Entertainment
കമ്മീഷണറും ഏകലവ്യനും കണ്ട് കയ്യടിച്ചവര്‍ ചാണകസംഘി എന്ന് വിളിച്ച് സുരേഷ് ഗോപിയെ അധിക്ഷേപിച്ചു
Entertainment

'കമ്മീഷണറും ഏകലവ്യനും കണ്ട് കയ്യടിച്ചവര്‍ ചാണകസംഘി എന്ന് വിളിച്ച് സുരേഷ് ഗോപിയെ അധിക്ഷേപിച്ചു'

Web Desk
|
1 July 2021 7:46 AM GMT

അടുത്തകാലത്ത് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട്. എന്‍റെ എംപി ഫണ്ടെല്ലാം തീര്‍ന്നു. ഇനി വരുന്ന സിനിമകളില്‍ നിന്ന് അഞ്ച് കോടി രൂപ ചാരിറ്റിക്കായി മാറ്റിവയ്ക്കണം

നടന്‍ സുരേഷ് ഗോപിയെ സംഘിയെന്ന് വിളിച്ച് അധിക്ഷേപിക്കുന്നതിനെതിരെ സംവിധായകന്‍ ജോസ് തോമസ്. തനിക്ക് അദ്ദേഹവുമായി മുപ്പത് വര്‍ഷത്തോളം സൗഹൃദമുണ്ടെന്നും അങ്ങനെയുള്ള ഒരാളെക്കുറിച്ച് മോശം പറയുന്നത് സഹിക്കാന്‍ കഴിയില്ലെന്നും പറയില്ലെന്നും ജോസ് തോമസ് പറഞ്ഞു. സുരേഷ് ഗോപിയെ നായകനാക്കി സാദരം, സുന്ദര പുരുഷന്‍ എന്നീ ചിത്രങ്ങള്‍ ജോസ് തോമസ് സംവിധാനം ചെയ്തിട്ടുണ്ട്.

ജോസ് തോമസിന്‍റെ വാക്കുകള്‍

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ന്യൂസ് സിനിമയുടെ സെറ്റില്‍ വച്ചാണ് സുരേഷ് ഗോപിയെ ആദ്യമായി പരിചയപ്പെടുന്നത്. അന്ന് സുരേഷ് ഗോപിയെ അറിയില്ല. എന്നാല്‍ ആ സെറ്റില്‍ അദ്ദേഹം കടന്നുവരുന്നത്, എന്നെ ജോസപ്പാ എന്നു വിളിച്ചുകൊണ്ടാണ്. ആ സിനിമയോടെ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി മാറി.'-ജോസ് തോമസ് പറയുന്നു.

ഞാന്‍ ചെയ്ത സുന്ദര പുരുഷനില്‍ അദ്ദേഹം മുഴുനീള കോമഡി വേഷമാണ് ചെയ്തത്. എന്ന് എല്ലാവര്‍ക്കും ഇക്കാര്യത്തില്‍ സംശയമുണ്ടായിരുന്നു. അദ്ദേഹത്തിന് കോമഡി വഴങ്ങുമോ എന്ന് പലരും ചോദിച്ചു. ഞാനും അതൊരു ചാലഞ്ച് ആയി എടുത്തു. പക്ഷേ ആ ചിത്രം ഭംഗിയായി മുന്നോട്ടുപോയി, വിജയിക്കുകയും ചെയ്തു. ഇടക്കാലത്ത് സുരേഷിന് സിനിമകള്‍ കുറഞ്ഞുവന്നു. അദ്ദേഹം നിര്‍മ്മാതാക്കളില്‍ നിന്ന് കണിശമായി പണം വാങ്ങുന്നയാളാണ് എന്ന രീതിയില്‍ പ്രചരണങ്ങളുണ്ടായി. എന്നിട്ടും നിരവധിപേര്‍ പണം കൊടുക്കാനുണ്ടായിരുന്നു. കരഞ്ഞു പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ മനസലിഞ്ഞുപോകും.

കര്‍ശനമായി പണം വാങ്ങി പോയിട്ടുണ്ടെങ്കിലും എത്രയോ നന്മ നിറഞ്ഞ ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് സുരേഷ് ചെയ്യുന്നത്. എത്രയോ കുടുംബങ്ങളെ സാമ്പത്തികമായി സഹായിച്ചു. ഇതൊരു പുകഴ്ത്തലല്ല. ഒരുപാട് പേര്‍ എന്നോടിക്കാര്യം പറഞ്ഞിട്ടുണ്ട്. സിനിമയിലും രാഷ്ട്രീയത്തിലും സുരേഷ് ഇനിയും ഒരുപാട് ഉയരത്തിലെത്താന്‍ അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ്. ഇതൊന്നും എവിടെയും കൊട്ടിപ്പാടി നടന്നിട്ടില്ല. അതാണ് വ്യക്തിത്വം.

അദ്ദേഹം ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ എന്തുമാത്രം അധിക്ഷേപങ്ങളാണ് കേള്‍ക്കേണ്ടിവന്നത്. കമ്മീഷണറും ഏകലവ്യനും കണ്ട് കയ്യടിച്ചവര്‍ ചാണകസംഘി എന്നൊക്കെയുള്ള വാക്കുകളില്‍ സുരേഷിനെ അധിക്ഷേപിച്ചു. ഞാന്‍ വിശ്വസിക്കുന്ന രാഷ്ട്രീയത്തിലോ, മതത്തിലോ വിശ്വസിക്കാത്തവര്‍ ശുദ്ധ തെമ്മാടികളാണെന്നാണ് ഇത്തരക്കാരുടെ വാദം. ഇതിലൊന്നും സുരേഷിന് ഒരു വേദനയുമില്ല. അദ്ദേഹം തന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.

അടുത്തകാലത്ത് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട്. എന്‍റെ എംപി ഫണ്ടെല്ലാം തീര്‍ന്നു. ഇനി വരുന്ന സിനിമകളില്‍ നിന്ന് അഞ്ച് കോടി രൂപ ചാരിറ്റിക്കായി മാറ്റിവയ്ക്കണം.' നമ്മള്‍ ഇഷ്ടപ്പെടുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരെ മനുഷ്യരായി കാണുക. അവര്‍ ഏത് മതത്തിലോ പാര്‍ട്ടിയിലോ വിശ്വസിക്കട്ടെ. അതിന് അവരെ മോശക്കാരായി കാണരുതെന്നും ജോസ് തോമസ് പറയുന്നു.



Similar Posts