Entertainment
Director Rajasenan Kerala BJP  ഡയറക്ടർ രാജസേനൻ കേരള ബി.ജെ.പി സംവിധായകന്‍ രാജസേനന്‍
Entertainment

കേരളത്തിലെ ബി.ജെ.പിയുടെ നേതൃസ്ഥാനത്ത് പാളിച്ചയുണ്ട്: സംവിധായകന്‍ രാജസേനന്‍

Web Desk
|
28 Jun 2023 3:43 PM GMT

ഭീമന്‍ രഘുവും രാമസിംഹനും ബി.ജെ.പി വിട്ടുപോയ കാരണം തനിക്കറിയില്ലെന്നും രാജസേനന്‍ പറഞ്ഞു.

കൊച്ചി: കേരളത്തിലെ ബി.ജെപിയുടെ പ്രവര്‍ത്തനം കേന്ദ്രത്തിലേത് പോലെ അല്ലെന്നും നേതൃസ്ഥാനത്ത് കലാകാരന്‍മാരോട് സ്‌നേഹമില്ലെന്നും പ്രവര്‍ത്തന ശൈലിയില്‍ പാളിച്ചയുണ്ടെന്നും സംവിധായകന്‍ രാജസേനന്‍.

കേന്ദ്രത്തിലെ ബി.ജെ.പിയുടെ പ്രവര്‍ത്തനത്തില്‍ താന്‍ സംതൃപ്തനായിരുന്നുവെന്നും, എന്നാലിപ്പോള്‍ മറ്റൊരു പ്രസ്ഥാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ ആണെന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ടെന്നും രാജസേനന്‍ മീഡിയവണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കേരളത്തിലെ ബി.ജെ.പി എന്ന് പറയുന്നത് മറ്റെന്തൊക്കെയോ ആണ്. ഏഴ് വര്‍ഷം ബി.ജെ.പിയുടെ ഭാഗമായി നിന്നതാണ്. സാധാരണക്കാരന്‍ നില്‍ക്കുന്നതി പോലെയല്ല കലാകാരന്‍ ഒരു പ്രസ്ഥാനത്തില്‍ നില്‍ക്കുന്നത്. അവന്‍ അവിടെ ഓരോ വ്യക്തികളേയും പഠിക്കും- രാജസേനന്‍ പറഞ്ഞു. ഭീമന്‍ രഘുവും രാമസിംഹനും ബി.ജെ.പി വിട്ടുപോയ കാരണം തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ ഏഴ് വര്‍ഷം ബി.ജെ.പിയില്‍ നിന്നു. അതില്‍ ആറ് വര്‍ഷം സജീവമായി നിന്നു, ഒരു വര്‍ഷം സൈലന്റായി. നേതൃസ്ഥാനത്ത് നിന്ന് എന്റെ പ്രശ്‌നങ്ങളെന്താണെന്ന് അന്വേഷിക്കാന്‍ ആരെങ്കിലും വിളിക്കുമോ എന്നറിയാന്‍ മാറിനിന്നതാണ് ഒരു വര്‍ഷം. പക്ഷേ ആരും വിളിച്ചിട്ടില്ല- രാജസേനന്‍ വിമര്‍ശിച്ചു.

''ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ നിന്ന് വന്നയാള്‍ കൂടിയാണ് ഞാന്‍. എനിക്ക് കണ്ണൂരില്‍ ചില കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കളുണ്ട്. അവരെ വിളിച്ച് സംസാരിച്ചപ്പോള്‍ തിരുവനന്തപുരത്ത് പാര്‍ട്ടി സെക്രട്ടറിയുമായി ഒരു മീറ്റിങ് വെച്ചു. പാര്‍ട്ടി ടിക്കറ്റ്, മെമ്പര്‍ഷിപ്പ് തുടങ്ങിയ മറ്റ് കാര്യങ്ങളെല്ലാം പിന്നെ ചര്‍ച്ച ചെയ്യാം, ഇപ്പോള്‍ ഞങ്ങളുടെ കലാ-സാംസ്‌കാരിക രംഗത്ത് നിറഞ്ഞ് നില്‍ക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു സി.പി.എം അുഭാവിയായി അറിയപ്പെടാന്‍ താല്‍പര്യമുണ്ടെന്ന് ഞാനും പറഞ്ഞു. താഴേക്ക് ചെല്ലുമ്പോള്‍ മാധ്യമങ്ങളുണ്ടാകും, അവരുമായി സംസാരിക്കണമെന്നും പറഞ്ഞാണ് എന്നെ വിട്ടത്.'' രാജസേനന്‍ കൂട്ടിച്ചേര്‍ത്തു.

Similar Posts