വൗ മൈൻഡ് ബ്ലോയിങ്.. !; തമിഴിലും ചർച്ചയായി ഭ്രമയുഗം, മമ്മൂട്ടിയുടെ കടുത്ത ആരാധകനെന്ന് സെൽവരാഘവൻ
|കൊടുംകാട്ടില്‍ ഒരു മദയാന അലയുംപോലുള്ള പ്രകടനമെന്നാണ് ചിത്രം കണ്ടതിന് ശേഷം തമിഴ് സംവിധായകൻ വസന്തബാലൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന് തമിഴ്നാട്ടിലും വൻ സ്വീകരണം. ചിത്രം തിയേറ്ററുകളിലെത്തിയതിന് പിന്നാലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് പ്രമുഖരടക്കം നിരവധിപേരാണ് രംഗത്തുവരുന്നത്. അതിലൊരാളാണ് നടൻ ധനുഷിന്റെ സഹോദരനും സംവിധായകനുമായ സെൽവരാഘവൻ. 'ഞാൻ സാറിന്റെ ഡൈ ഹാർട്ട് ഫാനാണ്... വൗ മൈൻഡ് ബ്ലോയിങ്' എന്നാണ് സെൽവരാഘവൻ കുറിച്ചത്. മമ്മൂട്ടി പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിന് ചുവടെയായിരുന്നു പ്രതികരണം.
കൊടുംകാട്ടില്‍ ഒരു മദയാന അലയുംപോലുള്ള പ്രകടനമെന്നാണ് ചിത്രം കണ്ടതിന് ശേഷം തമിഴ് സംവിധായകൻ വസന്തബാലൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. "ബിഗ് സ്ക്രീനിലെ മമ്മൂട്ടിയുടെ ശരീരഭാഷയും ശബ്ദവും.. അപ്പാ. കൊടുംകാട്ടില്‍ ഒരു മദയാന അലയുംപോലെ. ഒരു വീട്, മൂന്ന് കഥാപാത്രങ്ങള്‍, ആ സംഗീതം. രണ്ട് മണിക്കൂറിലധികം തിയേറ്ററില്‍ ആഴങ്ങളിലേക്ക് നമ്മള്‍ പോകുന്നു" വസന്ത ബാലൻ കുറിച്ചു. വെയില്‍, അങ്ങാടി തെരു, കാവ്യ തലൈവന്‍, അനീതി തുടങ്ങി പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളുടെ സംവിധായകനാണ് വസന്തബാലൻ.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എല്‍.എല്‍.പിയുടെ ബാനറില്‍ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ സിദ്ധാർഥ് ഭരതൻ, അർജുൻ അശോകൻ എന്നിവരും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എത്തിയ ചിത്രത്തിന്റെ പശ്ചാത്തലം പതിനേഴാം നൂറ്റാണ്ടില്‍ മലബാറില്‍ നടക്കുന്ന കഥയാണ്. ടി.ഡി. രാമകൃഷ്ണനാണ് ചിത്രത്തിന്റെ ഡയലോഗുകള്‍ ഒരുക്കിയിരിക്കുന്നത്. അമാൽഡ ലിസ്, മണികണ്ഠൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.