'ആവറേജ് ലുക്കുള്ളവർ എന്തെങ്കിലും നേടിയാൽ അത് കുറുക്കുവഴി, ഒന്നിനും കൊള്ളില്ലെന്നാണ് പൊതുബോധം'; അറ്റ്‍ലി
|"കറുത്തിരിക്കുന്നു, പല്ല് പൊങ്ങിയിരിക്കുകയാണല്ലോ, ഇങ്ങനെയുള്ള ഒരുത്തന്‍ ഡാന്‍സ് കളിച്ചാല്‍ ആരെങ്കിലും നോക്കുമോ എന്ന് ആളുകള്‍ പറയും. അപ്പോള്‍ ഞാന്‍ കേറി ഡാന്‍സ് കളിക്കും"
സിനിമയിലെത്തും മുൻപ് സമൂഹത്തിൽ നിന്ന് നേരിട്ട പരിഹാസങ്ങളെയും വിമർശനങ്ങളെയും കുറിച്ച് മനസുതുറന്ന് സംവിധായകൻ അറ്റ്ലി. ആവറേജ് ലുക്കുള്ള ചെറുപ്പക്കാരെക്കൊണ്ട് ഒന്നിനും സാധിക്കില്ലെന്ന പൊതുബോധമുണ്ടെന്നും എന്തെങ്കിലും ചെയ്തു കാണിച്ചാൽ അതി കുറുക്കുവഴിയാണെന്നാണ് ചിന്തിക്കുകയെന്നും അറ്റ്ലി വെളിപ്പെടുത്തുന്നു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അറ്റ്ലി മനസുതുറന്നത്.
"ആവറേജ് ലുക്കുള്ള ഒരു ചെറുപ്പക്കാരനെക്കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന ഒരു പൊതുബോധം ഉണ്ട്. ചെറുപ്പം മുതല്‍ തന്നെ ഞാനത് ശ്രദ്ധിച്ചിട്ടുണ്ട്. കണ്ണട വെച്ച കുട്ടികള്‍ നന്നായി പഠിക്കും എന്ന് പറയുന്നത് പോലെയൊരു വിഡ്ഢിത്തമാണ് അത്"- അറ്റ്ലി പറയുന്നു. ഏതെങ്കിലും ഘട്ടത്തിൽ ഈ പൊതുബോധത്തെ മറികടന്നാലെ എനിക്കെന്താണ് വേണ്ടത് എന്ന് മനസിലാവുകയുള്ളൂ. കറുത്തിരിക്കുന്നു, പല്ല് പൊങ്ങിയിരിക്കുകയാണല്ലോ, ഇങ്ങനെയുള്ള ഒരുത്തന്‍ ഡാന്‍സ് കളിച്ചാല്‍ ആരെങ്കിലും നോക്കുമോ എന്ന് ആളുകള്‍ പറയും. അപ്പോള്‍ ഞാന്‍ കേറി ഡാന്‍സ് കളിക്കും. ഡാന്‍സ് കളിക്കുമ്പോള്‍ ഇതൊന്നും ആരും നോക്കില്ല, സ്‌റ്റെപ്പ് മാത്രമേ നോക്കുകയുള്ളൂവെന്നും അറ്റ്ലി വ്യക്തമാക്കി.
"എന്റെ അമ്മ മാത്രമാണ് എന്നെ സൂപ്പര്‍ സ്റ്റാറായി കണ്ടത്. നീ ചെയ്യെടാ, നമുക്ക് നോക്കാമെന്നാണ് എപ്പോഴും അമ്മ എന്നോട് പറയുക. പുതിയത് എന്തെങ്കിലും ചെയ്യണം എന്ന രീതിയിലുള്ള വിമര്‍ശനം ഞാന്‍ പരിഗണിക്കാറുണ്ട്. അതിനനുസരിച്ച് ഞാനും ഇമ്പ്രൂവാകാന്‍ ശ്രമിക്കും. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ അസിസ്റ്റന്റ് ഡയറക്ടറായി ഇരിക്കുന്ന സമയം വരെ എന്നെക്കൊണ്ട് എന്തെങ്കിലും പറ്റുമോ എന്ന സംശയം ചുറ്റുമുണ്ടായിരുന്നു. ഇന്ന് ആളുകളുടെ കമന്റൊക്കെ ഒന്നുമല്ല. അതിലും വലുത് എനിക്ക് നേരിട്ട് സംഭവിച്ചിട്ടുണ്ട്" അറ്റ്ലി കൂട്ടിച്ചേർത്തു.
വിജയ്‍യും ഷാരൂഖ് ഖാനും ഒന്നിക്കുന്ന സിനിമയാകും താൻ അടുത്തതായി ചെയ്യുകയെന്ന സൂചനയും അറ്റ്ലി നൽകുന്നുണ്ട്. "വിജയ് അണ്ണനെയും ഷാരൂഖ് സാറിനെയും ഒരുമിച്ച് ഒരു സിനിമയിൽ കൊണ്ടുവരാൻ പ്ലാൻ ഉണ്ട്. നല്ലൊരു സബ്ജക്ടിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാൻ. മിക്കവാറും അതായിരിക്കും എന്റെ അടുത്ത സിനിമ" എന്നാണ് അറ്റ്ലിയുടെ വാക്കുകൾ.