Entertainment
വിവാദം വേണ്ട, നാദിർഷാ ഈശോ എന്ന പേരു മാറ്റാൻ തയ്യാറാണ്: വിനയന്‍
Entertainment

വിവാദം വേണ്ട, നാദിർഷാ 'ഈശോ' എന്ന പേരു മാറ്റാൻ തയ്യാറാണ്: വിനയന്‍

Web Desk
|
5 Aug 2021 11:00 AM GMT

സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം അഭയമായി കാണുന്ന വിശ്വാസങ്ങളെ മുറിവേൽപ്പിച്ച് കയ്യടി നേടേണ്ട കാര്യം സിനിമക്കാർക്കുണ്ടെന്നു കരുതുന്നില്ലെന്ന് വിനയന്‍

നാദിര്‍ഷായുടെ പുതിയ സിനിമയുടെ പേരിനെ ചൊല്ലിയുള്ള വിവാദത്തിനിടെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍. താന്‍ നാദിര്‍ഷായോട് സംസാരിച്ചു, ഈശോ എന്ന പേര് മാറ്റാന്‍ തയ്യാറാണെന്ന് നാദിര്‍ഷാ പറഞ്ഞെന്ന് വിനയന്‍ ഫേസ് ബുക്ക് കുറിപ്പില്‍ വിശദീകരിച്ചു.

തന്‍റെ ഒരു സിനിമയുടെ പേര് വിശ്വാസികളുടെ വികാരം മാനിച്ച് മാറ്റിയ കാര്യവും വിനയന്‍ കുറിപ്പില്‍ പങ്കുവെച്ചു. മമ്മൂട്ടി നായകനായ രാക്ഷസരാജാവ് എന്ന ചിത്രത്തിൻെറ പേര് രാക്ഷസരാമൻ എന്നാണ് ആദ്യം ഇട്ടത്. പുറമേ രാക്ഷസനെ പോലെ തോന്നുമെങ്കിലും അടുത്തറിയുമ്പോൾ ശ്രീരാമനെപ്പോലെ നൻമയുള്ള രാമനാഥന്‍റെ കഥയായതു കൊണ്ടാണ് രാക്ഷസരാമൻ എന്ന പേരിട്ടത്. എന്നാല്‍ രാക്ഷസരാമൻ എന്നു കേൾക്കുമ്പോൾ ശ്രീരാമ ഭക്തർക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചാണ് അന്ന് പേരു മാറ്റിയതെന്ന് വിനയന്‍ വ്യക്തമാക്കി. സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം അഭയമായി കാണുന്ന വിശ്വാസങ്ങളെ മുറിവേൽപ്പിച്ച് കയ്യടി നേടേണ്ട കാര്യം സിനിമക്കാർക്കുണ്ടെന്നു കരുതുന്നില്ലെന്നും വിനയന്‍ പറഞ്ഞു.

വിനയന്‍റെ കുറിപ്പ്

വിവാദങ്ങൾ ഒഴിവാക്കുക.. നാദിർഷാ "ഈശോ" എന്ന പേരു മാറ്റാൻ തയ്യാറാണ്..

"ഈശോ" എന്ന പേര് പുതിയ സിനിമയ്ക്ക് ഇട്ടപ്പോൾ അത് ആരെ എങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നാദിർഷയ്ക്ക് ആ പേര് മാറ്റാൻ കഴിയില്ലേ?ഇന്നു രാവിലെ ശ്രീ നാദിർഷയോട് ഫോൺ ചെയ്ത് ഞാനിങ്ങനെ ചോദിച്ചിരുന്നു. ആ ചിത്രത്തിന്‍റെ പോസ്റ്റർ ഇന്നലെ ഷെയർ ചെയ്തതിനു ശേഷം എനിക്കു വന്ന മെസ്സേജുകളുടെയും ഫോൺ കോളുകളുടെയും ഉള്ളടക്കം നാദിർഷയുമായി ഞാൻ പങ്കുവച്ചു. 2001ൽ ഇതുപോലെ എനിക്കുണ്ടായ ഒരനുഭവം ഞാൻ പറയുകയുണ്ടായി. അന്ന് ശ്രീ മമ്മൂട്ടി നായകനായി അഭിനയിച്ച "രാക്ഷസരാജാവ്" എന്ന ചിത്രത്തിൻെറ പേര് "രാക്ഷസരാമൻ" എന്നാണ് ആദ്യം ഇട്ടിരുന്നത്. പുറമേ രാക്ഷസനെ പോലെ തോന്നുമെങ്കിലും അടുത്തറിയുമ്പോൾ ശ്രീരാമനെപ്പോലെ നൻമയുള്ളവനായ രാമനാഥൻ എന്നു പേരുള്ള ഒരു നായകൻെറ കഥയായതു കൊണ്ടാണ് രാക്ഷസരാമൻ എന്ന പേരു ഞാൻ ഇട്ടത്. പക്ഷേ പ്രത്യക്ഷത്തിൽ രാക്ഷസരാമൻ എന്നു കേൾക്കുമ്പോൾ ശ്രീരാമ ഭക്തർക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് അന്നാ പേരു മാറ്റാൻ ഞങ്ങൾ തയ്യാറായത്.

സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം അവന്‍റെ അഭയമായി കാണുന്ന വിശ്വാസങ്ങളെ മുറിവേൽപ്പിച്ച് കയ്യടി നേടേണ്ട കാര്യം സിനിമക്കാർക്കുണ്ടന്നു ഞാൻ കരുതുന്നില്ല. അല്ലാതെ തന്നെ ധാരാളം വിഷയങ്ങൾ അധസ്ഥിതൻെറയും പാർശ്വവൽക്കരിക്കപ്പെട്ടവൻേറതുമായി വേണമെങ്കിൽ പറയാൻ ഉണ്ടല്ലോ? ഇതിലൊന്നും സ്പർശിക്കാതെ തന്നെയും സിനിമാക്കഥകൾ ഇൻറർസ്റ്റിംഗ് ആക്കാം.

ആരെയെങ്കിലും ഈശോ എന്ന പേരു വേദനിപ്പിക്കുന്നെങ്കിൽ അതു മാറ്റിക്കുടേ നാദിർഷാ എന്ന എൻെറ ചോദ്യത്തിന് സാറിൻെറ ഈ വാക്കുകൾ ഉൾക്കൊണ്ടുകൊണ്ട് ഞാനാ ഉറപ്പു തരുന്നു... പേരു മാറ്റാം.. എന്നു പറഞ്ഞ പ്രിയ സഹോദരൻ നാദിർഷായോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല...

പുതിയ പേരിനായി നമുക്കു കാത്തിരിക്കാം.. പ്രശ്നങ്ങൾ എല്ലാം ഇവിടെ തീരട്ടെ...

വിവാദങ്ങൾ ഒഴിവാക്കുക............................... നാദിർഷാ "ഇശോ" എന്ന പേരു മാറ്റാൻ...

Posted by Vinayan Tg on Thursday, August 5, 2021

Similar Posts