേയോട് പറഞ്ഞു. നീണ്ട 18 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമാണ് ഇരുവരും വിവാഹമോചന ഹരജി ഫയല്‍ ചെയ്യുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്. 2022 ജനുവരിയിലാണ് പരസ്പരം വേര്‍പിരിയുന്ന വിവരം ഇരുവരും ആരാധകരെ അറിയിച്ചത്. 2004ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരാകുന്നത്. സഹോദരന് സെല്വരാഘവന് സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിന്റെ റിലീസിനിടെയാണ് ഐശ്വര്യയും ധനുഷും കണ്ടുമുട്ടുന്നത്. ഐശ്വര്യയുടെ ലാളിത്യമാണ് തന്നെ ആകര്‍ഷിച്ചതെന്ന് പിന്നീട് ധനുഷ് പറഞ്ഞിട്ടുണ്ട്. ആറു മാസത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹിതരാവുകയായിരുന്നു. തുടര്‍ന്ന് സിനിമാലോകത്ത് ഉയരങ്ങള്‍ കീഴടക്കുന്ന ധനുഷിനെയാണ് പ്രേക്ഷകര്‍ കണ്ടത്. പിന്നണി ഗായിക കൂടിയായ ഐശ്വര്യ ധനുഷും ശ്രുതി ഹാസനും അഭിനയിച്ച 3 എന്ന ചിത്രത്തിന്റെ സംവിധായിക കൂടിയാണ്.
വേര്‍പിരിയല്‍ പ്രഖ്യാപിച്ചതിനു ശേഷം സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ നിന്നും ഐശ്വര്യ ധനുഷിന്റെ പേര് വെട്ടിമാറ്റിയിരുന്നു. ഐശ്വര്യ ആര്.ധനുഷ് എന്നത് ട്വിറ്ററില്‍ @ash-rajinikanth എന്നും ഇന്‍സ്റ്റഗ്രാമില്‍ ഐശ്വര്യ രജനി എന്നുമാണ് മാറ്റിയത്. എന്നാല്‍ ഇതിനിടയില്‍ മക്കള്‍ക്കു വേണ്ടി പല വേദികളിലും ഐശ്വര്യയും ധനുഷും ഒരുമിച്ചെത്തിയിരുന്നു. ചെന്നൈയില്‍ ഇളയരാജയുടെ നേതൃത്വത്തില്‍ നടന്ന സംഗീതനിശ റോക്ക് വിത്ത് രാജയില്‍ പങ്കെടുക്കാന്‍ ധനുഷ് മക്കളായ യത്രക്കും ലിങ്കക്കും ഒപ്പമെത്തിയിരുന്നു. കൂടാതെ യത്രയെ സ്കൂളിലെ സ്പോര്‍ട്സ് ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്ത പരിപാടിക്കു വേണ്ടി ഐശ്വര്യയും ധനുഷും ഒരുമിച്ചെത്തിയിരുന്നു.