ദിലീപ് തെറ്റു ചെയ്തിട്ടില്ലെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്, കാരണം അയാളൊരു മണ്ടനല്ല; നടന്‍ മഹേഷ്
|അയാള്‍ നല്ല ബുദ്ധിയുളള, കൂര്‍മ ബുദ്ധിയുളള, വളരെ കഴിവുളള ഒരു ബിസിനസ്മാനാണ്
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണച്ച് മുന്‍പും സംസാരിച്ചിട്ടുള്ള ആളാണ് നടനും സംവിധായകനുമായ മഹേഷ്. ഇപ്പോള്‍ വീണ്ടും ദിലീപിനെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മഹേഷ്. ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്ന് തന്നെയാണ് താന്‍ ഇപ്പോഴും വിശ്വസിക്കുന്നതെന്നാണ് മഹേഷ് പറയുന്നത്. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മഹേഷ് മനസുതുറന്നത്. ദിലീപിനെ പിന്തുണച്ച് നൂറിലേറെ മണിക്കൂറുകള്‍ പല ചാനലുകളിലും പോയി സംസാരിച്ചിട്ടുണ്ട് എന്ന് മഹേഷ് പറയുന്നു.
അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് എന്‍റെ അനുഭവം കൊണ്ട് പറഞ്ഞതാണ്. അത് ചിലപ്പോള്‍ തെറ്റായിരിക്കാം. ഇനി കോടതി വിധി വരുമ്പോള്‍ എല്ലാം തെളിയിക്കപ്പെടുമല്ലോ. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണ്. ദിലീപ് ഇന്നസെന്‍റാണ്. അതില്‍ യാതൊരു സംശയവുമില്ല. അയാളുടെ തലയില്‍ അടിച്ചേല്‍പ്പിച്ചതാണ്. അതിന് പിന്നിലാരാണ് പ്രവര്‍ത്തിച്ചത് എന്ന് എല്ലാവര്‍ക്കും അറിയാം. പ്രത്യേകിച്ച് ഇദ്ദേഹത്തിനും അറിയാം. പക്ഷേ അതൊന്നും പുറത്തുപറയാനോ പ്രത്യേകിച്ച് ആരെയും ഹേര്‍ട്ട് ചെയ്യേണ്ട കാര്യവുമില്ല, മഹേഷ് പറഞ്ഞു.
അത് എന്‍റെ മനസില്‍ തോന്നിയ ഒരു തോന്നലുകൊണ്ട് പെട്ടെന്ന് സംസാരിച്ച് തുടങ്ങിയതല്ല. ഈ പ്രശ്നമൊക്കെ ഉണ്ടായി, ഒരു മാസത്തിലേറെ സമയം എടുത്ത ശേഷം എന്താണ് യഥാര്‍ത്ഥത്തില്‍ എന്ന് ഞാന്‍ ഒന്ന് വിശകലനം ചെയ്തു. അങ്ങനെ എന്റെ മനസില്‍ തോന്നിയ സത്യം, അത് വെച്ചിട്ടാണ് സംസാരിച്ചത്. നീതിയാണ് മറ്റേത് നീതിക്കേടാണ് നടക്കുന്നത് എന്നൊക്കെ മനസിലാക്കികൊണ്ടാണ് ഞാന്‍ സംസാരിച്ചുതുടങ്ങിയത്. ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത് ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്ന് തന്നെയാണ്.
അയാള്‍ ഒരിക്കലും ആ തെറ്റ് ചെയ്യില്ല. അയാള്‍ ഒരു മണ്ടനല്ല. അയാള്‍ നല്ല ബുദ്ധിയുളള, കൂര്‍മ ബുദ്ധിയുളള, വളരെ കഴിവുളള ഒരു ബിസിനസ്മാനാണ്. അദ്ദേഹം നല്ല ആക്ടറാണ്. എന്നാല്‍ ആക്ടറേക്കാളും മുകളില്‍ നില്‍ക്കുന്ന മനുഷ്യന്‍. അയാള്‍ ഇങ്ങനെയൊരു വിഡ്ഢിത്തരം കാണിക്കില്ല. കഠിനാധ്വാനം കൊണ്ടാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ഒക്കെ ലെവലില്‍ ദിലീപ് ഉയര്‍ന്നുവന്നത്. ഒരുപാട് കഠിനാധ്വാനം ചെയ്താണ് ദിലീപ് ഇന്ന് കാണുന്ന നിലയില്‍ എത്തിയത്...മഹേഷ് പറയുന്നു.
കോടതി വിധി വരട്ടെ. കേസിനെ കുറിച്ച് കൂടുതലൊന്നും പറയാതിരിക്കുന്നതാണ് നല്ലത്. ദിലീപിന്‍റെ പതനം ആഗ്രഹിച്ചത് മെയിന്‍ താരങ്ങളാണോ എന്നൊന്നും പറഞ്ഞ് ഞാന്‍ ആരെയും കോര്‍ണര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും മഹേഷ് പറഞ്ഞു.