മഹേഷ് ഭട്ടിന്റെ യഥാര്‍ഥ പേര് 'അസ്ലം'; എന്തിനാണ് അതു മറച്ചുവയ്ക്കുന്നതെന്ന് കങ്കണ
|കങ്കണയുടെ ആദ്യ ബോളിവുഡ് ചിത്രമായ 2006ല്‍ പുറത്തിറങ്ങിയ ഗ്യാങ്സ്റ്ററിന്റെ തിരക്കഥാകൃത്താണ് മഹേഷ് ഭട്ട്
മുംബൈ : ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മഹേഷ് ഭട്ടിന്റെ യഥാര്‍ഥ പേര് 'അസ്ലം എന്നാണെന്നും എന്തിനാണ് അദ്ദേഹം അതു മറച്ചുവയ്ക്കുന്നതെന്നും നടി കങ്കണ റണൗട്ട്. ഭട്ടിന്റെ പഴയ ചില വീഡിയോകള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയായിരുന്ന കങ്കണയുടെ ചോദ്യം. കങ്കണയുടെ ആദ്യ ബോളിവുഡ് ചിത്രമായ 2006ല്‍ പുറത്തിറങ്ങിയ ഗ്യാങ്സ്റ്ററിന്റെ തിരക്കഥാകൃത്താണ് മഹേഷ് ഭട്ട്.
മഹേഷ് തന്റെ രണ്ടാം ഭാര്യയായ സോണി റസ്ദാനെ വിവാഹം കഴിക്കുന്നതിനായാണ് മതം മാറിയത്. 'അസ്ലം' എന്നത് മനോഹരമായ പേരല്ലേ, എന്തിനാണ് അത് മറച്ചുവയ്ക്കുന്നതെന്നും കങ്കണ ചോദിക്കുന്നു. ഇതാദ്യമായല്ല മഹേഷ് ഭട്ടിനെ കങ്കണ ലക്ഷ്യമിടുന്നത്. മഹേഷ് ഭട്ടിന്റെ മകൾ പൂജ ഭട്ട് സംവിധാനം ചെയ്ത സിനിമയിൽ നിന്ന് പിന്മാറിയതിന് ആദ്ദേഹം തന്നെ ആക്രമിക്കുന്ന സാഹചര്യം വരെ ഉണ്ടായെന്ന് 2020ൽ കങ്കണ ആരോപിച്ചിരുന്നു. ഈ വർഷമാദ്യം മഹേഷ് ഭട്ടിന്റെ മകൾ ആലിയ ഭട്ട് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'ഗംഗുഭായ് കത്തിയവാഡി' എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായും കങ്കണ പരോക്ഷമായി കുറ്റപ്പെടുത്തിയിരുന്നു.
സിനിമ തിയറ്ററിൽ പരാജയപ്പെടുമെന്നും കാസ്റ്റിംഗാണ് പോരായ്മയെന്നുമായിരുന്നു കങ്കണ പറഞ്ഞത്. ആലിയയെ 'ഡാഡിയുടെ മാലാഖ' എന്നും മഹേഷിനെ 'സിനിമ മാഫിയ' എന്നും കങ്കണ ആക്ഷേപിച്ചിരുന്നു. 'ഈ വെള്ളിയാഴ്ച 200 കോടിരൂപ ബോക്സ് ഓഫീസില്‍ ചാരമാകും. പപ്പയുടെ (മാഫിയ ഡാഡി) മാലാഖയ്ക്ക് (ഇപ്പോഴും ബ്രിട്ടീഷ് പാസ്പോര്‍ട്ട് കൈവശം വയ്ക്കാന്‍ ഇഷ്ടപ്പെടുന്ന) വേണ്ടി. കാരണം പപ്പയ്ക്ക് അയാളുടെ സുന്ദരിയും ബുദ്ധിയുമില്ലാത്ത മകള്‍ക്ക് അഭിനയിക്കാന്‍ അറിയുമെന്ന് തെളിയിക്കണം. ഈ സിനിമയുടെ ഏറ്റവും പോരായ്മ കാസ്റ്റിങ് ആണ്. തിയേറ്റര്‍ സ്ക്രീനുകള്‍ തെന്നിന്ത്യന്‍, ഹോളിവുഡ് ചിത്രങ്ങള്‍ക്ക് പിറകെ പോകുന്നതിനെ കുറ്റം പറയാനാകില്ല. മാഫിയ ഉള്ളകാലത്തോളം ബോളിവുഡിന് നാശത്തിലേക്ക് പോകാനാണ് വിധി. ഡാഡി പപ്പയുടെ ബോളിവുഡ് മാഫിയയാണ് സിനിമയെ നശിപ്പിച്ചത്. ഒരുപാട് വലിയ സംവിധായകരെ സ്വാധീനിച്ച് സിനിമാറ്റിക് ബ്രില്ല്യന്‍സ് ഇല്ലാത്ത മോശം സിനിമകള്‍ നിര്‍ബന്ധപൂര്‍വ്വം ഇയാള്‍ ചെയ്യിപ്പിച്ചു. ഇയാളെ പ്രോത്സാഹിപ്പിക്കുന്നത് പ്രേക്ഷകര്‍ നിര്‍ത്തണം'' എന്നായിരുന്നു കങ്കണ പറഞ്ഞത്.