സല്‍മാന്‍ ചിത്രത്തില്‍ വിദേശകാര്യ മന്ത്രിയാകാനുള്ള ക്ഷണം നിരസിച്ചു; കാരണം തുറന്നുപറഞ്ഞ് തരൂര്‍
|എങ്കിലും അഭിനയിക്കാനുള്ള ഓഫര്‍ ലഭിച്ചത് എന്നും മറക്കാനാകാത്തൊരു ഓര്‍മ്മയായി സൂക്ഷിക്കുമെന്നാണ് തരൂര്‍ പറയുന്നത്
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ നായകനായ ചിത്രത്തില്‍ വിദേശകാര്യ മന്ത്രിയാകാനുള്ള ക്ഷണം നിരസിച്ചതിന്‍റെ കാരണം തുറന്നു പറഞ്ഞ് ശശി തരൂര്‍ എം.പി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ ഈ സംഭവത്തെ കുറിച്ച് പറഞ്ഞത് എന്നാല്‍ സിനിമ ഏതാണെന്നോ സംവിധായകന്‍റെ പേരോ ശശി തരൂര്‍ വെളിപ്പെടുത്തിയിട്ടില്ല.
എങ്കിലും അഭിനയിക്കാനുള്ള ഓഫര്‍ ലഭിച്ചത് എന്നും മറക്കാനാകാത്തൊരു ഓര്‍മ്മയായി സൂക്ഷിക്കുമെന്നാണ് തരൂര്‍ പറയുന്നത്. സല്‍മാന്‍ ചിത്രത്തില്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയുടെ വേഷമാണ് തരൂരിന് വാഗ്ദാനം ചെയ്തത്. എന്നാല്‍ തന്‍റെ സുഹൃത്ത് നല്‍കിയ ഉപദേശം മാനിച്ച് അഭിനയിക്കുന്നതില്‍ നിന്നും പിന്മാറുകയായിരുന്നു എന്നാണ് തരൂര്‍ പറയുന്നത്. "നിനക്ക് വിദേശകാര്യ മന്ത്രിയാകണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ വിദേശകാര്യ മന്ത്രിയായി അഭിനയിക്കരുത് എന്നായിരുന്നു തന്‍റെ സുഹൃത്തിന്‍റെ ഉപദേശം. ഇതോടെ താന്‍ ഈ തീരുമാനത്തില്‍ നിന്നും പിന്മാറുകയായിരുന്നുവെന്ന് തരൂര്‍ പറയുന്നു. 2018ല്‍ നല്‍കിയ അഭിമുഖത്തിലാണ് തരൂരിന്‍റെ തുറന്നുപറച്ചില്‍.
സല്‍മാന്‍ ഖാനെ കണ്ടുമുട്ടിയപ്പോഴുള്ള ഒരു ചിത്രം നേരത്തെ ശശി തരൂര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അഹമ്മദാബാദിലേക്ക് പോകുന്നതിനിടെ ഫ്‌ളൈറ്റില്‍ വച്ചെടുത്ത ചിത്രമാണ് തരൂര്‍ പങ്കുവച്ചത്. അതേസമയം, സൂപ്പര്‍ ഹിറ്റ് ചിത്രം ടൈഗറിന്‍റെ മൂന്നാം ഭാഗത്തിന്‍റെ ഷൂട്ടിംഗ് തിരക്കിലാണ് സല്‍മാന്‍. സല്‍മാന്‍റെ മരുമകന്‍ നിര്‍വാണ്‍ ഖാനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഓസ്ട്രേലിയ, തുര്‍ക്കി തുടങ്ങി അഞ്ച് സ്ഥലങ്ങളിലായിട്ടാണ് ചിത്രത്തിന്‍റെ ഷൂട്ട് നടക്കുന്നത്.